ഷിക്കാഗോ: ഐ.എൻ.ഒ.സി ഷിക്കാഗോയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലാഡ്‌സൺ വർഗീസിനെ മുൻ കെപിസിസി പ്രസിഡന്റും കേരളാ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല ഷാൾ അണിയിച്ച് അഭിനന്ദിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഫോമയുടെ ജനറൽ സെക്രട്ടറി, മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്, ഇൻഡോ അമേരിക്കൻ ഡമോക്രാറ്റിക് ഓർഗനൈസേഷൻ സെക്രട്ടറി, ഇല്ലിനോയിസ് സ്ട്രക്ചറൽ എൻജിനീയറിങ് ബോർഡ് കമ്മീഷണർ എന്നീ പദവികൾ വഹിച്ച ഗ്ലാഡ്‌സൺ വർഗീസിന് ഐ.എൻ.ഒ.സി ഷിക്കാഗോയ്ക്ക് നല്ല നേതൃത്വം നൽകാൻ സാധിക്കുമെന്നതിൽ സംശയമില്ലെന്ന് മന്ത്രി പറഞ്ഞു.

ഐ.എൻ.ഒ.സി കേരളത്തിൽ ഒരു കൺവെൻഷനും, നോർത്ത് അമേരിക്കൻ കൺവൻഷൻ ഷിക്കാഗോയിലും നടത്തണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. മുൻ മന്ത്രിയും കടുത്തുരുത്തി എംഎ‍ൽഎയുമായ മോൻസ് ജോസഫ്, ഐ.എൻ.ഒ.സി നാഷണൽ ജനറൽ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്ത്, ഷിക്കാഗോ ചാപ്റ്റർ ട്രഷറർ ഡൊമിനിക് തെക്കെതലയ്ക്കൽ, ഗോപിയോ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സണ്ണി കുലത്താക്കൽ, മുൻ ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള എന്നിവർ സന്നിഹിതരായിരുന്നു.

ഐ.എൻ.ഒ.സി നാഷണൽ ജനറൽ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്ത് ഐ.എൻ.ഒ.സിയുടെ പ്രവർത്തനങ്ങൾ മന്ത്രിയെ അറിയിക്കുകയും, തിരുവനന്തപുരത്ത് വച്ച് കേരളാ കൺവെൻഷൻ നടത്തുവാൻ ഉദ്ദേശിക്കുന്നതായും, ഈ മീറ്റിംഗിലേക്ക് മന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.