ന്യൂഡൽഹി: 2016 നവംബർ എട്ടിന് രാത്രി രാജ്യത്തെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറൻസികൾ അസാധുവാക്കിയ നടപടിക്ക് ഒരു വയസ്സാകുമ്പോൾ ആ മിന്നലാക്രമണം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും ഉദ്ദേശിച്ച ഫലങ്ങൾ ഉണ്ടായോ? ഇന്ത്യ ഇന്ന് രണ്ടുപക്ഷത്തിരുന്ന് ചർച്ചചെയ്യുകയാണ് ഇക്കാര്യം. തട്ടിക്കിഴിച്ചുനോക്കിയാൽ പ്രതീക്ഷകളുടെ ചെറുകിരണങ്ങൾ മാത്രം അവശേഷിപ്പിച്ച് ആ നടപടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നതായി എന്ന വിശകലനമാണ് സാമ്പത്തിക വിദഗ്ധരിൽ ഏറെയും മുന്നോട്ടുവയ്ക്കുന്നത്. അശാസ്ത്രീയമെന്ന് പറഞ്ഞ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിമർശനം ഏറ്റുവാങ്ങിയതോടെ ആദ്യം അനുകൂലിച്ചവർ പോലും നിരോധനത്തെ പിന്നീട് തള്ളിപ്പറഞ്ഞു. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വലിയ തകർച്ചയിലേക്ക് നയിച്ചുവെന്ന വിശകലനമാണ് നിരോധനത്തിന്റെ വാർഷികം എത്തുമ്പോൾ കൂടുതലായും പുറത്തുവരുന്നത്.

നൊബേൽ ജേതാവ് അമർത്യാസെൻ, യുഎസ് ട്രഷറി മുൻ സെക്രട്ടറി ലാറി സമ്മേഴ്സ്, മുൻ പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്മോഹൻസിങ്, റിസർവ് ബാങ്ക് മുൻ ഗവർണർമാരായ വൈ വി റെഡ്ഡി, ബിമൽ ജലാൻ തുടങ്ങി നിരവധി പേർ നോട്ടുനിരോധനം രാജ്യത്തിന്റെ മേൽ വീണ ഇടിത്തീയെന്ന് വ്യക്തമാക്കി രംഗത്തുവന്നു. കേന്ദ്രസർക്കാരിന്റെ നോട്ടുനിരോധനം കൃത്യമായ ദിശ നിർണയിക്കാത്ത മിസൈ ൽ വിക്ഷേപണം പോലെ ജനങ്ങൾക്കുമേൽ വന്നുപതിച്ചതായി കഴിഞ്ഞ ജനുവരിയിലാണ് അമർത്യാസെൻ അഭിപ്രായപ്പെട്ടത്. 500, 1000 രൂപാ നോട്ടുകൾ റദ്ദാക്കിയ ഇന്ത്യൻ സർക്കാർ നടപടി മഹാ അബദ്ധമായെന്ന് ലാറി സമ്മേഴ്സും, വൻ മണ്ടത്തരമാണെന്ന് മന്മോഹനുമെല്ലാം തുറന്നുപറഞ്ഞു. നോട്ടുനിരോധനത്തെ അനുകൂലിച്ചിരുന്നില്ലെന്ന് അന്നത്തെ റിസർവ് ബാങ്ക് ഗവർണറായ രഘുറാം രാജൻ കൂടി തുറന്നുപറഞ്ഞതോടെ മോദിയും കേന്ദ്രസർക്കാരും പ്രധാനഭരണകക്ഷിയായ ബിജെപിയും ഒഴികെ അധികം ആരും കേന്ദ്രനടപടി നല്ലതെന്ന് പറയാൻ ഉണ്ടായില്ല.

രാജ്യത്തെ മൊത്തം പരിഭ്രാന്തിയിലാഴ്‌ത്തിയാണ് കഴിഞ്ഞവർഷം നവംബർ എട്ടിന് രാത്രി എട്ടുമണിക്ക് കറൻസി നിരോധന പ്രഖ്യാപനം വന്നത്. പെട്ടന്നുള്ള ആവശ്യങ്ങൾക്കായി കൈവശം നിരോധിത നോട്ടുകൾ ഉണ്ടായിരുന്നവർ ശരിക്കും വലഞ്ഞു. മിനിട്ടുകൾക്കകം എടിഎമ്മുകൾക്ക് മുന്നിൽ നൂറിന്റെ നോട്ടുകൾക്കായി ജനം ഇരച്ചെത്തി. പിറ്റേന്നുമുതൽ ബാങ്കുകളിലേക്കും ജനം ഒഴുകി. ഡിസംബർ 30ന് മുമ്പായി അസാധുനോട്ടുകൾ മാറ്റിയെടുക്കാമെന്ന പ്രഖ്യാപനം വന്നെങ്കിലും ആവശ്യത്തിന് പുതിയ കറൻസികൾ എത്താത്തതിനാൽ ബാങ്കുകളുടെ പ്രവർത്തനം നോട്ടുമാറ്റത്തിൽ മാത്രമായി ഒതുങ്ങി. ഇതോടെതന്നെ ഒരു മുന്നൊരുക്കവും നടത്താതെ രാജ്യത്ത് നിലവിലുണ്ടായിരുന്ന കറൻസിയുടെ ഭൂരിഭാഗവും വരുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ നിരോധിച്ചതിന് കേന്ദ്രസർക്കാരിന് എതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

നോട്ടുനിരോധനത്തിന്റെ ആത്യന്തിക ലക്ഷ്യമായി കള്ളപ്പണത്തിന്റേയും കള്ളനോട്ടിന്റേയും വേട്ടയാണ് ലക്ഷ്യമിടുന്നതെന്നും ജനങ്ങളെ അൽപം ബുദ്ധിമുട്ടിച്ചാലും രാജ്യം വലിയ ലക്ഷ്യത്തിലേക്കാണ് ഉന്നംവയ്ക്കുന്നതെന്നും പറഞ്ഞ് കേന്ദ്രസർക്കാർ നടപടിയെ ന്യായീകരിച്ചു. നിരോധിച്ച നോട്ടുകൾ ഭൂരിഭാഗവും ബാങ്കിലേക്ക് എത്തില്ലെന്ന് സർക്കാർ കണക്കുകൂട്ടിയെങ്കിലും അത് തെറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്്. ഇതോടെ കള്ളപ്പണവേട്ടയെന്ന ലക്ഷ്യത്തിലുപരി ഡിജിറ്റലൈസേഷൻ ആണ് ലക്ഷ്യമെന്നും കള്ളപ്പണം ബാങ്കിലിട്ട് ലീഗൽ ആക്കിയവർക്കും പിടിവീഴുമെന്നും വ്യക്തമാക്കി മോദി സർക്കാർ ചുവടുമാറ്റി. പേ ടിഎം പോലുള്ള ഓൺലൈൻ വാലറ്റുകളുടെ ഉപയോഗമുൾപ്പെടെ കൂടിയത് ഡിജിറ്റലൈസേഷനെ ജനം സ്വീകരിച്ചുവെന്നതിന്റെ തെളിവായും ഉയർത്തിക്കാട്ടി.

ബാങ്കിങ് ഇടപാടുകൾ ഓൺലൈനാക്കാൻ ജനങ്ങളെ ആകർഷിക്കുന്നതിന് നിരവധി ഇളവുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ പിന്നാലെ നിയന്ത്രണങ്ങളും വന്നു. കുറച്ചു നാളുകൾ സർവീസ് ചാർജുകൾ ഒഴിവാക്കി ആർബിഐയും ഡിജിറ്റലൈസേഷനു പിന്തുണ നൽകിയെങ്കിലും ഇത് അധികനാൾ നീണ്ടുനിന്നില്ല. പിന്നീട് ബാങ്കിങ് ഇടപാടുകളുടെ സർവീസ് ചാർജുകൾ ജനങ്ങളുടെ നടുവൊടിക്കുന്ന തരത്തിലേക്ക് എത്തിയതോടെ ഭൂരിഭാഗം സാധാരണക്കാരും ഇതിൽ നിന്ന് പിന്മാറി. മിനിമം ബാലൻസിനും പണം അയയ്ക്കുന്നതിനും എടുക്കുന്നതിനും വരെ സർവീസ് ചാർജ് നൽകേണ്ട അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ.

കള്ളനോട്ടിന്റെ വ്യാപനം ഇല്ലാതായില്ലെന്ന് മാത്രമല്ല, അതുൾപ്പെടെ കള്ളപ്പണവും ഏതാണ്ട് പൂർണതോതിൽ ബാങ്കുകളിലേക്ക് എത്തുകയും ചെയ്തു. ഇതോടെ കറൻസി നിരോധനം കൊണ്ട് സർക്കാർ ഉദ്ദേശിച്ച പ്രധാന കാര്യങ്ങൾ ഇല്ലാതായെന്നുതന്നെ പറയാം. അപ്പോൾ ജനങ്ങളെ ഇത്രയും ബുദ്ധിമുട്ടിച്ച്, ഒരു മുന്നൊരുക്കവുമില്ലാതെ നടപ്പാക്കിയ തീരുമാനംകൊണ്ട് എന്തു ഗുണമാണ് ഇതുവരെ ഉണ്ടായതെന്ന ചോദ്യം ഉയരുന്നു. കുറച്ചുദിവസങ്ങൾക്കകം ഗുണഫലങ്ങൾ രാജ്യത്ത് വന്നുതുടങ്ങുമെന്ന് മോദി ആവർത്തിച്ച് പറഞ്ഞെങ്കിലും നോട്ടുനിരോധനത്തിന്റെ ഒന്നാം വാർഷികത്തിലും ഡിജിറ്റലൈസേഷൻ കാര്യത്തിൽ മാത്രം അൽപം പുരോഗതി ഉണ്ടായെന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിച്ചില്ലെന്ന വിലയിരുത്തലാണ് പൊതുവെ. എന്നാൽ ഡീമോണിറ്റൈസേഷൻ കൊണ്ട് രാജ്യത്ത് ഉണ്ടായ പ്രശ്‌നങ്ങളും.

കള്ളപ്പണവും കള്ളനോട്ടും എവിടെ? എന്തായി ഡിജിറ്റലൈസേഷൻ?

കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്ന ശുദ്ധീകരണ പ്രക്രിയ പാളം തെറ്റിയെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകൾ. നിരോധനക്കപ്പെട്ട കറൻസിയിൽ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് വ്യക്തമായതോടെ കേന്ദ്രസർക്കാരിന്റെ ഇക്കാര്യത്തിലെ വാദങ്ങൾ തകർന്നു. അസാധുവാക്കിയ നോട്ടുകളുടെ മൂല്യം 15.44 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ 15.28 കോടി രൂപയും റിസർവ് ബാങ്കിൽ തിരിച്ചെത്തി. കേന്ദ്രം കരുതിയിരുന്നത്, അല്ലെങ്കിൽ അവകാശപ്പെട്ടത് മുന്നുമുതൽ അഞ്ചുലക്ഷം കോടിവരെ രൂപ തിരിച്ചെത്തില്ലെന്നായിരുന്നു. എന്നാൽ വെറും പതിനാറായിരം കോടി രൂപയാണ് തിരിച്ചെത്താത്ത നോട്ടുകളുടെ മൂല്യം.

പുതിയ നോട്ടുകളുടെ അച്ചടിച്ചെലവ് മാത്രം എണ്ണായിരം കോടി കവിഞ്ഞുകഴിഞ്ഞു. ഇതോടെ ജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്കും രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടൊല്ലിടിച്ചതിനും വ്യക്തമായ സമാധാനം പറയാൻ കഴിയാത്ത സ്ഥിതിയിലായി മോദി സർക്കാർ. നോട്ടുമാറ്റൽ കാലയളവിൽ 7,62,000 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. ഇതിന് 20 കോടി രൂപയുടെ മൂല്യം വരും. മുൻവർഷം പിടിച്ചെടുത്ത കള്ളനോട്ടുകളുടെ മൂല്യത്തെ അപേക്ഷിച്ച് 20.4 ശതമാനം വർധന മാത്രമാണ് ഇക്കാര്യത്തിലുണ്ടായത്.

ഇതുവരെ എത്രരൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്ന് വ്യക്തമായി പറയാനോ ഇതു കണ്ടെത്താൻ എന്തു നടപടി സ്വീകരിച്ചുവെന്ന് പറയാനോ കേന്ദ്രത്തിന് കഴിയുന്നില്ല. അതിനാൽ ഇന്ന് ഏറ്റവും ചർച്ചചെയ്യപ്പെടുന്നതും ഈ വിഷയം തന്നെ. ഇതുവരെ വന്ന കണക്കുകൾ പ്രകാരം 4900 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തപ്പെട്ടു. ഇതിൽ നികുതിയായി സമാഹരിച്ചത് 2151 കോടി രൂപമാത്രം. തുടർ നടപടികൾ ഉണ്ടെന്ന് വ്യക്തമാക്കുമ്പോഴും ഇതിന് എത്രകാലം എടുക്കുമെന്നോ എന്ന് വെളിപ്പെടുമെന്നോ മോദി സർക്കാരിന് പറയാനാവുന്നില്ല.

കറൻസിരഹിത സമ്പദ് വ്യവസ്ഥയുടെ കുതിപ്പായിരുന്നു നോട്ടുനിരോധനത്തിന്റെ ലക്ഷ്യം എന്ന അവകാശ വാദവും പാളുന്ന സ്ഥിതിയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ പണമിടപാടിൽ 56 ശതമാനം വർധനയുണ്ടായെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. ചെറുകിട പണമിപാടുകളുടെ എണ്ണത്തിലുണ്ടായ ഈ കുതിപ്പ് എന്നാൽ മൂല്യത്തിൽ ഉണ്ടായില്ലെന്നതാണ് വസ്തുത. പണലഭ്യത കൂടിയതോടെയും സർവീസ് ചാർജുകൾ ഏറിയതോടെയും മുമ്പ് മുന്നോട്ടുവന്നവർ പോലും ഡിജിറ്റൽ ഇടപാടിൽനിന്ന് പിന്തിരിയുകയാണ് ഇപ്പോൾ.

2016 നവംബറിനും 2017 ഓഗസ്റ്റിനുമിടയിൽ ഡിജിറ്റൽ പണമിടപാടുമൂല്യത്തിൽ 18.8 ശതമാനം വർധന മാത്രമാണുണ്ടായതെന്ന് ആർ.ബി.ഐ.യുടെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, പണലഭ്യത ഏറക്കുറേ സാധാരണ നിലയിലായിട്ടുമുണ്ട്. നോട്ടുനിരോധനത്തിന് ഒരാഴ്ചമുമ്പ് 17.01 ലക്ഷം കോടി രൂപയാണ് ക്രയവിക്രയത്തിലുണ്ടായിരുന്നത്. ഈ വർഷം ഒക്ടോബർ 13-ഓടെ 15.32 ലക്ഷം കോടി രൂപ ക്രയവിക്രയത്തിലുണ്ടെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്. ഇത് നോട്ടുനിരോധനത്തിന് മുമ്പുണ്ടായിരുന്നതിന്റെ 89 ശതമാനം വരും. അപ്പോൾ നോട്ടിന്റെ എണ്ണം കുറയുന്ന സാഹചര്യമില്ലാതായതോടെ ഡിജിറ്റലൈസേഷൻ പാളുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനകാലത്ത് ഓൺലൈൻ ഇടപാടുകൾ ഏറ്റവും മുകളിൽ എത്തിയിരുന്നെങ്കിലും ഇപ്പോൾ കുറഞ്ഞുവരുന്ന പ്രവണതയാണ് കാണിക്കുന്നത്.

രാജ്യത്തെ വളർച്ചാ നിരക്ക് കുറഞ്ഞു; വ്യവസായ കാർഷിക മേഖല തകർന്നു

രാജ്യത്തിന്റെ വളർച്ചാ നിരക്കിൽ ഇക്കാലത്ത് 2.2ശതമാനം ഇടിവാണ് ഉണ്ടായത്. ഇതിന് പിന്നാലെ ജിഎസ്ടിയും സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു. നോട്ടുനിരോധനത്തിന്റെ ആരംഭകാലത്ത് സമ്പദ് വ്യവസ്ഥയിലെ ഇടിവ് താമസിയാതെ മാറുമെന്ന് ഐഎംഎഫും അന്താരാഷ്ട്ര ഏജൻസികളും വ്യക്തമാക്കിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

രാജ്യത്തെ ചെറുകിട-ഇടത്തരം വ്യാപാര മേഖലകളിൽ വലിയ തളർച്ചയാണ് ഉണ്ടായിട്ടുള്ളത്. കാർഷിക മേഖലയിലും വലിയ പ്രത്യാഘാതങ്ങൾ നോട്ടുനിരോധനം ഉണ്ടാക്കി. ഇതോടെ രാജ്യത്തിന്റെ വളർച്ച മുരടിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. രാജ്യത്തെ വ്യവസായ വളർച്ച കഴിഞ്ഞ നവംബറിൽ 5.7 ആയിരുന്നെങ്കിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അത് 4.3 ശതമാനമായി. മുൻവർഷം 7.9 ആയിരുന്നു ജിഡിപിയെന്നും ഓർക്കണം. കാർഷിക മേഖലയിലും വൻ പ്രതിസന്ധിയാണ് നേരിടുന്നത്.

രാജ്യത്തെ കോർപ്പറേറ്റുകളെ കാര്യമായി ബാധിക്കാത്ത നോട്ടുനിരോധനം ഇടത്തരക്കാരെയും സാധാരണജനങ്ങളെയും ആണ് ശരിക്കും വെള്ളംകുടിപ്പിച്ചത്. അസംഘടിത മേഖലയിൽ ജോലി ചെയ്തിരുന്നവരുടെ ജീവിതമാർഗം തന്നെ ഇല്ലാതായി. ഇത്തരത്തിൽ നോട്ടുനിരോധനം മൂലം രാജ്യത്തുണ്ടായ വൻ തിരിച്ചടിയാണ് വളർച്ചാനിരക്ക് കുറഞ്ഞതിലും പ്രതിഫലിച്ചത്. എന്നാൽ ഇത് പൂർവസ്ഥിതിയിലാകുമെന്നും രാജ്യം വളർച്ചയുടെ പാതയിലാണെന്നും ആവർത്തിച്ച നിലകൊള്ളുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും. ഒരു പാദത്തിലെ വളർച്ചാ നിരക്ക് താഴുന്നത് അത്രവലിയ പ്രശ്‌നമല്ലെന്നും വസ്തുതകൾ വച്ചല്ല, വൈകാരികമായാണ് വിമർശനങ്ങളെന്നും ചൂണ്ടിക്കാട്ടിയാണ് അടുത്തിടെ മോദി ഇതിനോട് പ്രതികരിച്ചത്.

എന്നാൽ വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടത്തിയതാണ് കറൻസിനിരോധനം രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷകരമായത് എന്ന് നിസ്സംശയം പറയാം. കള്ളപ്പണം വെളുപ്പിക്കൽ തടയാൻ സാധ്യതയുള്ള വഴികൾ അടയ്ക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന ആരോപണം തെളിയിക്കുന്നതായിരുന്നു കടലാസു കമ്പനികൾ രൂപീകരിച്ച് നടത്തപ്പെട്ട നിക്ഷേപവും വിദേശത്തേക്ക് കടത്തപ്പെട്ട കള്ളപ്പണവും. ഇത് തടയുന്നതിന് മുൻകൂട്ടി നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പകരം സാധാരണക്കാർ തങ്ങളുടെ കൈവശമുള്ള അപൂർവം നോട്ടുകളുമായി ജോലിക്കുപോലും പോകാനാവാതെ ബാങ്കുകൾക്ക് മുന്നിൽ ക്യൂനിൽക്കേണ്ട സ്ഥിതി ഉണ്ടാക്കുകയും ചെയ്തു.

നോട്ടുനിരോധത്തിന് ശേഷം 35,000 കടലാസ് കമ്പനികൾ പതിനേഴായിരം കോടി രൂപ ബാങ്കുകളിൽ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ കള്ളപ്പണക്കാർ പണം വെളുപ്പിക്കാൻ പഴുതുകൾ ഉണ്ടാക്കുന്നത് മുൻകൂട്ടിക്കാണാൻ കേന്ദ്രത്തിന് കഴിഞ്ഞില്ല. ഇതോടെ ജനങ്ങളെ വിഷമത്തിലാക്കുകയും രാജ്യത്തെ വളർച്ചയെ പിന്നോട്ടടിപ്പിക്കുകയും ചെയ്യുന്ന ഒരു നടപടി മാത്രമായി നരേന്ദ്ര മോദിയുടെ മിന്നലാക്രമണം. പാളിപ്പോയ ശസ്ത്രക്രിയയെന്ന് ഈ വാർഷിക ദിനത്തിലും ഈ നടപടി വിലയിരുത്തപ്പെടുന്നതും ഇത്തരം കാരണങ്ങൾ കൊണ്ടുതന്നെ.