കാസർകോട്: കോ ലീ ബി സംഖ്യവും ( കോൺഗ്രസ് ലീഗ് ബിജെപി), കോ ലീ മാ സഖ്യവും (കോൺഗ്രസ് ലീഗ് മാർക്‌സിസ്റ്റ്) ഇപ്പോഴും പല പഞ്ചായത്തുകളിലും നടമാടുന്ന ജില്ലയാണ് കാസർകോട്. ഈ വിചിത്ര സഖ്യങ്ങൾപോലെ വിചിത്രമാണ് കാസർകോട്ടുനിന്ന് ഉയർന്നുവരുന്ന മറ്റ് വാർത്തകളും.

തെരഞ്ഞെടുപ്പ് ജയിക്കാൻ കള്ളവോട്ട് ചേർത്തെന്നും പണം കൊടുത്തുവെന്നുമൊക്കെ മുമ്പ് എമ്പാടും വാർത്തകൾ കേട്ടിട്ടുണ്ട്. പക്ഷേ കൂടോത്രവും മന്ത്രവാദവും ചെയ്തുവെന്ന വാർത്ത ചരിത്രത്തിൽ ആദ്യമായിട്ടായിരക്കണം. അതും ഇത്തരം കാര്യങ്ങളിൽ വിശ്വാസമില്‌ളെന്ന് പറയുന്ന രണ്ട് മുസ്ലിം സ്ഥാനാർത്ഥികളുടെ പേരിൽ.

പള്ളിക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ മുസ്ലിംലീഗ് സ്ഥാനാർത്ഥി പരാജയപ്പെടാൻ ഐ.എൻ.എല്ലുകാർ കൂടോത്രം നടത്തിയെന്നാണ് ആക്ഷേപം. ലീഗ് സ്ഥാനാർത്ഥി സക്കീന ബഷീറിന്റെ വീട്ടുവരാന്തയിൽ ഒരുദിനം രാവിലെ തുണിയിൽ പൊതിഞ്ഞ നിലയിൽ കോഴിമുട്ടയും മഞ്ഞൾപ്പൊടിയും കാണപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ഇത് ആഭിചാരക്രിയയുടെ ലക്ഷണമായി എന്നാണ് വിശ്വാസം. തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർത്ഥിയുടെ വീട്ടിനു മുന്നിലാകുമ്പോൾ അത് എതിർപക്ഷമായിരിക്കും എന്ന് യു.ഡി.എഫ് നേതൃയോഗം ഉറപ്പിക്കുകയും ആഭിചാരക്രിയക്ക് എതിരെ ബേക്കൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

എന്നാൽ, ഏതുവകുപ്പ് പ്രകാരമാണ് കേസെടുക്കേണ്ടതെന്ന അങ്കലാപ്പിലാണിപ്പോൾ പൊലീസ്. മാനഹാനി, അതിക്രമിച്ചു കടക്കൽ, മലിനമാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസാക്കാമെന്നതിന് പരാതിക്കാർ തയാറുമല്ല.

നേരത്തേമുസ്ലിംലീഗ് വാർഡ് പ്രസിഡന്റ് ഹദ്ദാദ് നഗറിലെ അൽനുജൂം അബ്ബാസ് ഹാജിയുടെ വീട്ടുവരാന്ത എണ്ണയൊഴിച്ച് വികൃതമാക്കിയ സംഭവവുമുണ്ടായിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. മുസ്ലിംലീഗ് അനുഭാവികളായ അബ്ദുല്ല, ഹംസ എന്നിവരുടെ കടയുടെ പൂട്ടിൽ പൂഴി നിറക്കുകയും സൂപ്പർ ഗ്‌ളൂ പശ ഒഴിക്കുകയും ചെയ്തിരുന്നു. ഇതിന് തിരച്ചടിയെന്നോളം ഇടത് അനുഭാവികളായ ചിലരുടെ വീട്ടിൽ കരി ഓയിൽ പ്രയോഗം നടന്നതായും പരാതിയുണ്ട്. ഐ.എൻ.എല്ലിന് സ്വാധീനമുള്ള പള്ളിക്കര പഞ്ചായത്തിൽ ഇരു പാർട്ടികളും കടുത്ത പോരാട്ടത്തിലാണ്.