കോഴിക്കോട്: നിയമം കടലാസിൽ മാത്രം പ്രാബല്യത്തിൽ വരുത്തുക എന്നത് ഇന്ത്യയുടെ എക്കാലത്തെയും വലിയ ശാപമാണ്. തങ്ങൾ തന്നെ ഉണ്ടാക്കിയ നിയമങ്ങൾ പോലും നടപ്പാക്കാതെ വേലിതന്നെ വിളവുതിന്നുന്ന അവസ്ഥക്ക് ഇതാ ഒരു ഉദാഹരണം കൂടി. പൊതു അധികാരികൾ സ്വന്തം സ്ഥാപന വിവരങ്ങൾ പ്രതിവർഷം വെളിപ്പെടുത്തണം എന്ന വിവരാവകാശ നിയമത്തിലെ സുപ്രധാന നിർദ്ദേശം. എന്നാൽ വിവരാവകാശ നിയമത്തിലെ ഈ സുപ്രധാന വകുപ്പിന് സംസ്ഥാന വിവരാവകാശ കമീഷനിൽ നിന്ന് തന്നെ അവഗണനയാണ്. ഇക്കാര്യം പരാമർശിക്കുന്ന വിവരാവകാശ നിയമം സെക്ഷൻ നാല് (ഒന്ന്) ബി പ്രകാരം പ്രസിദ്ധീകരിക്കേണ്ട വിവരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് വിവരാവകാശ പ്രകാരം ചോദിച്ച അപേക്ഷാർഥിക്ക് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയില്ല. പകരം മേൽ സെക്ഷൻ സംബന്ധിച്ച നിയമത്തിലെ പകർപ്പ് അയച്ചുകൊടുക്കുകയായിരുന്നു.

കുറ്റിപ്പുറം ലോ കോളജിലെ നിയമ വിദ്യാർത്ഥി വി. മുഹമ്മദ് സുഹൈലിന്റെ വിവരാവകാശ മറുപടിയിലാണ് സംസ്ഥാന വിവരാവകാശ കമ്മിഷൻ ഇത്തരത്തിൽ മറുപടി നൽകിയത്. സെക്ഷൻ നാല് പ്രകാരം ഇന്ത്യയിലെ സർക്കാർ ഓഫിസുകളിലെ പൊതു അധികാരി ആരാണ്, സ്ഥാപനത്തിന്റെ ചുമതല, ജീവനക്കാരുടെ എണ്ണം, ബജറ്റ് ഫണ്ട്,പദ്ധതികൾ, വരുമാനം, ചെലവ് തുടങ്ങിയ വിവരങ്ങൾ സ്വയം പരസ്യപ്പെടുത്തേണ്ടതുണ്ട്. സർക്കാർ വകുപ്പുകൾ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വിമുഖത കാണിക്കുന്നെന്ന പരാതി വ്യാപകമാണ്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ്സു് നടന്നു വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിവരാവകാശ കമീഷനിൽ ഈ നിയമം പാലിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർന്നത്.

അതുപോലെ തന്നെ വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ ശമ്പളവും ഞെട്ടിക്കുന്നതാണ്.മുഖ്യ വിവരാവകാശ കമീഷർ ഡോ. ബിശ്വാസ് മേത്തയുടെ ശമ്പളം 1.878 ലക്ഷം രൂപയാണെങ്കിലും മറ്റ് അലവൻസുകളടക്കം 2.13 ലക്ഷം രൂപയാണ് കൈപ്പറ്റുന്നതെന്ന് വിവരാവകാശ രേഖയിലുണ്ട്. ചീഫ് സെക്രട്ടറിയായി വിരമിച്ച ഉടനെയായിരുന്നു ബിശ്വാസ് മേത്തയുടെ നിയമനം. വിവരാവകാശ കമീഷണറായ ഡോ. കെ.എൽ. വിവേകാനന്ദൻ ശമ്പളവും മറ്റ് അലവൻസുകളടക്കം മൂന്നുലക്ഷം രൂപയാണ് പ്രതിമാസം വാങ്ങുന്നത്. മറ്റൊരു വിവരാവകാശ കമീഷണറായ കെ.വി സുധാകരന്റെ ശമ്പളം തന്നെ 3,35,250 രൂപയുണ്ട്.മറ്റ് അലവൻസുകളടക്കം മൂന്നര ലക്ഷം രൂപയാണ് ഇദ്ദേഹം കൈപ്പറ്റുന്നത്. വിവരാവകാശ കമീഷണർമാരായ പി.ആർ. ശ്രീലത 2,717,15 രുപയും, അഡ്വ. എച്ച് രാജീവൻ 3,35,250 രൂപയും പ്രതിമാസംകൈപ്പറ്റുന്നുണ്ട്.


മുഹമ്മദ് സുഹൈൽ, താഴെ പറയുന്ന ചോദ്യങ്ങളാണ് വിവരവാകാശ പ്രകാരം നൽകിയത്.
1) കെഎസ്ഐസി എന്നപൊതു അധികാരി വിവരാവകാര നിയമത്തിലെ സെക്ഷൻ 4 ലെ 1 ലെ ബി പ്രകാരം നിർബന്ധമായി ചെയ്യേണ്ടതും പ്രസിദ്ധീകരിക്കേണ്ടതുമായ വിവരങ്ങളുടെ സാക്ഷ്യപ്പെട്ടുത്തിയ പകർപ്പ് (സുപ്രീം കോടതിയിൽ സമർപ്പിക്കേണ്ടതിനാൽ ഇംഗ്ലീഷിൽ ലഭ്യമാക്കണമെന്നും അവയുടെ ഒരോ പേജും സാക്ഷ്യപ്പെടുത്തി തരണം)

2 )ഈ സ്ഥാപനത്തിലെ നിലവിലുള്ള കമ്മീഷണർമാർ ഒരോരുത്തരും നവംമ്പർ, ഡിസംബർ മാസങ്ങജിൽ ഈടാക്കിയ ശബളവും ഇതരഅലവൻസുകളും ടിഎയും

3)ഒരോ കമ്മീഷണർമാരും നവംബർ ഡിസംബർ മാസങ്ങളിൽ എത്രവീതം ഉത്തരവുകൾ പുറപ്പെടുവിച്ചു എന്ന വിവരം

4) ഓരോ കമ്മീഷ ണർമാരും നവംബർ ഡിസംബർ മാസങ്ങളിൽ പുറപ്പെടുവിച്ച ഉത്തരവു കളുടെ നമ്പറും ഡേറ്റും

5) അവയിൽ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്ത ഉത്തരവുകൾ ഉണ്ടെങ്കിൽ അവയുടെ നമ്പറുകൾ

6 )ശ്രീ സോമനാഥൻപിള്ള 2020-21, 21-22 വർഷത്തിൽ കമ്മീഷനിൽ നിന്നും എത്ര രൂപ കൈപറ്റി. ഏതൊക്കെ ഇനത്തിൽ

7) വിവരാവകാശ കമ്മിഷനിലെ സാമ്പത്തിക ഓഡിറ്റ് ആരാണ് നടത്തുന്നത്?
ഏതു വർഷം വരെ നടത്തി. ആരാണ് ഇത് നടത്തുന്നത്

8)ഈ വർഷം കമ്മീഷൻ എത്ര ഫുൾ ബഞ്ച് ഹേറിങ്ങകൾ നടത്തിയിട്ടണ്ട് എന്ന വിവരം ഫുൾ ബഞ്ച് ഹേറിങ്ങിന് നിശ്ചയിച്ചിട്ടുള്ള മാർഗ്ഗരേഖ

9) നിയമസഭയിൽ സമർപ്പിക്കേണ്ട വാർഷിക പ്രവർത്തന റിപ്പോർട്ട് ഏതൊക്കെവർഷത്തെ റിപ്പോർട്ട് സമർപ്പിക്കാൻ ബാക്കിയുണ്ട് എന്ന വിവരം

ഈ ചോദ്യങ്ങളിൽ പലതിലും ഒഴപ്പൻ മറുപടിയാണ് കമ്മീഷന്റെ ഭാഗത്തുനിന്നു ഉണ്ടായത്. വിവരവകാശ കമ്മീഷൻ തന്നെ ഇതുപോലെ ഒരു നിലപാട് എടുത്താൽ മറ്റുസ്ഥാപനങ്ങൾ സമീപനത്തെ പിന്നെ എങ്ങനെയാണ് കുറ്റം പറയാൻ കഴിയുക എന്നാണ് പരാതിക്കരൻ ചോദിക്കുന്നത്.