കോട്ടയം: കാർഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴും ക്രിയാത്മക നടപടികൾ സ്വീകരിക്കാതെ സർക്കാർ കർഷകരെ ഒന്നടങ്കം വിഢികളാക്കുകയാണെന്നും ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന സ്ഥിരം സർക്കാർ പല്ലവി വിലപ്പോവില്ലെന്നും ഇൻഫാം ദേശീയ സമിതി.

ഒൻപത് സംസ്ഥാന മന്ത്രിമാർ ആഴ്ചകൾക്കുമുമ്പ് കേന്ദ്രസർക്കാരിൽ നിവേദനം സമർപ്പിച്ചിട്ടും ഫലം കാണാതെ ഇപ്പോൾ സർവ്വകക്ഷി സംഘത്തിന്റെ ഡൽഹി യാത്ര എന്തു നേടിത്തരുമെന്ന് മുൻകൂട്ടി വിലയിരുത്തപ്പെടണം. റബറിന്റെ വിലത്തകർച്ചയിൽ കേന്ദ്രസർക്കാരിനെ പഴിചാരുന്ന സംസ്ഥാന സർക്കാരും രാഷ്ട്രീയ പാർട്ടികളും മന്മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കെടുകാര്യസ്ഥതയും കർഷകവിരുദ്ധ നിലപാടുമായിരുന്നു ഈ തകർച്ചയുടെ പ്രധാന കാരണമെന്നത് സൗകര്യപൂർവ്വം വിസ്മരിക്കുന്നത് ദുഃഖകരമാണ്. ആഗോളതലത്തിലുള്ള വിലത്തകർച്ചയാണെന്ന ന്യായവാദങ്ങൾ നിരത്തുമ്പോഴും ലോകത്തിലെ പ്രധാന റബർ ഉല്പാദക രാജ്യങ്ങളുടെ അവസരോചിത വിപണി ഇടപെടലുകളും കാർഷിക ക്ഷേമപദ്ധതികളും ശ്രദ്ധേയവും പഠനവിഷയമാക്കേണ്ടതുമാണ്. ലോക റബറിന്റെ 67 ശതമാനം ഉല്പാദനവും 80 ശതമാനം കയറ്റുമതിയും നടത്തുന്ന തായ്‌ലന്റ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ റബറുൽപ്പാദക രാജ്യങ്ങൾ ഇവിടങ്ങളിലുള്ള 46 ലക്ഷം ചെറുകിട കർഷകർക്ക് കോടിക്കണക്കിന് രൂപയുടെ ആശ്വാസപാക്കേജുകൾ നടപ്പിലാക്കിയിരിക്കുന്നു. പട്ടാളഭരണമുള്ള തായ്‌ലന്റിൽ മാത്രം 6000 കോടിരൂപയാണ് കർഷകക്ഷേമ പദ്ധതികൾക്കായി മാറ്റിവച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ റബർ വിപണിയിലുള്ള കഴിഞ്ഞകാല ഇടപെടലുകൾ സമ്പൂർണ്ണ പരാജയമായിരിക്കുന്നു. റബർ അടിസ്ഥാന നികുതികൾ താൽക്കാലികമായി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ തന്നെ കർഷകർക്ക് ഗുണം ലഭിക്കും. ഓരോ വർഷവും സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്ന ബജറ്റിൽ കാർഷിക മേഖലയ്ക്കായി നടത്തുന്ന പ്രഖ്യാപനങ്ങൾ കൊട്ടിഘോഷിക്കലുകൾക്കപ്പുറം നടപ്പിലാക്കപ്പെടുന്നതിൽ വിജയിച്ചിട്ടില്ല. ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ പലതും ചിലരുടെ മുഖം രക്ഷിക്കാനും പ്രതിച്ഛായ വർദ്ധിപ്പിക്കാനുമുള്ള തന്ത്രങ്ങളായി മാറുകയാണെന്നും ഇൻഫാം ആരോപിച്ചു. കഴിഞ്ഞ ബഡ്ജറ്റിലെ കർഷകക്ഷേമ പ്രഖ്യാപനങ്ങളിൽ എന്തു നടപ്പിലാക്കിയെന്ന് ധവളപത്രമിറക്കാൻ സർക്കാർ തയ്യാറാകണം. കർഷകപാർട്ടികൾകൂടി ഭരണം നടത്തുന്ന യുഡിഎഫ് സർക്കാരിൽ നിന്ന് നീതി ലഭിക്കുന്നില്ലെങ്കിൽ വരും തെരഞ്ഞെടുപ്പുകളിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് ഇൻഫാം ദേശീയ സമിതി മുന്നറിയിപ്പുനൽകി.

പ്രാദേശിക റബർ വിപണിയിൽ റബറിനു ന്യായവില ഉറപ്പാക്കാനും അവധി വ്യാപാരത്തെ നിയന്ത്രിക്കാനും കർഷകർക്കും ഉപഭോക്താക്കൾക്കും ഗുണകരമായ വിധത്തിൽ പ്രവർത്തിക്കാനും ഉതകുന്ന ക്രിയാത്മക പദ്ധതികൾ നടപ്പിലാക്കാതെ ഭരണപ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ വഴിപാടുസമരങ്ങൾ നടത്തി ജനങ്ങളെ വിഢികളാക്കുകയാണെന്ന് ഇൻഫാം കുറ്റപ്പെടുത്തി.

ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി സി സിറിയക്, ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ, ദേശീയ ട്രസ്റ്റി ഡോ. എം സി ജോർജ്ജ്, കെ മൊയ്തീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ എസ് മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.