കൊച്ചി: എംപി ഫണ്ടെന്നാൽ പാർലമെന്റ് അംഗത്തിന്റെ ഫണ്ട് എന്നല്ല അർത്ഥം. ഖജനാവിലെ ജനങ്ങളുടെ പണം ഒരു ലോക്‌സഭാ മണ്ഡലത്തിൽ വിനിയോഗിക്കാനായി അനുവദിക്കപ്പെടുന്നുവെന്നാണ് ആർത്ഥം. എന്നാൽ മിക്ക എംപിമാരും അത് തങ്ങളുടെ ഔദാര്യമെന്ന പോലെയാണ് ചെലവാക്കുന്നത്. പദ്ധതിയിൽ എംപി എഴുതിയ തുക കരാറുകാർക്ക് കൊടുക്കണം. അത് എങ്ങനെയാണ് വിനിയോഗിക്കുന്നതെന്ന് പരിശോധിക്കുന്നതു പോലും എംപി മാർക്ക് ഇഷ്ടപ്പെടില്ല. കോഴിക്കോട് കളക്ടർ പി പ്രശാന്തും എംപിയായ രാഘവനും തമ്മിലെ തർക്കും പൊതു സമൂഹം ചർച്ചയാക്കിയതുമാണ്. ഇവിടെയാണ് സിനിമാക്കാരൻ എംപിയുടെ പ്രസക്തി. കേരളത്തിലെ എംപിമാരെങ്കിലും ഇന്നസെന്റിനെ കണ്ടു പഠിക്കണം. ഖജനാവ് പണം പാഴാകുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടെതെല്ലാം ചെയ്യുകയാണ് എംപിമാരിലെ സിനിമാക്കാരനായ ഇന്നസെന്റ്.

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പദ്ധതികൾ സമയബന്ധിതമായും ഫലപ്രദമായും പൂർത്തിയാക്കുന്നതിനായി സോഷ്യൽ ഓഡിറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഇന്നസെന്റ് എംപി അറിയിച്ചു. എംപി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ ഓരോ സമയത്തേയും പുരോഗതി ജനങ്ങൾക്ക് നേരിട്ട് മനസിലാക്കാൻ അവസരമൊരുക്കുന്നതിനാണ് സോഷ്യൽ ഓഡിറ്റ് ഏർപ്പെടുത്തുന്നതെന്ന് ഇന്നസെന്റ് എംപി പറഞ്ഞു. ഒക്ടോബർ മാസത്തോടെ സോഷ്യൽ ഓഡിറ്റ് സംവിധാനം നിലവിൽ വരുമെന്ന് അദ്ദേഹം അറിയിച്ചു. ആദ്യമായാണ് എംപി ഫണ്ട് വിനിയോഗത്തിൽ ജനകീയ മേൽനോട്ടം ആവിഷ്‌കരിക്കുന്നത്. എംപി നിർദ്ദേശിച്ചിരിക്കുന്ന ഓരോ പദ്ധതിയും നിശ്ചിത സമയത്തിനുള്ളിൽത്തന്നെ പൂർത്തിയാക്കുന്നതിന് ജനകീയ മേൽനോട്ടം ഉണ്ടാകും.

നടപ്പു സാമ്പത്തിക വർഷം മുതൽ ഇതിനാവശ്യമായ ക്രമീകരണം ഏർപ്പെടുത്തുമെന്നും എംപി അറിയിച്ചു. ഇതോടെ അഴിമതി പൂർണ്ണമായും ഇല്ലാതാക്കപ്പെടും. കരാറുകാർക്ക് സ്വന്തം ഇഷ്ടപ്രകാരം പണി ചെയ്യാനും കഴയില്ല. ഗുണനിലവാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉറപ്പാക്കാനാണ് നീക്കം. പദ്ധതികളുടെ നിർദ്ദേശം എംപി സമർപ്പിക്കുന്നതു മുതൽ നിർവഹണത്തിന്റെ ഓരോ ഘട്ടവും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള കലണ്ടർ തയാറാക്കും. എസ്റ്റിമേറ്റ് തയാറാക്കൽ, ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കൽ, നിർമ്മാണ നിർവഹണം എന്നിങ്ങനെ ഓരോ ഘട്ടം പൂർത്തിയാക്കുന്നതിനും സമയക്രമം നിശ്ചയിക്കും. ഓരോ ഘട്ടവും പൂർത്തിയാക്കേണ്ട ഉദ്യോഗസ്ഥരുടെയും പേരും ഫോൺ നമ്പറും ഉൾപ്പെടുത്തിയാകും കലണ്ടർ തയാറാക്കുക.

ഓരോ പദ്ധതിയുടെയും പുരോഗതി അതതു സ്ഥലങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, വാർഡ് പ്രതിനിധികൾ എന്നിവരുൾപ്പെട്ട സമിതി നിരന്തരം വീക്ഷിക്കും. വീഴ്ച വരുത്തുന്നവർക്കെതിരേ കർശന നടപടി ശുപാർശ ചെയ്യും. ഇങ്ങനെ തയാറാക്കുന്ന കലണ്ടർ എംപിയുടെ വെബ്‌സൈറ്റ് തയാറാക്കി അതിൽ പ്രസിദ്ധപ്പെടുത്തുമെന്നും ഇന്നസെന്റ് വ്യക്തമാക്കി. ഇടത് സ്വതന്ത്രനായാണ് ചാലക്കുടിയിൽ നിന്ന് ഇന്നസെന്റ് കന്നി ലോക്‌സഭാ അങ്കത്തിൽ ജയിച്ചത്. അതിന് ശേഷം പാർലമെന്റിൽ നടത്തിയ പല പ്രസംഗങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്യൻസർ രോഗികളുടെ ഉന്നമനത്തിനായി മലയാളത്തിൽ ഇന്നസെന്റ് മുന്നോട്ട് വച്ച പല നിർദ്ദേശങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചലച്ചിത്രതാരമാകുന്നതിന് മുമ്പ് രാഷ്ട്രീയഗോദയിൽ ആദ്യമായി നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്നസെന്റ് വർഷങ്ങൾക്കുശേഷം രാഷ്ട്രീയത്തിൽ തന്റെ രണ്ടാം അങ്കത്തിന് ഇറങ്ങിയപ്പോൾ അത് ജീവിതത്തിൽ ഒരു പുനർജന്മം നേടിയ ശേഷം ആയിരുന്നു. ആരും ഒന്ന് പകച്ചുപോകുന്ന ക്യാൻസർ എന്നാ രോഗത്തെ പൊരുതി തോൽപ്പിച്ച ശേഷം. ചാലക്കുടിയിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളിൽ ഒരാളായ പി സി ചാക്കോയെ പതിനാലായിരത്തിലധികം വോട്ടുകളുടെ ഭൂരപക്ഷത്തിനാണ് സി പി എം സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് പരാജയപ്പെടുത്തിയത്. ആദ്യമായി ഇന്നസെന്റ് രാഷ്ട്രീയത്തിൽ ഇറങ്ങിയത് 1979ലാണ്. അന്ന് ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ജനതാദളിന്റെ സ്ഥാനാർത്ഥിയായി ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായാണ് ഇന്നസെന്റ് ജയിച്ചത്.