- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു സെക്കന്റിന്റെ വ്യത്യാസം മാത്രം; ഒരു മീറ്റർ മുന്നിലായിരുന്നെങ്കിൽ കാറിടിച്ച് തെറിച്ചു പോയേനെ; അടുത്ത സെക്കന്റിൽ ഓടിച്ചെന്ന് കാറിലെ കുട്ടികളെ പുറത്തെടുത്തു; ഇൻഫോ പാർക്കിലെ കാർ പറന്നെത്തിയ അപകടം വിവരിച്ച് രക്ഷപ്പെട്ട പൊലീസ് ഓഫീസർ
തിരുവനന്തപുരം: 'ഇൻഫോപാർക്ക് കാർണിവൽ കോംപ്ളക്സിൽ ഒരു കേസുമായി ബന്ധപ്പെട്ട് ഒരു കാറിന്റെ വിഷ്വൽ എടുക്കാൻ പോയതായിരുന്നു. ആ വിഷ്വൽ നോക്കിയ ശേഷം അവിടെ നിന്ന് ഇറങ്ങുമ്പോഴാണ് ഒരു കാർ റോഡരികിലേക്ക് ചരിഞ്ഞ് ഒരു മിന്നായംപോലെ പാഞ്ഞുവന്നത്. കോൺക്രീറ്റ് കഷ്ണം ഒരെണ്ണം തെറിച്ച് എന്റെ കാലിനിടിച്ചു. സ്കൂട്ടറിന്റെ മുൻവശത്തെ വീലിലും ഒരു കോൺക്രീറ്റ് ഇടിച്ചു. വണ്ടി മറിയാൻപോയെങ്കിലും വീണില്ല. കുറച്ചുനേരത്തേക്ക് ഒന്നും കാണാൻ പറ്റിയില്ല. അവിടെ മൊത്തം പൊടിയായിരുന്നു.' - കാക്കനാട് ഇൻഫോപാർക്കിന് മുന്നിൽ ഇന്നലെയുണ്ടായ കാർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൊലീസ് ഓഫീസർ വി.എൻ. സെൽവരാജ് തന്റെ ഞെട്ടിക്കുന്ന അനുഭവം മറുനാടനോട് വിവരിക്കുന്നത് ഇങ്ങനെയാണ്.
റോഡിൽ നിന്ന് നിയന്ത്രണം വിട്ട ഒരു കാർ റോഡരികിൽ നിർത്തിയിട്ട രണ്ട് സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയും രണ്ട് പൊലീസുകാർ സഞ്ചരിച്ച സ്കൂട്ടറിനെ തൊട്ടുരുമ്മി കടന്നുപോയി ഇടിച്ചുനിൽക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ ഈ അപകടത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ തന്നെ പിന്നീട് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലെ സിപിഓമാരായ വി.എൻ.സെൽവരാജും കെ.സി.വിനുവുമാണ് ഭാഗ്യംകൊണ്ടുമാത്രം ജീവാപായം ഉണ്ടാകാതെ രക്ഷപ്പെട്ടത്. ഒരു സെക്കന്റ് മുന്നിലായിരുന്നുവെങ്കിൽ കാർ ഇരുവരേയും ഇടിച്ചുതെറിപ്പിക്കുമായിരുന്നു. വെറും ഒരുമീറ്റർ വ്യത്യാസത്തിലാണ് കാർ സ്കൂട്ടറിന് തൊട്ടുമുന്നിലൂടെ മിന്നായംപോലെ നീങ്ങിപ്പോയി മതിലിൽ ഇടിച്ച് നിന്നതെന്ന് സെൽവരാജ് ഓർക്കുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊച്ചി കാക്കനാട് ഇൻഫോപാർക്കിന് മുന്നിൽ ഞെട്ടിക്കുന്ന അപകടം ഉണ്ടായത്. ഇൻഫോപാർക്കിലെ കാർണിവൽ കോപ്ലക്സിന് മുമ്പിലായിരുന്നു അപകടം. കാർ യാത്രക്കാരായ മൂന്നു യുവാക്കൾക്കും പരിക്കേറ്റു. ബ്രഹ്മപുരത്തുനിന്ന് കാക്കനാട് റോഡ് വഴി എറണാകുളത്തേക്ക് വരികയായിരുന്നു കാർ. പുത്തൻകുരിശ് സ്വദേശികളായ ശ്രീകുട്ടൻ, വിവേക്, കാണിനാട് സ്വദേശിയായ ശ്രീലേഷ് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇൻഫോപാർക്ക് റോഡിലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു.
ഷെവർലെ ക്രൂസ് കാർ ഓടിച്ചിരുന്നത് വിവേക് ആണ്. ഒരുവശത്തേക്ക് തിരിച്ചപ്പോൾ കാറിന്റെ സ്റ്റിയറിങ് ലോക്ക് ആയതോടെ നിയന്ത്രണംവിട്ടുവെന്നാണ് കുട്ടികൾ പറയുന്നത്. നിയന്ത്രണം വിട്ട കാർ കാർണിവൽ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവസമയത്ത് റോഡിൽ ആളുകൾ ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഈ സമയം, ഇൻഫോപാർക്ക് കാർണിവലിൽ തന്നെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സിസിടിവി വിഷ്വൽസ് പരിശോധിക്കാൻ എത്തിയതായിരുന്നു പൊലീസുകാരായ സെൽവരാജും വിനുവും. വിഷ്വൽസ് കണ്ടെത്താൻ കഴിയാത്തതിനാൽ പരിശോധിച്ച് വിവരം കിട്ടിയാൽ അറിയിക്കാൻ നിർദ്ദേശിച്ച് മടങ്ങുകയായിരുന്നു ഇരുവരും. ഇൻഫോപാർക്ക് ഗേറ്റ് കടന്ന് മീറ്ററുകൾ പിന്നിട്ടപ്പോഴാണ് മിന്നൽപോലെ ഒരു കാർ റോഡിൽ നിന്ന് പാഞ്ഞെത്തിയത്.
കാലിലും വണ്ടിയുടെ മുൻ ടയറിലും എന്തൊക്കെയോ വന്നിടിച്ചു. പിന്നാലെ ഇൻഫോപാർക്ക് സെക്യൂരിറ്റിയും ഓടിയെത്തി. പിന്നെ എല്ലാവരും ചേർന്ന് കാറിൽ നിന്ന് കുട്ടികളെ പുറത്തെടുത്തു. കാറിന്റെ പിൻവശം അപകടത്തിൽ തകർന്നിരുന്നു. ഉടനെ ആംബുലൻസിനെ വിളിച്ചു. അവർ എത്തുന്നതിന് മുന്നേ അതുവഴി വന്ന ഒരു ഓട്ടോ തടുത്ത് കുട്ടികളെ ആശുപത്രിയിലേക്ക് വിട്ടു. - ശെൽവരാജ് പറഞ്ഞു. കാലിന് പരിക്കേറ്റിരുന്നെങ്കിലും അതു വകവയ്ക്കാതെ ശെൽവരാജും കൂടെയുണ്ടായിരുന്ന വിനുവും ചേർന്ന് കുട്ടികളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ശ്രീലേഷിനെയും ശ്രീകുട്ടനെയും കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ശ്രീലേഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇദ്ദേഹത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് അയച്ചശേഷം വിവരം സ്റ്റേഷനിൽ അറിയിച്ച് സെൽവരാജിനെ വിനു തന്നെ അതേ സ്കൂട്ടറിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്ന് സെൽവരാജ് മറുനാടനോട് പറഞ്ഞു.
അപകടത്തിൽ പുറമെ പരിക്കുകളൊന്നും കാണാനില്ലായിരുന്നെങ്കിലും യുവാക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് കൂടുതൽ പരിശോധനയിൽ ശ്രീലേഷിന് ഗുരുതര പരിക്കുണ്ടെന്ന് വ്യക്തമായത്. സി.ടി സ്കാൻ ഫലം പുറത്തുവന്നപ്പോഴാണ്, കാറിലെ പിൻസീറ്റിൽ യാത്രചെയ്തിരുന്ന ശ്രീലേഷിന് ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശ്രീകുട്ടന്റെ കാലിനും നടുവിനും നിസ്സാര പരിക്കേറ്റതായി അധികൃതർ വ്യക്തമാക്കി. വാഹനം ഓടിച്ചിരുന്ന വിവേക് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ പരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിനും കാർണിവൽ കോംപ്ലക്സിന് പുറത്തെ പാർക്കിങ്ങിൽ നിർത്തിയിരുന്നു രണ്ട് ഇരുചക്രവാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അമിതവേഗതയിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് വിവേകിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു.
കെ എം വിനോദ്കുമാര് തിരുവനന്തപുരം ന്യൂസ് കോണ്ട്രിബ്യൂട്ടര്