കോഴിക്കോട്: 24 വർഷത്തെ അവഗണനകൾക്ക് മറുപടി നൽകാൻ ഐ എൻ എൽ ഇടത് ബന്ധം ഉപേക്ഷിക്കുന്നു. ഐ എൻ എല്ലിന് ശേഷം വന്ന പല ചെറുപാർട്ടികൾക്കും, പിസി തോമസിന്റെ ഒറ്റയാൾ കേരള കോൺഗ്രസിനുമടക്കം ഇടതുമുന്നണിയിൽ പ്രവേശനം നൽകിയപ്പോഴും 1994 മുതൽ ഇടതുപക്ഷത്തിനൊപ്പം അടിയുറച്ച് നിന്ന ഐഎൻഎല്ലിനെ ഇതുവരെയായിട്ടും മുന്നണിയിലെടുക്കാത്തത് ഇനിയും സഹിക്കാനാവില്ലെന്ന തീരുമാനത്തിലാണ് നേതൃത്വം. ഇതിനിടെ 24 വർഷത്തെ അവഗണനയിൽ മനംമടുത്ത് നിരവധി നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിലേക്ക് തന്നെ മടങ്ങി.

ഇങ്ങനെ ഓരോരുത്തരായി പലയിടങ്ങൽലേക്ക് പിരിഞ്ഞ് പോയി പാർട്ടി തന്നെ ഇല്ലാതാകുമെന്ന സാഹചര്യത്തിലാണ് നീണ്ട കാൽ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പുകൾക്ക് അവസാനമിട്ട് ഐ എൻ എൽ പുതിയ പാളയം തേടുന്നത്. മലപ്പുറത്തും കാസർകോഡുമെല്ലാം ഇടതുമുന്നണിക്ക് വിശിഷ്യ സിപിഎമ്മിന് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന പലമേഖലകളിലും മുന്നണി സ്ഥാനാർത്ഥികൾ ജയിച്ചപ്പോൾ പ്രധാന പങ്ക് വഹിച്ചത് ഐ എൻ എല്ലായിരുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം എം എൽ എമാരുണ്ടായിരുന്ന പ്രതാപ കാലത്തും കേരളത്തിൽ ഐ എൻ എല്ലിന് വേണ്ട പരിഗണന ഇടതുമുന്നണി നൽകിയിരുന്നില്ല.

ഇന്നും മലപ്പുറത്തും, കോഴിക്കോടും, കാസർകോഡുമൊക്കെ മുസ്ലിം ലീഗിന് ഭീഷണിയുയർത്താൻ ഇടതുമുന്നണിക്കുള്ള ഏക തുറുപ്പ് ചീട്ടും ഐഎൻഎല്ലാണെന്നിരിക്കെ ഇത്രയും നാളായിട്ടും അവഗണന മാത്രം നൽകിയ മുന്നണിയോടൊപ്പം ഇനി സഹിക്കാനാകില്ലെന്ന തീരുമാനത്തോട്് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ എല്ലാവരും യോജിച്ചിരുന്നു. നേരത്തെ പാർട്ടിക്ക് കേരളത്തിലുണ്ടായിരുന്ന എം എൽ എയായിരുന്ന പി എം സലാം ഈ അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് മുസ്ലിംലീഗിൽ ചേർന്നിരുന്നു.

മുസ്ലിം ലീഗാവട്ടെ പിഎംഎ സലാമിന് കോർപറേഷൻ ചെയർമാൻ സ്ഥാനവും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനവുമൊക്കെ നൽകി വേണ്ട പരിഗണന നൽകുകയും ചെയ്തു. ഇതുകൊണ്ടൊക്കെ തന്നെ ഐ എൻ എൽ പിരിച്ച് വിട്ട് മുസ്ലിം ലീഗിൽ ലയിക്കണമെന്ന നിർദ്ദേശവും ചിലർക്കുണ്ട്. ഇതിനായി മുസ്ലിം ലീഗുമായി ചർച്ചകളും നടന്നുവരുന്നുണ്ട്. ലീഗിലെത്തിയാൽ അർഹമായ പരിഗണന പ്രവർത്തകർക്കും നേതാക്കൾക്കും ലഭിക്കുമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്.

ബാബറി മസ്ജിദ് തകർച്ചയുടെ ഘട്ടത്തിലാണ് മുസ്ലിം ലീഗിലെ ഒരുവിഭാഗം ഇബ്രാഹിം സുലൈമാൻ സേഠിന്റെ നേതൃത്വത്തിൽ ഐഎൻഎൽ രൂപീകരിക്കുന്നത്. അന്നാപാർട്ടിക്ക് പേരും ഭരണഘടനയുമൊക്കെ ഉണ്ടാക്കിക്കൊടുത്തതാകട്ടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇഎംഎസും. പിന്നീട് ബാബരി തകർച്ചയുടെ പശ്ചാതലത്തിൽ പിഎം അബൂബക്കിറിന്റെ നിര്യാണത്തെ തുർന്ന് 1994ൽ നടന്ന ഗുരുവായൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സമദാനിയെ തോൽപിച്ച് പിടി കുഞ്ഞുമുഹമ്മദ് ഇടത് സ്വതന്ത്രനായി ജയിച്ചപ്പോഴും നിർണ്ണായകശക്തിയായരുന്നത് ഐഎൻഎല്ലായിരുന്നു.

അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഇടത് മുന്നണിയിൽ അടുത്തതായി ആരെയെങ്കിലും ഇനിയെടുക്കുന്നുണ്ടങ്കിൽ അത് ഐ എൻ എല്ലിനെയായിരിക്കുമെന്ന്. അതിന് ശേഷം നിരവധി അവസരവാദ, ഒറ്റയാൾ രാഷ്ട്രീയ പാർട്ടികൾ ഇടതുമുന്നണിയൽ വരികയും പോവുകയും ചെയതപ്പോഴും നീണ്ട കാൽനൂറ്റാണ്ട് കാലം ഇടത് മുന്നണിക്കൊപ്പം നിന്ന ഐ എൻ എല്ലിനെ മാത്രം മുന്നണിയിലെടുത്തില്ല. ഇതിനിടയിൽ ചരിത്രത്തിലാദ്യമായി 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടി സ്ഥാനാർത്ഥിയായി പി എം സലാം കോഴിക്കോട് സൗത്തിൽ പതിനാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എം എൽ എയായി ജയിച്ചു. അന്നും ഈ പതിവ്് പല്ലവി ആവർത്തിച്ചു.

അടുത്ത് മുന്നണിലെത്തുന്നെത് ഐഎൻഎല്ലായിരിക്കുമെന്ന്. യു ഡി എഫിന്റെ രൂപീകരണകാലം തൊട്ട് യുഡിഎഫിലുണ്ടായിരുന്ന ബാലകൃഷ്ണപിള്ളക്ക് ബാലകൃഷണപിള്ളക്ക് കാബിനറ്റ് റാങ്കോടെ മുന്നാക്ക കോർപറേഷൻ ചെയർമാൻ സ്ഥാനവും ഇടത് മുന്നണി നൽകി. അവസരത്തിനൊത്ത് കളമാറിക്കളിക്കുന്ന പലപാർട്ടികളെയും സിപിഎം നേതൃത്വം മുന്നണിയിലേക്ക് ക്ഷണിക്കുമ്പോഴും ഐഎൻഎല്ലിന്റെ കാര്യം ഇത്വരെ ചർച്ചയിൽപോലും വന്നില്ല. വീരേന്ദ്രകുമാറിന്റെ ജനതാദളും, ആർഎസ്‌പിയുമൊക്കെ മുന്നണിയിൽ വരണമെന്ന് കോടിയേരി ഇടക്കിടെ പറയുമ്പോഴും കാൽനൂറ്റാണ്ട് കാലം തങ്ങളുടെ കൂടെ നിന്ന പലനിർണായക തെരഞ്ഞെടുപ്പുകളിലും കരുത്തായ ഐഎൻഎല്ലിന്റെ കാര്യത്തിൽ ഇപ്പോഴും ഇടത് മുന്നണി മൗനം തുടരുകയാണ്.

ഇതുകൊണ്ടൊക്കെ തന്നെയാണ് ഇനിയീ ആട്ടുംതുപ്പും സഹിക്കാനാകില്ലെന്ന തീരുമാനത്തിലേക്ക് ഐഎൻഎൽ എത്തിയിരിക്കുന്നു. നിലവിൽ ഇടത് മുന്നണി ഐ എൻ എൽ സംസ്ഥാന ജനറൽസെക്രട്ടറി പ്രൊഫ എപി അബ്ദുൽ വഹാബിന് നൽകിയ പിന്നോക്ക വികസ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ഉപേക്ഷിക്കാനും കോഴിക്കോട് സംസ്ഥാന കൗൺസിലിൽ ആവശ്യം ഉയർന്നിട്ടുണ്ട്. ഇത്രയും കാലം ഇടത് മുന്നണിയെ അധിക്ഷേപിച്ച ബാലകൃഷ്ണപിള്ളക്കുള്ള വിലപോലും മുന്നയിയോടൊപ്പം കാൽനൂറ്റാണ്ട് കാലം അടിയുറച്ച് നിന്ന തങ്ങൾക്കില്ലെങ്കിൽ പിന്നെയും കടച്ച് തൂങ്ങി നിൽക്കേണ്ടന്ന പാർട്ടി പ്രവർത്തകരുടെ പൊതുവികാരത്തിനൊപ്പം നിൽക്കണമെന്നതാണ് നേതാക്കളും ആവശ്യപ്പെടുന്നത്.