- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിം കോഓർഡിനേഷൻ കമ്മിറ്റിയുമായി ഐഎൻഎലിലെ ഒരു വിഭാഗം; ഒത്താശ ചെയ്തു പി.ടി.എ റഹീം എംഎൽഎയും; ഐഎൻഎൽ പിളർത്തി പുതിയ പാർട്ടി രൂപീകരിക്കാനുള്ള വിമതനീക്കത്തിന്റെ ആദ്യചുവടുകളെന്ന സംശയത്തിൽ ഔദ്യോഗിക വിഭാഗവും; കാന്തപുരം പിന്തുണക്കില്ലെന്ന പ്രതീക്ഷയിൽ് ഔദ്യോഗിക വിഭാഗം
കോഴിക്കോട്: ഭരണപക്ഷത്തു നിന്നും മന്ത്രി സ്ഥാനം ലഭിച്ചതോടെ ഐഎൻഎല്ലിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ഒരു വിഭാഗം നേതാക്കൾ വിമത പ്രവർത്തനവുമായി രംഗത്തു വരുന്നതാണ് പാർട്ടിക്ക് വെല്ലുവിളിയാകുന്നത്. അതേസമയം ഇടതു സ്വതന്ത്ര എംഎൽഎയായ പി ടി എ റഹീമും വിമത വിഭാഗവുമായി ചേരുന്നതാണ് പാർട്ടിയിലും മുന്നണിയിലും ആശങ്കയുണ്ടാക്കുന്നത്.
വഖഫ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചാണ് പി.ടി.എ.റഹീം എംഎൽഎ കളത്തിലിറങ്ങിയിരിക്കുന്നത്. ഐഎൻഎലിലെ ഒരു വിഭാഗം മുസ്ലിം കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതായി പ്രചാരണം. ഐഎൻഎൽ പിളർത്തി ഐഎൻഎൽ കേരളയെന്ന പുതിയ പാർട്ടി രൂപീകരിക്കാനുള്ള വിമതനീക്കത്തിന്റെ ആദ്യചുവടുകളാണ് ഇതെല്ലാമെന്ന സംശയത്തിലാണ് ഔദ്യോഗിക വിഭാഗം നേതാക്കൾ.
മതപരവും വിശ്വാസപരവുമായ പ്രശ്‌നങ്ങളിൽ ഇടപെടാനുള്ള കോഓർഡിനേഷൻ കമ്മിറ്റികളുടെ തലപ്പത്തേക്കു വരികയെന്നത് ഐഎൻഎലിന്റെ പരിഗണനയിലില്ലെന്ന നിലപാടാണ് നിലവിൽ ഔദ്യോഗിക നേതൃത്വത്തിനുള്ളത്. പാർട്ടിയുടെ മതനിരപേക്ഷ സ്വഭാവത്തിലൂന്നി ഇടതുപക്ഷത്തു നിൽക്കുകയാണ് നേതാക്കൾ ലക്ഷ്യമിടുന്നത്. എന്നാൽ ഇടതുപക്ഷം പൊതുവായൊരു തീരുമാനമെടുത്താൽ അതിനൊപ്പം നിൽക്കുമെന്നും സംസ്ഥാന നേതാക്കൾ പറയുന്നു.
എന്നാൽ മാസങ്ങൾക്കു മുൻപ് പാർട്ടി പിളർന്നപ്പോൾ വിമതരായി നിന്ന വിഭാഗമാണ് മുസ്ലിം കോഓർഡിനേഷൻ കമ്മിറ്റിക്കു പിന്നിലെന്നാണ് ഔദ്യോഗിക വിഭാഗത്തിലെ ചില നേതാക്കൾ ആരോപിക്കുന്നത്. ഇതേസമയം ഇടതു സ്വതന്ത്ര എംഎൽഎയായ പി.ടി.എ.റഹീമിന്റെ നേതൃത്വത്തിൽ വഖഫ് ആക്ഷൻ കൗൺസിൽ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരികെപ്പിടിക്കുകയെന്ന ലക്ഷ്യവുമായാണ് ആക്ഷൻ കൗൺസിൽ പ്രവർത്തിക്കുന്നത്.
ഐഎൻഎൽ പിളർന്നപ്പോൾ തർക്കത്തിൽ കക്ഷിയാവരുതെന്നാണ് ഇടതുമുന്നണി റഹീമിനു നൽകിയ നിർദ്ദേശമെന്ന് നേതാക്കളിൽ ചിലർ പറഞ്ഞു. പാർട്ടിയെ വീണ്ടും പിളർത്തി ഐഎൻഎൽ കേരള രൂപീകരിക്കുന്നതിനു ഇടതു മുന്നണിയോ കാന്തപുരം വിഭാഗമോ പിന്തുണ നൽകില്ലെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വാസം.
മറുനാടന് മലയാളി ബ്യൂറോ