ന്യൂഡൽഹി:ഇൻഫോസിസിന്റെ സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് വിശാൽ സിക്ക പിടിയിറങ്ങിയതോടെ,കമ്പനിയിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു. 13000 കോടി രൂപയുടെ ഓഹരികൾ ഇൻഫോസിസ് തിരിച്ചു വാങ്ങും. 36 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇൻഫോസിസ് ഓഹരികൾ തിരിച്ചു വാങ്ങുന്നത്.

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് ഓഹരി വിപണിയിൽ വൻ നഷ്ടം നേരിട്ടതിന് പിന്നാലയൊണ് ഓഹരികൾ തിരിച്ചു വാങ്ങാൻ തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കും 17 ശതമാനം പ്രീമിയവും നൽകിയാണ് ഓഹരികൾ തിരിച്ചെടുക്കുക. 1150 രൂപയാണ് ബൈബാക്ക് നിരക്ക്. ഇൻഫോസിസ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലാണ് തീരുമാനം. 11.30 കോടിയുടെ ഓഹരികളാണ് കമ്പനി തിരിച്ചെടുക്കുന്നത്.

വിശാൽ സിക്കയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഇൻഫി ഓഹരികളിൽ പത്ത് ശതമാനത്തോളം ഇടിവ് രേഖപെടുത്തിയിരുന്നു. ഓഹരിഉടമകൾക്ക് 20000 കോടി രൂപയുടെ നഷ്ടമാണ് ഒറ്റയടിക്ക് സംഭവിച്ചത്. ഇതോടെ കമ്പനിയുടെ മാർക്കറ്റ് വാല്യു 2.34 ലക്ഷം കോടിയിൽനിന്ന് 2.04 ലക്ഷം കോടിയായി. വ്യാപാരാന്ത്യത്തിൽ ഓഹരി വില 97.70 രൂപ കുറഞ്ഞ് 923.15 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ 13 ശതമാനം വരെ വിലയിടിയുകയുണ്ടായി.കമ്പനി തലപ്പത്തെ അസ്വാരസ്യങ്ങൾ ഓഹരി വില ഇനിയും ഇടിയുന്നതിന് കാരണമായേക്കാമെന്ന വിലയിരുത്തലിലാണ് ബോർഡ് ഓഹരികൾ തിരികെ വാങ്ങാൻ തീരുമാനിച്ചത്.

ഇൻഫോസിസ് സ്ഥാപകൻ നാരായണ മുർത്തിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സിഇഒ, എംഡി സ്ഥാനങ്ങൾ വിശാൽ സിക്ക രാജിവെച്ചത്. ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ പ്രവീൺ റാവുവിനാണ് നിലവിൽ സിഎഒ ചുമതല. പുതിയ സിഇഒയെ നിയമിക്കുന്നത് വരെ വിശാൽ സിക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്ത് തുടരുമെന്ന് ഇൻഫോസിസ് വൃത്തങ്ങൾ അറിയിച്ചു. ഇൻഫോസിസ് ഓഹരി വിലയിൽ എട്ട് ശതമാനത്തോളം ഇടിവ് രേഖപെടുത്തിയതിന് പിന്നാലെയാണ് സിക്കയുടെ രാജി. ഇൻഫോസിസിന്റെ സ്ഥാപക അംഗമല്ലാത്ത ആദ്യത്തെ സിഇഒ ആയിരുന്നു സിക്ക.

മുൻ നിര ഐടി കമ്പനികളായ ടിസിഎസും വിപ്രോയും അടുത്തിടെ ഓഹരികൾ തിരികെ വാങ്ങൽ പ്രഖ്യാപിച്ചിരുന്നു. ടിസിഎസ് 16000 കോടിയുടെയും വിപ്രോ 11000 കോടി രൂപയുടെയും ഓഹരികളാണ് തിരികെ വാങ്ങിയത്.