മൽഹാസൻ തിരക്കഥയും നിർമ്മാണം നിർവ്വഹിച്ച് തീയറ്ററിലെത്താൻ കാത്തിരിക്കുന്ന ഉത്തമ വില്ലന്റെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാറും മുസ്ലിം സംഘടകളും രംഗത്ത്. ഹിന്ദുമത വിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ കഥ എന്നാരോപിച്ചാണ് ഉത്തമ വില്ലന്റെ പ്രദർശനം നിരോധിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടത്. ഇതിന് പിന്തുണയുമായിട്ടാണ് ഇപ്പോൾ ചിത്രത്തിനെതിരെ ഇസ്ലാം സംഘടനയായ ഇന്ത്യൻ നാഷണൽ ലീഗ്(ഐ.എൻ.എൽ) രംഗത്തെത്തിയത്.

'ഉത്തമ വില്ലൻ' വിലക്കണമെന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് കഴിഞ്ഞ ദിവസം കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ചിത്രത്തിലെ 'ഇറാനിയൻ നാടകം' എന്ന ഗാനത്തിന്റെ വരികളാണ് വി.എച്ച്.പിയെ ചൊടിപ്പിച്ചത്. പാട്ടിൽ പ്രഹ്ലാദനും ഹിരണ്യകശിപുവും തമ്മിൽ നടത്തുന്നതായുള്ള ആശയവിനിമയം ഹിന്ദുമത വിശ്വസികളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്നാണ് ആരോപണം. പാട്ടിന്റെ വരികൾ ഭഗവാൻ വിഷ്ണുവിന്റെ ഭക്തരെ വേദനിപ്പിക്കുമെന്നും പരാതിയിൽ പറയുന്നു.

ഇപ്പോൾ ഐ.എൻ.എൽ പിന്തുണയുമായി രംഗത്തെത്തിയത് സംഘപരിവാറിന് ഊർജ്ജം പകർന്നിട്ടുണ്ട്. വിവിധ മതവിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണ് ചിത്രമെന്നും പബ്‌ളിസിറ്റിക്കു വേണ്ടി കമൽഹാസൻ നടത്തുന്ന തരംതാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി വേണമെന്നും ഐ.എൻ.എൽ സെക്രട്ടറി എം.നസീർ അഹമദ് ആവശ്യപ്പെട്ടു. കമൽ ഹാസന്റെ മുമ്പ് പുറത്തിറങ്ങിയ ചിത്രമായ വിശ്വരൂപം മുസ്ലിം മതത്തിന് എതിരെയായിരുന്നു. എന്നാൽ പുതിയ ചിത്രമായ ഉത്തമ വില്ലനിൽ അത് ഹിന്ദു മതത്തിന് എതിരെയാണെന്ന് പൊലീസിൽ പരാതി നൽകിയ ശേഷം നസീർ കൂട്ടിച്ചേർത്തു. ഇതിൽ പൊലീസ് ഉചിതമായ നടപടി സ്വീകരിക്കണമെന്നതാണ് പൊതുവികാരമെന്നും നസീർ പറഞ്ഞു.

മെയ് ഒന്നിനാണ് ഉത്തമ വില്ലന്റെ റിലീസിങ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിനെതിരെ വി എച്ച് പിക്ക് പിന്തുണയുമായി മുസ്ലിം സംഘടനകൾ എത്തുന്നത് റിലീസിങ് മാറ്റി വയ്ക്കാൻ കാരണമായേക്കാമെന്നാണ് സൂചന. രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ഉത്തമവില്ലൻ പറയുന്നത്. എട്ടാം നൂറ്റാണ്ടിലെ ഒരു നാടകനും ഈ കാലഘട്ടത്തിലെ സൂപ്പർ സ്റ്റാറിന്റെയും കഥയാണ് ഉത്തമവില്ലൻ. രമേശ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.