മെൽബൺ: രാജ്യമെമ്പാടും പെട്രോൾ വിലയിൽ ഇടിവു നേരിട്ടതോടെ നാണ്യപ്പെരുപ്പ നിരക്കും കുറഞ്ഞു. നാണ്യപ്പെരുപ്പ നിരക്ക് കുറഞ്ഞത് റിസർവ് ബാങ്ക് പലിശ നിരക്ക് ഇനിയും കുറയ്ക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേല്പിച്ചിരിക്കുകയാണ്. അടുത്ത ചൊവ്വാഴ്ചയാണ് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ ഈ വർഷത്തെ ആദ്യത്തെ മണിട്ടറി യോഗം  ചേരുന്നത്. നിലവിലുള്ള പലിശ നിരക്കായ 2.5 ശതമാനത്തിൽ നിന്ന് ഇനിയും വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ് നിലവിലുള്ള നാണ്യപ്പെരുപ്പ നിരക്ക്.

വളർച്ചയില്ലാത്ത സമ്പദ് രംഗം, വർധിച്ച തൊഴിലില്ലായ്മ നിരക്ക്, നാണ്യപ്പെരുപ്പ നിരക്കിൽ ഉണ്ടായിരിക്കുന്ന ഇടിവ് തുടങ്ങിയ പ്രശ്‌നങ്ങൾ നേരിട്ടുകൊണ്ടാണ് 2015-ലെ ആദ്യത്തെ ആർബിഎ മണിട്ടറി യോഗം ചേരാൻ ഒരുങ്ങുന്നത്. 2013 ഓഗസ്റ്റ് മുതൽ നടപ്പാക്കിയിരിക്കുന്ന 2.5 ശതമാനം പലിശ നിരക്ക് എന്നുള്ളത് ഇനിയും കുറയ്ക്കുമെന്നാണ് അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞത് പെട്രോൾ വിലയിൽ ഇടിവിനു കാരണമാകുകയായിരുന്നു. പെട്രോൾ വില ഇടിഞ്ഞത് രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്കും കുറച്ചു.

സെപ്റ്റംബർ ക്വാർട്ടറിൽ 2.3 ശതമാനമായിരുന്ന നാണ്യപ്പെരുപ്പ നിരക്ക് 1.7 ശതമാനത്തിലേക്ക് കുറയുകയായിരുന്നു. കൺസ്യൂമർ പ്രൈസ് ഇൻഡക്‌സിലും (സിപിഐ) ഇടിവു രേഖപ്പെടുത്തുകയായിരുന്നു. ഡിസംബർ പാദത്തിൽ 0.2 ശതമാനം മാത്രമാണ് വർധനയുണ്ടായത്. മുൻ പാദത്തിൽ 0.5 ശതമാനം വർധനയിൽ നിന്നാണ് സിപിഐ 0.2 ശതമാനത്തിലേക്ക് കുറഞ്ഞത്. എന്നാൽ നാണ്യപ്പെരുപ്പ നിരക്ക് കുറഞ്ഞു നിൽക്കുന്ന ഈയവസരത്തിലും പലിശ നിരക്ക് വെട്ടിച്ചുരുക്കൽ സാധ്യമാകുമെന്നാണ് മറ്റു ചില സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം വർഷാവസാനത്തേക്ക് പലിശ നിരക്കിൽ കുറവു വരുത്താനുള്ള അടിസ്ഥാന സാഹചര്യമൊരുക്കാനുള്ള സന്ദർഭമായി ഈ യോഗത്തെ കാണുന്നവരുമുണ്ട്.

നാണ്യപ്പെരുപ്പ നിരക്ക് രണ്ടു മുതൽ മൂന്നു ശതമാനം വരെ ഉയർത്താനാണ് റിസർവ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. പെട്രോൾ വിലയിൽ 6.8 ശതമാനം വിലക്കുറവ് നേരിട്ടതാണ് നാണ്യപ്പെരുപ്പ നിരക്ക് റിസർവ് ബാങ്കിന്റെ ലക്ഷ്യത്തിലേക്ക് എത്താൻ തടസമായത്. എന്നാൽ നാണ്യപ്പെരുപ്പ നിരക്ക് വർധിക്കാത്തത് കുടുംബങ്ങൾക്ക് നല്ലതാണെന്നാണ് ട്രഷറർ ജോ ഹോക്കി പറയുന്നത്. പെട്രോൾ വില ശരാശരി 111 സെന്റായി നിൽക്കുന്നത് ഒരു കുടുംബത്തിന് ഒരാഴ്ച 22 ഡോളറിൽ അധികം മിച്ചം പിടിക്കാൻ സാധിക്കുമെന്നാണ് ഹോക്കി വ്യക്തമാക്കുന്നത്.