സിനിമാക്കാരിലെ രാഷ്ട്രീയക്കാരനാണ് ഇപ്പോൾ ഇന്നസെന്റ്. മലയാളികളെ ചിരിച്ചു ചിന്തിപ്പിച്ചും സിനിമാ സംഘടനയുടെ തലപ്പത്ത് വരെയെത്തിയ ഇരിങ്ങാലക്കുടക്കാരൻ. പേരിലെ നിഷ്‌കളങ്കത ജീവതത്തിൽ തുടരുന്നു. അതുകൊണ്ട് തന്നെ ശത്രുക്കളായെത്തുന്നവരും ഇന്നച്ചന്റെ ബന്ധുക്കളാകും. ഈ ഗുണങ്ങൾ തന്നെയാകാണ് ഇടതുമുന്നണിയുടെ കണ്ണും അമ്മയെന്ന സിനിമാ സംഘടനയുടെ പ്രസിഡന്റായ ഇന്നച്ചനിലേക്ക് എത്തിയത്. അങ്ങനെ ഇടത് സ്വതന്ത്രനായി ചാലക്കുടിയുടെ ജനപ്രതിനിധിയായി ഇന്നസെന്റ് പാർലമെന്റിലെത്തി.

വാക്കുളിൽ നർമ്മം ഒളിപ്പിച്ച് രാഷ്ട്രീയ വിമർശനങ്ങളും ഇന്നസെന്റിന് വഴങ്ങും. അതു പലപ്പോഴും പുലിവാലുമാകും. ഉദ്ദേശിച്ചത് എന്തെന്ന് ചാനലുകാർക്ക് മനസ്സിലായില്ലെങ്കിൽ പുലിവാല് പിടിക്കും. നരേന്ദ്ര മോദിയെ കുറിച്ചുള്ള തന്റെ പ്രസ്താവന അത്തരത്തിലാണ് വിവദാമായതെന്ന് സിനിമാക്കാരുടെ പ്രിസഡന്റ് പറയുന്നു. രാഹുൽഗാന്ധിയുടെ ഉറക്കത്തെ കുറിച്ചും ചിലത് പറയാനുണ്ട്. ഗൃഹലക്ഷ്മിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇന്നസെന്റിന്റെ മനസ്സു തുറക്കൽ.

രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ ഉറക്കത്തെ കുറിച്ച് ഇന്നസെന്റ് വിശദീകരിക്കുന്നു. അല്ല അവിടെ ഒന്നും ചെയ്യാനില്ല. നമ്മക്കൊക്കെ ഉറങ്ങാം. എല്ലാവർക്കും ഉറങ്ങാം. അയാൾക്ക്(രാഹുൽ ഗാന്ധിക്ക്) കാര്യം മനസ്സിലായി. അതുകൊണ്ട് അയാളുറങ്ങി. എനിക്ക് മനസ്സിലാവാത്തതുകൊണ്ട് ഞാൻ പകച്ച് നോക്കിയിരുന്നു അത്രേയുള്ളൂ. ഇതുപ്പൊ എല്ലാവരും പറയുന്നു അയാള് കിടന്ന് ഉറങ്ങാർന്നു. ഇന്നസെന്റ് നല്ലപോലെ ശ്രദ്ധിക്കാർന്നു എന്നൊക്കെ. ഞാൻ ശ്രദ്ധിക്കാൻ കാരണം ഞാനിതൊക്കെ ആദ്യമായി കാണുകയാണ്. എന്താണ് സംഭവം എന്നറിയില്ലല്ലോ. ഇതു കഴിഞ്ഞാൽ ഇനി ഡാൻസുണ്ടോ പാട്ടുണ്ടോ. ഇപ്പോ അയാള് അയാൾടെ അമ്മേടെ അടുത്താണ് ഇരിക്കുന്നത്. മോൻ ഇവിടെ ഇരുന്നാമതീന്ന് അമ്മ പറഞ്ഞിട്ടുണ്ടാവും.

ഇതൊക്കെയാണെങ്കിലും രാഹുലിനെ കുറിച്ച് നല്ല അഭിപ്രായമാണ് ഇന്നസെന്റിനുള്ളത്. രാഹുലിനെ പരിചയപ്പെട്ടോ? എന്ന ചോദ്യത്തിന് ഉം നല്ല മനുഷ്യൻ ഒരു പാവം എന്നാണ് മറുപടി. ഇതുപറഞ്ഞെന്ന് പറഞ്ഞ് സിപിഎമ്മുകാർ പ്രശ്‌നമുണ്ടാക്കുമെന്നും കരുതുന്നില്ല. ഏയ് അങ്ങനെയാരും ആരുടേയും ശത്രുവൊന്നുമല്ല. ബിജെപിക്കാരോട് ഇനി അഞ്ചു വർഷത്തിന് ദേഷ്യം പിടിച്ചിട്ട് ഒരു കാര്യവുമില്ലെന്നാണ് ഇന്നസെന്റിന് സ്വന്തം പാർട്ടിക്കാരോട് പോലും പറയാനുള്ളത്. ഭാര്യയോടൊപ്പമാണ് ഡൽഹിയിൽ താമസം. പാർലമെന്റിന്റെ തൊട്ടടുത്തായതിനാൽ സഭാ സമ്മേളനത്തിന് മുടക്കമില്ലാതെ എത്താനും കഴിയുന്നുവെന്ന് ഇന്നസെന്റെ പറയുന്നു

മോദിയെ അനുകൂലിച്ച് അല്ല താൻ പുലിവാല് പിടിച്ചതെന്നാണ് ഇന്നസെന്റിന്റെ പക്ഷം. ആര് ഞാനാ പുകഴ്‌ത്തീന്നോ. ഒരാൾ വന്നിട്ട് ചോദിച്ചു 'പ്രധാനമന്ത്രി മോദിയെപ്പറ്റി എന്തു പറയുന്നു' എന്ന്. ഞാൻ പറഞ്ഞു'നല്ലത് ചെയ്താൽ നല്ലത് എന്നു പറയും' എന്ന്. എന്താ അതിൽ തെറ്റ്. അതേറ്റു പിടിച്ചിട്ട് ടിവിൽ ഒരു രാത്രി മുഴുവൻ ചർച്ച. ഇന്നസെന്റ് പറയുന്നു മോദി നല്ലതു ചെയ്താൽ നല്ലതെന്നു പറയും എന്ന്. അതിനർത്ഥം മോദി നല്ലവനാണ് എന്നല്ലേ' എന്നൊക്കെ. ഞാൻ ടിവി ഓഫാക്കി. അതിന്റെ പിറ്റേന്ന് ഉമ്മൻ ചാണ്ടിയും പറഞ്ഞു. നല്ലതാണെങ്കിൽ നല്ലതെന്നു തന്നെ പറയും എന്ന്. നല്ലതു ചെയ്താൽ നല്ലതെന്നല്ലേ ആരും പറയൂ. അല്ലാതെ ചീത്തയെന്ന് പറയാൻ പറ്റ്‌വോ?-ഇന്നസെന്റ് ചോദിക്കുന്നു.

ബിജുവാണ് ഗുരുസ്വാമി. മുമ്പ് ശങ്കരൻ എംപി രാജ്യസഭയിൽ പോയി ഇരുന്നു. അയാൾ ലോകസഭയിലല്ലേ ഇരിക്കേണ്ടത്. പോയി രാജ്യസഭയിൽ ഇരുന്നു. അങ്ങനെയൊരു സംഭവം ഉണ്ടായി. ഇതൊരു സെന്റർ ഹാളാണെന്ന് വിചാരിക്ക ദാ അവിടെ രാജ്യസഭ ഇപ്പറത്ത് ലോക്‌സഭ തെറ്റിപ്പോവും തെറ്റിപ്പോവും. ഹാൾ സുഖല്ല്യ. പോരാ മാറ്റി പണിയേണ്ട കാലം കഴിഞ്ഞു. പത്തഞ്ഞൂറ് പേര് തിങ്ങിയിരിക്കയല്ലേയെന്നും മലയാളിയുടെ പ്രിയ താരം ചൂണ്ടിക്കാട്ടുന്നു.

പാർലമെന്റിൽ തമാശയ്ക്ക് സ്‌കോപ്പുണ്ടോ എന്ന ചോദ്യത്തിന് വിശദമായി തന്നെ മറുപടിയും ഉണ്ട്. അങ്ങനെയൊന്നുമില്ല. എനിക്ക് മാത്രം തമാശയായിരുന്നു. ഒരു കാര്യവുമില്ലാത്ത കാര്യങ്ങള് ചർച്ച ചെയ്യുന്നതു കാണുമ്പോൾ നമ്മക്ക് തമാശ തോന്നും. ഞാൻ പണ്ട് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ മെമ്പറായിരുന്ന കാലത്ത് സ്ഥിരമായി കേട്ടിരുന്ന ഒരു കാര്യമുണ്ട് 'കാനകെട്ടി സ്ലാബിടുക' എന്ന്. അതിന് അപേക്ഷ കൊടുക്കണം മുനിസിപ്പാലിറ്റിയിൽ. കാനകെട്ടി സ്ലാബിടാനായിട്ട് 'ഇന്നയാൾ അപേക്ഷ തന്നിട്ടുണ്ട'് എന്നു പറഞ്ഞ് യോഗത്തിൽ അത് വായിക്കും.

അപ്പോൾ വേറെയൊന്നും പറയാനില്ലാത്തവർ എണീറ്റു നിന്നിട്ട് ചോദിക്കും. 'ഈ അപേക്ഷ തന്നത് നമ്മടെ ചക്കാലക്കൽ ആന്റണിയല്ലേ?' അപ്പം ചെറയു പറയും 'അതെ'. 'ചക്കാലക്കൽ ആന്റണീന്ന് പറയുമ്പം മാത്തപ്പന്റെ വീടിന്റെ അവിടെന്ന് നേരെ പോയിട്ട് ആ വളവ് തിരിഞ്ഞ് മൂന്നാമെത്ത വീടല്ലേ'. ചെയറ് വീണ്ടും പറയും 'അതെ'. ഇതൊക്കെ അപേക്ഷയിൽത്തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. പിന്നെ വെറുതെ എന്തെങ്കിലുമൊക്കെ പറയേണ്ടെ എന്നുവച്ച് പറയുകയാണ്.

ഇതുപോലെ എന്തെങ്കിലുമൊന്നു പറയണം എന്നാഗ്രഹിക്കുന്നവരാണ് പാർലമെന്റിൽ ഇരിക്കുന്ന ആളുകളൊക്കെ. അതിനകത്ത് കാമ്പുണ്ടോ കഴുമ്പുണ്ടോ എന്നതൊന്നും വിഷയമല്ല. സംസാരിച്ചാൽ അത് ടിവിൽ വരും. നിയോജകമണ്ഡലത്തിലെ ആളുകൾ കാണുമ്പം അവർ വിചാരിക്കും 'ഇമ്മടെ എംപി അവിടെ ചെന്നിട്ട് കലക്കാട്ട്വോ' ഒരു തേങ്ങേം ഇല്ല. അതുതന്നെയാണോ ഇതെന്ന് സ്പീക്കറും പറഞ്ഞു കാണും. പിന്നെ എംപിയെ കാണുമ്പം അവര് പറയും 'ഞങ്ങള് കണ്ടൂട്ടോ പാർലമെന്റിൽ നിന്ന് അലക്കണത്'.

പിന്നെ വേറൊരു രസം. എഐഎഡിഎംകെയുടെ എല്ലാ എംപിമാരും പോക്കറ്റിൽ ജയലളിതയുടെ പടം വച്ചാണ് വരുന്നത്. ഇതിൽ മുണ്ടും ഷർട്ടും ഇട്ടിട്ട് വരുന്ന ഒരു എംപിയുണ്ട്. ഇസ്തിരിയിട്ട് തേച്ച് വടിയാക്കിയ ഷർട്ടും മുണ്ടും ഇട്ടാണ് വരുക. കഞ്ഞിയൊന്നുമല്ല മുക്കുന്നത്. എന്തൊട്ടാണാവോ. ആ ഷർട്ടോണ്ട് നമ്മളെയൊന്ന് കുത്തിയാൽ മുറിയും. അത്രയ്ക്ക് സ്‌ട്രോങ്ങാ. അയാളായിട്ട് ഞാൻ ഫ്രണ്ട്ഷിപ്പായി. അപ്പോൾ അയാൾ പറഞ്ഞു. എന്റെ സിനിമയൊക്കെ കണ്ടിട്ടുണ്ട്. എന്റെ തമാശയൊക്കെ ഇഷ്ടമാണ് എന്നൊക്കെ.

തമാശ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ ഹാപ്പിയായി. കാരണം പാർലമെന്റിൽ ഒരാളോടെങ്കിലും കോമഡി പറയാമല്ലോ. ഞാൻ പുള്ളിക്കാരനോട് തമാശയ്ക്ക് ചോദിച്ചു. നിങ്ങൾ ഈ ഷർട്ടും മുണ്ടും ഇട്ടതിന് ശേഷമാണോ ഇസ്തിരിയിടുന്നത്. മേശയിൽ കിടത്തിയിട്ട് എന്ന് അയാൾ ചൂടായി. എന്നതാ കോമഡിയാ. പിന്നെ അയാൾ മലയാളത്തിലെ ആ തെറിയുണ്ടല്ലോ അതും പറഞ്ഞു. സത്യം പറഞ്ഞാൽ ഓരോ പ്രാവശ്യം ഡൽഹിയിൽ പോയി വരുമ്പോഴും ഭാഗ്യം കൊണ്ടാണ് ഞാൻ അടി കിട്ടാതെ മടങ്ങി വരുന്നത്. കോമഡിക്കൊന്നും ഒരു വിലയും ഇല്ല്യാട്ടോ അവിടെ-ഇന്നസെന്റ് മനസ്സ് തുറക്കുന്നു.