കൊച്ചി: കേരള കാർട്ടൂൺ അക്കാദമിയിലെ ഉൾപ്പോരിന് പുതിയ മാനം നൽകി കൊണ്ട് സെക്രട്ടറിയെ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.പുതിയ കമ്മറ്റി നിലവിൽ വന്നശേഷം സെക്രട്ടറി സുധീർനാഥ് നടത്തിയ സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ സർവ്വസീമകളും ലംഘിച്ചുവെന്ന് ആരോപിച്ചാണ് ചെയർമാൻ സുകുമാറിന്റെ നടപടി. എക്‌സികൂട്ടീവ് കമ്മിറ്റി വിളിച്ചാണ് സുധീർനാഥിനെ പുറത്താക്കിയത്.

അക്കാദമിക്കെതിരെ കേസ്സു കൊടുക്കുന്ന സ്ഥിതിയുണ്ടാക്കി, അക്കാദമിയെ പൊതുജനമധ്യത്തിൽ കരിവാരിത്തേച്ചു, അപമാനിച്ചു തുടങ്ങിയ കുറ്റങ്ങൾക്കാണ് സുധീർനാഥിനെ അക്കാദമിയിൽ നിന്നും 6 മാസത്തേക്ക് സസ്പെന്റു ചെയ്തത്. ഈ കാലയളവിൽ അക്കാദമിയുടെ പേരോ പദവിയോ ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നും ചെയർമാന്റെ കുറിപ്പിൽ പറയുന്നു.ചെയർമാനെ അറിയിക്കാതെ ഭീമമായ തുകയുടെ ചെക്ക് മാറിയെടുത്തു എന്ന് ആരോപിച്ച് ട്രഷററെ താക്കീത് ചെയ്തു. ഒപ്പം വിവിധ കുറ്റങ്ങൾ ആരോപിച്ച് വൈസ് ചെയർമാന്മാരായ സഞ്ജീവ്, ബാദുഷ എന്നിവരെയും താക്കീത് ചെയ്തിട്ടുണ്ട്.

എന്നാൽ സെക്രട്ടറിയെ പുറത്താക്കിയതിന് പിന്നാലെ അക്കാദമി ബൈലോയിൽ വരുത്താൻ നിശ്ചയിച്ച ഭേദഗതിയാണ് ഏറ്റവും പ്രധാനമായുള്ളത്. കേരളത്തിൽ സ്ഥിരതാമസക്കാരായ അക്കാദമി മെമ്പർമാർക്കു മാത്രമേ അക്കാദമിയുടെ ഭാരവാഹിത്വം നൽകാൻ പാടുള്ളു എന്ന ബൈലോ ഭേദഗതി പൊതുയോഗത്തിൽ കൊണ്ടുവരാനാണ് തീരുമാനം.എന്നാൽ ഈ തീരുമാനം തീരെ ഇടുങ്ങിയതായി പോയെന്നും സഹതപിക്കാനേ നിവൃത്തിയുള്ളുവെന്നുമാണ് സുധീർ നാഥിന്റെ പ്രതികരണം.

'കാർട്ടൂണിന് കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് പ്രശസ്തി നേടിക്കൊടുത്തവരാണ് മലയാളികളായ കാർട്ടൂണിസ്റ്റുകൾ. കാർട്ടൂൺ കുലപതി ശങ്കറും അബു എബ്രഹാമും കുട്ടിയും ഉൾപ്പടെയുള്ളവർ.ഇന്നും അനവധി മലയാളി കാർട്ടൂണിസ്റ്റുകൾ മറുനാടുകളിലുണ്ട്. പക്ഷേ കേരളത്തിലെ കാർട്ടൂണിന്റെ ശതാബ്ദിയെത്തുമ്പോൾ അവരെ പടിയടച്ച് പിണ്ഡം വെക്കാനാണ് ശ്രമം.അക്കാദമി ഭാരവാഹികളായി കേരളത്തിലുള്ളവർ മാത്രം മതി എന്ന ബൈലോ ഭേദഗതിക്കായി ഒരുങ്ങുകയാണ് ചെയർമാൻ...! ലോകം അതിരുകൾ ഇല്ലാതെ വലുതാവുന്ന കാലത്ത് ഇങ്ങനെ ഇടുങ്ങിയ സമീപനം പുലർത്തുന്നതിൽ സഹതപിക്കുകയേ നിവൃത്തിയുള്ളു.'

തന്നെ കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി സ്ഥാനത്തു നിന്ന് എന്നെ ആറു മാസത്തേക്ക് സസ്‌പെന്റു ചെയ്തതായ അറിയിപ്പ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പുറത്താക്കിയ നടപടി തികഞ്ഞ കോടതി അലക്ഷ്യമാണെന്നും സുധീർനാഥ് ആരോപിച്ചു.

തനിക്കും വൈസ് ചെയർമാൻ ബി.സജ്ജീവിനും ട്രഷറർ ജയരാജ് വെള്ളൂരിനും എതിരെ കുറെ നാളായി ചെയർമാൻ ഏകപക്ഷീയമായ നീക്കങ്ങൾ തുടർന്നു വരികയായിരുന്നു. ഇതിനെതിരെ, നീതി ലഭിക്കാൻ താൻ എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു. തൽസ്ഥിതി തുടരാനുള്ള കോടതി ഉത്തരവ് നിലനിൽക്കെയാണ് അതിനെ മറികടന്നുള്ള ചെയർമാന്റെ നടപടി. ഇത് തികഞ്ഞ കോടതി അലക്ഷ്യമാണ്. ചട്ടം പാലിക്കാതെ നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് തന്നെ നിയമ സാധുതയില്ല.

വസ്തുതാവിരുദ്ധമായ ആരോപണങ്ങളുടെ പേരിലാണ് ചെയർമാൻ തനിക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്. എന്നാൽ അക്കാദമി അറിയാതെ അക്കാദമിയുടെ പേരും ലോഗോയും ദുരുപയോഗിച്ച് കൊച്ചിയിൽ ക്യാമ്പിനായി കുട്ടികളിൽ നിന്ന് പണം പിരിച്ച ഭാരവാഹിക്കെതിരെ ശക്തമായ നടപടിയൊന്നുമില്ലെന്നാണ് സുധീർ നാഥ് ആരോപിക്കുന്നത്.

അക്കാദമിയുടെ പ്രവർത്തനങ്ങൾക്കും നിലനിൽപ്പിനും തുരങ്കം വെക്കുന്നതാണ് ചെയർമാന്റെ നീക്കം. ചെയർമാനെ കളിപ്പാവയാക്കി, ഒപ്പുള്ള ചിലർ ഉപജാപം നടത്തുകയാണോ എന്ന് സംശയമുണ്ട്. ബഹു ഭൂരിപക്ഷം വരുന്ന അക്കാദമി അംഗങ്ങളും ചെയർമാന്റെ ഏകാധിപത്യ പ്രവർത്തികൾക്ക് എതിരാണെന്നും സുധീർ നാഥ് പറയുന്നു.

ഏതായാലും വരയുടെ ആശാന്മാർ തമ്മിലെ പോര് നിയമയുദ്ധത്തിലേക്ക് നീങ്ങുമെന്ന സൂചനകളാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഈഗോയും, താൻപോരിമയും കാട്ടി അക്കാദമിയെ കൈയടക്കുന്നവർ ആരായാലും അത് ആ സ്ഥാപനത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്ന കാര്യം ഓർക്കാതെ പോവുകയുമാണ്.