തിരുവനന്തപുരം : സ്വന്തക്കാരുടേയും വേണ്ടപ്പട്ടവരുടേയും സമ്മർദ്ദത്തിൽ തീരുമാനം എടുക്കാനാകാത്തതിനാൽ വിവരാവകാശ കമ്മീഷണർമാരുടെ നിയമനം അനിശ്ചിതത്വത്തിൽ. കഴിഞ്ഞ ദിവസം കമ്മിഷണർ സി.എസ്. ശശികുമാറും വിരമിച്ചതോടെ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഇനി മുഖ്യ കമ്മിഷണർ സിബി മാത്യൂസ് മാത്രമാണുള്ളത്. സിബി മാത്യൂസടക്കം ആറുപേരാണു കമ്മിഷനിലുണ്ടായിരുന്നത്. നാലംഗങ്ങൾ വിരമിച്ചു. ഒരംഗം രണ്ടുവർഷമായി സ്‌പെൻഷനിലുമായതോടെ കമ്മിഷന്റെ പ്രവർത്തനം ഏറെക്കുറെ നിലച്ചെന്ന് സർക്കാരും വിലയിരുത്തുന്നു. എന്നാൽ മുന്നണിയിലെ അവകാശവാദങ്ങളും കോൺഗ്രസിലെ ഗ്രൂപ്പ് പോരും കാര്യങ്ങൾ അനിശ്ചിതത്വത്തിലാക്കി. അഭിഭാഷകവൃത്തി, മാദ്ധ്യമപ്രവർത്തനം, അദ്ധ്യാപനം തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യമുള്ളവരെയാണു കമ്മിഷൻ അംഗങ്ങളായി പരിഗണിക്കേണ്ടത്.

മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ചേർന്ന സമിതിയാണ് അംഗങ്ങളെ കണ്ടെത്തി ഗവർണ്ണർക്ക് ശുപാർശ നൽകേണ്ടത്. മൂന്നിൽ രണ്ടു പേരുടെ പിന്തുണയുള്ളവരാകും വിവരാവകാശ കമ്മീഷണറാവുക. ഒരു ലക്ഷം രൂപയിൽ അധികം ശമ്പളമുള്ള പദവിയാണ് ഇത്. ഇതിനൊപ്പം ജ്യൂഡീഷ്യൽ അധികാരവുമുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിവരാവകാശ കമ്മിഷനിൽ ഉടൻ പുതിയ നിയമനം സാധ്യമാകില്ല. കമ്മിഷന്റെ ദൈനംദിനകാര്യങ്ങൾ തീരുമാനിക്കാൻ മുഖ്യ കമ്മിഷണർ മാത്രം മതിയെങ്കിലും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാനാകില്ല. കമ്മിഷന്റെ ഫുൾ ബെഞ്ച് സിറ്റിങ് മുടങ്ങുന്നതോടെ ഹൈക്കോടതി പ്രത്യേകം നിർദേശിക്കുന്ന പല കേസുകളും പരിഗണിക്കാനാകില്ല. ഈ സാഹചര്യം ഒഴിവാക്കാൻ എങ്ങനേയും നിയമനം നടത്താൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

എന്നാൽ ഇരുപതോളം രാഷ്ട്രീയക്കാർ സ്ഥാനമാനത്തിനായി രംഗത്തുണ്ട്. ഐ ഗ്രൂപ്പുകാർക്ക് വേണ്ടി രമേശ് ചെന്നിത്തല സമ്മർദ്ദം ശക്തമാക്കുന്നു. എല്ലാം കെപിസിസി പ്രസിഡന്റിന്റെ അറിവോടെ വേണമെന്ന് വി എം സുധീരനും പറയുന്നു. ഇതിനിടെയിലാണ് പ്രമുഖ പത്രക്കാർക്ക് നൽകിയ വാഗ്ദാനം. കേരളകൗമുദിയിലെ പിപി ജെയിസ്, മാതൃഭൂമിയിൽ നിന്ന് വിരമിച്ച് വച്ചൂച്ചിറ മധു, സണ്ണിക്കുട്ടി എബ്രഹാം എന്നിവർക്കെല്ലാം പല കോണിൽ നിന്നും വാഗ്ദാനം നൽകി. ഇവരെല്ലാം പദവി മോഹിച്ച് കാത്തിരിപ്പിലാണ്. ഇതിൽ ജെയിംസിന് കേരളാ കോൺഗ്രസിന്റേയും വച്ചൂച്ചിറ മധുവിന് ജനതാദൾ വീരേന്ദ്രകുമാറിന്റേയും പിന്തുണയുണ്ട്. കോൺഗ്രസിലെ എ വിഭാഗമാണ് സണ്ണിക്കുട്ടിക്കായി രംഗത്തുള്ളത്. ഈ മൂന്ന് പേരിൽ രണ്ട് പേരെ അംഗങ്ങളാക്കുമെന്നാണ് സൂചന. ബാക്കിയുള്ള മൂന്ന് പദവികളിൽ ആരെ പരിഗണിക്കണമെന്ന് പോലും നിശ്ചയമില്ല. അതിനിടെ സണ്ണിക്കുട്ടി എബ്രഹാമിനെ ഒരു കാരണവശാലും തഴയരുതെന്ന വാദവും ഉണ്ട്. എന്നാൽ ഘടകകക്ഷിക്കാരുടെ നോമിനികളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന സാഹചര്യമാണ് മുഖ്യമന്ത്രിക്കുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ പ്രകടനമാകും പിപി ജെയിംസിന്റെ കാര്യത്തിൽ നിർണ്ണായകമാവുക. മാണിയുടെ പാർട്ടി കരുത്ത് കാട്ടിയാൽ ജെയിംസിന് വിവരാവകാശ കമ്മീഷണർ സ്ഥാനം ലഭിക്കും. എംഎൽഎ ആയി മത്സരിക്കാൻ സീറ്റ് കിട്ടാൻ സാധ്യതയില്ലാത്ത എല്ലാ കെപിസിസി അംഗങ്ങളും വിവരാവകാശ കമ്മീഷണറാകാൻ രംഗത്തുണ്ട്. അതിനിടെ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ പ്രവർത്തനം സ്തംഭിപ്പിച്ചതിൽ ഒന്നാംപ്രതി സർക്കാരാണെന്നു വിവരാവകാശ പ്രവർത്തകൻ ഡി.ബി. ബിനു ആരോപിച്ചു. കമ്മിഷനിൽ ഒരംഗം വിരമിച്ചാൽ പുതിയ നിയമന നടപടി പൂർത്തിയാക്കാൻ നാലുമാസമെങ്കിലും എടുക്കും. നമിത്ത് ശർമ കേസിൽ, സുപ്രീംകോടതി നിർദേശപ്രകാരം, കമ്മിഷൻ അംഗങ്ങളെ നിയമിക്കാനുള്ള നടപടിക്രമം സർക്കാർ മൂന്നുമാസം മുമ്പ് ആരംഭിക്കണം. തെരഞ്ഞെടുപ്പിനുശേഷം അംഗങ്ങളെ നിയമിക്കാമെന്നാണു മുഖ്യമന്ത്രി പറയുന്നത്. മാസങ്ങൾക്കു മുമ്പ് വിരമിച്ചവർക്കുപോലും ഇതുവരെ പകരക്കാരെ നിയമിച്ചിട്ടില്ല. ഒരാളെ നിയമിക്കാൻ മൂന്ന് അപേക്ഷകളാണു ഗവർണർക്കു മുന്നിൽ സമർപ്പിക്കേണ്ടത്. അതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരും ബിനു ചൂണ്ടിക്കാട്ടുന്നു.

ഏതായാലും കമ്മിഷനുമായി ബന്ധപ്പെട്ട പ്രധാനതീരുമാനങ്ങൾക്ക് ഫുൾ ബെഞ്ച് കൂടിയേ പരിഗണിക്കാവൂ എന്നാണു ചട്ടം. നിലവിൽ പതിനായിരത്തിലധികം അപ്പീലുകളും അയ്യായിരത്തോളം പരാതികളുമാണു കമ്മിഷനിൽ കെട്ടിക്കിടക്കുന്നത്. 2012ൽ ഫയൽ ചെയ്ത അപ്പീലുകളിൽപോലും തീർപ്പുകൽപ്പിച്ചിട്ടില്ല. കമ്മിഷൻ അംഗം സോണി തെങ്ങമം ഓഗസ്റ്റിൽ വിരമിച്ചശേഷം സിബി മാത്യൂസും സി.എസ്. ശശികുമാറും ചേർന്നാണു പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. സി.എസ്. ശശികുമാർ, സോണി തെങ്ങമം, കെ. നടരാജൻ, ഡോ. കുര്യാസ് കുമ്പളക്കുഴി, എ.എൻ. ഗുണവർദ്ധനൻ എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. ഇതിൽ കുര്യാസ് കുമ്പളക്കുഴി മാർച്ചിലും ഗുണവർദ്ധനൻ ഏപ്രിലിലും സോണി ഓഗസ്റ്റിലും വിരമിച്ചു. നടരാജൻ രണ്ടുവർഷമായി സസ്‌പെൻഷനിലാണ്. ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലാണ്.