- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
ഗൂഡല്ലൂർ: മസിനഗുഡിയിൽ ആനയെ തീ കൊളുത്തി കൊലപ്പെടുത്തിയത് റിസോർട്ട് ഉടമകൾ. കാട്ടാന ചരിഞ്ഞ സംഭവത്തിൽ റിസോർട്ട് ഉടമകളായ പ്രശാന്ത്, റെയ്മണ്ട് ഡീൻ എന്നിവരാണ് അറസ്റ്റിലായത്. റിക്കി റിയാൻ എന്നയാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പെട്രോൾ നിറച്ച ടയർ എറിഞ്ഞ് പൊള്ളലേൽപ്പിച്ച കാട്ടാനയാണ് ദാരുണമായി ചരിഞ്ഞത്. കാട്ടാനയെ തീകൊളുത്തിയ ദൃശ്യങ്ങൾ പുറത്തായതോടെയാണ് അന്വേഷണം ശക്തമായത്.
നവംബറിലാണ് അതിക്രമം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ആന കാടുകയറാതെ ജനവാസ മേഖലയിൽ തുടരുകയായിരുന്നു. മയക്കുവെടിവച്ച് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചരിഞ്ഞത്. രാത്രിയിൽ റിസോർട്ടിലേക്ക് എത്തിയ ആനയുടെ നേരെ റിസോർട്ടിൽ നിന്നും ടയർ കത്തിച്ചെറിഞ്ഞു. മസ്തകത്തിൽ പതിച്ച ടയറുമായി കാട്ടിലേക്കോടിയ ആനയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും പിന്നീട് ചെരിയുകയും ചെയ്തു. കത്തി കൊണ്ടിരിക്കുന്ന ടയറിൽ നിന്നും തീ ആനയുടെ ചെവിയിലൂടെ മസ്തിഷ്കമാകെ പടർന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കത്തിയെരിഞ്ഞ ടയർ ദേഹത്തൊട്ടിയ നിലയിൽ ആന മണിക്കൂറുകളോളം പ്രദേശത്തെ വനമേഖലയിലൂടെ ഓടിയെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഗുരുതരമായി തീപൊള്ളലേറ്റും രക്തം വാർന്നുമാണ് ആന ചരിഞ്ഞത്.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മസിനഗുഡിയിലെ സ്വകാര്യ റിസോർട്ടിന് സമീപമാണ് സംഭവം. മേഖലയിൽ കാട്ടാനകളും വന്യജീവികളും ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്. നാട്ടിലിറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് മുകളിൽ നിന്ന് കത്തുന്ന ടയർ വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ