തൃശൂർ:സാധാരണക്കാരിലേയ്ക്ക് കൂടുതൽ സേവനം ലഭ്യമാക്കുന്നതിനായി നൂതന കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ് സർക്കാർ ആരോഗ്യമേഖലയിലും. ഏറ്റവും പുതിയ ടെക്നോളജിയുടെ സഹായത്തോടെ കൃത്രിമ അവയവം ഘടിപ്പിക്കുന്നതിനുള്ള പ്രോസ്തറ്റിക് യൂണിറ്റ് ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹബിലിറ്റേഷനിൽ തുടങ്ങി.

അവയവ നിർമ്മാണ രംഗത്തെ സർക്കാർ അംഗീകൃത ഏജൻസിയായതു കൊണ്ടു തന്നെ തദ്ദേശ സ്ഥാപനങ്ങൾക്കുൾപ്പടെ സർക്കാർ ഏജൻസികൾക്ക് ടെൻഡറില്ലാതെ പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ഉപകരണങ്ങൾ വാങ്ങാൻ കഴിയുന്ന സ്ഥാപനം കൂടിയാണ് നിപ്മർ.സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ പാവപ്പെട്ടവർക്ക് സൗജന്യ സേവനവും ലഭ്യമാക്കുന്നുണ്ട്.

കൃത്രിമ അവയവ നിർമ്മാണ രംഗത്ത് ടെക്നോളജി വളരെയേറെ വികസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ സേവനം സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിന് തടസം ഭാരിച്ച ചെലവാണ്. ഇതു സംബന്ധിച്ച അവബോധവും കുറവാണ്. കൃത്രിമ കാലുകളും കൈകളും ഘടിപ്പിച്ചവർക്ക് ഏതു ജോലിയും ചെയ്യാൻ സാധിക്കുമെന്നതാണ് ആധുനിക ടെക്നോളജിയുടെ മേന്മ. ഭാരം ചുമക്കുന്ന ജോലിയെടുക്കുന്നവർക്കും അത്ലറ്റിക്കുകൾക്കു വരെയും ഇത്തരം അനുയോജ്യമായ അവയവങ്ങൾ ലഭ്യമാണ്. അവയവം മുറിച്ചു മാറ്റിക്കഴിഞ്ഞാൽ കഴിയാവുന്നതിലും വേഗത്തിൽ കൃത്രിമ അവയവം ഘടിപ്പിക്കുമ്പോൾ കാര്യക്ഷമത കൂടുമെന്ന് പ്രോസ്തറ്റിക് ആൻഡ് ഓർത്തോട്ടിക് യൂണിറ്റ് മേധാവി ഡോ. സിന്ധു വിജയകുമാർ പറഞ്ഞു.

കാർബൺ ഫൈബർ നിർമ്മിതമായ അവയവങ്ങളാണ് നിപ്മർ നിർമ്മിച്ചു നൽകുന്നത്.കൈകാലുകൾ, വിരലുകൾ എന്നിവ സ്വാഭാവിക നിലയിൽ ചലിപ്പിക്കുന്നതിന് മൾട്ടി ആക്സിൽ ജോയ്ന്റുകളും ഇവിടെ നിർമ്മിക്കുന്നുണ്ട്.

നിലവിൽ റെഡിമെയ്ഡ് അവയവങ്ങളെയാണ് പൊതുവേ ആശ്രയിക്കുന്നത്. ഇത് തുടർവർഷങ്ങളിൽ നിരവധി ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായി വ്യാപക പരാതിയുണ്ട്. ശരീരത്തിനുണ്ടാകുന്ന വലിപ്പ വ്യത്യാസം കൃത്രിമ അവയങ്ങൾ ഉപയോഗയോഗ്യമല്ലാതാകുന്ന സാഹചര്യമുണ്ട്. ഉപയോഗിക്കുന്നയാളുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് നിർമ്മിക്കാമെന്നതാണ് നിപ്മറിന്റെ പ്രത്യേകത. നടത്തത്തിന്റെ രീതിയും താളവുമനുസരിച്ച് മുൻകൂട്ടി ഡിസൈൻ ചെയ്ത് അവയവങ്ങൾ നിർമ്മിക്കാൻ കഴിയും. മയോ ഇലക്ട്രിക്കൽ പ്രോസ്തറ്റിക് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.