കാലടി: കാലടി സംസ്‌കൃത സർവകലാശാലയിലെ അദ്ധ്യാപകൻ വിദ്യാർത്ഥിനിയോട് ഫേസ്‌ബുക് ചാറ്റിൽ അശ്ലീലം പറഞ്ഞ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. യൂണിവേഴ്‌സിറ്റിയുട ആഭ്യന്തര പരാതി സമിതിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മറുനാടൻ മലയാളിയിലടക്കം വന്ന വാർത്തകൾ ചൂണ്ടിക്കാട്ടി എഐഎസ്എഫ് വൈസ് ചാൻസലർക്കു നല്കിയ പരാതിയിലാണ് നടപടി. സർവകലാശാലയിലെ പ്രധാന കേന്ദ്രത്തിലെ അദ്ധ്യാപകർക്കെതിരേ തുടർച്ചയായി ഉയർന്നുവരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നല്കിയിരിക്കുന്നത്.

അദ്ധ്യാപകൻ ലൈംഗിക ചുവയോടെ സംസാരിച്ചകാര്യം വെളിപ്പെടുത്തിക്കൊണ്ട് എംഫിൽ വിദ്യാർത്ഥിനിയായ ശ്രീധന്യ ഇട്ട പോസ്റ്റ് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. പൊതു സമൂഹത്തിലിത്രയേറെ ചർച്ചയായിട്ടും സർവ്വകലാശാല അധികൃതരോ ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വമേധയാ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ബാധ്യതപ്പെട്ട ഇന്റേർണൽ കംപ്ലയ്ന്റ് കമ്മിറ്റിയുടെ ചുമതലക്കാരോ യാതൊരു അന്വേഷണ നടപടികളും സ്വീകരിച്ചില്ലെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിനെ തുടർന്നാണ് സർവകലാശാലയുടെ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി അദ്ധ്യാപകനെതിരേ അന്വേഷണം നടത്തുമെന്ന് അറിയിച്ചത്.

പഠിപ്പിക്കുന്ന കാലത്ത് മാന്യനും സ്ത്രീവിമോചകനും സർവോപരി ബുദ്ധിജീവിയുമായിരുന്ന കോളജ് ആധ്യാപകന്റെ തനിസ്വാരൂപം തുറന്നു കാട്ടിയാണ് ശ്രീധന്യ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. കോളജിലെ ഇംഗ്ലീഷ് പ്രൊഫസറാണ് വിദ്യാർത്ഥിനിയുമായി അശ്ലീല ചാറ്റിങ് നടത്തിയത്. കോളജിലെ പകൽ മാന്യനായ ഒരു അദ്ധ്യാപകൻ കഴിഞ്ഞ ദിവസം രാത്രിയിൽ ചാറ്റ് ചെയ്യാൻ വന്നതിങ്ങനെ... എന്ന മുഖവുരയോടെയാണ് ശ്രീധന്യ മുൻകാല അദ്ധ്യാപകനെക്കുറിച്ച് പോസ്റ്റിട്ടത്.

ശ്രീധന്യ ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ;

പകൽ മാന്യനായ ഒരു അദ്ധ്യാപകൻ കഴിഞ്ഞ ദിവസം രാത്രിയിൽ ചാറ്റ് ചെയ്യാൻ വന്നതിങ്ങനെ... ഇപ്പോൾ എന്ത് ചെയ്യുന്നു, ഒറ്റയ്ക്കാണോ താമസം, മഴ പെയ്യുമ്പോൾ തണുക്കാറുണ്ടോ? ഒരു സെൽഫി തരുമോ ന്നൊക്കെ. പഠിപ്പിച്ചിരുന്നപ്പോൾ അത്രയ്ക്ക് അപരിചിതനെ പോലെ പെരുമാറി കൊണ്ടിരുന്ന ഒരു മനുഷ്യന് ഇത്രയ്ക്ക് മാറ്റം വരുമോ എന്ന് ചിന്തിച്ച് അന്തം വിട്ടു പോയി.

അല്ല നിങ്ങളെന്റെ അദ്ധ്യാപകനായിരുന്നല്ലോ എന്ന് ചോദിച്ചപ്പോൾ അതൊക്കെ പണ്ട് കോഴ്സിൽ ആയിരുന്നപ്പോൾ, കോഴ്സ് കഴിഞ്ഞ് ഇപ്പോ നീ പ്രായപൂർത്തിയായ വെറും പെണ്ണെന്ന് തിരിച്ച് കേൾക്കുമ്പോൾ അയാളുടെ ക്ലാസുകളിൽ വന്നു പോയ് കൊണ്ടിരുന്ന സ്ത്രീ, ദളിത് വിമോചന സങ്കൽപ്പങ്ങളിലെ സ്വാതന്ത്ര ഗീർവാണങ്ങൾ ഓർമ്മ വന്നു. വൃത്തിഹീനമായ റെയിൽ വേ, ബസ്സ്റ്റാന്റ് ക്ലോസറ്റുകളിൽ കരിക്കട്ട കൊണ്ട് സെക്സിന് ഇരക്കുന്ന നമ്പറുകളിലൊന്ന് ഇവന്റെതും ഉണ്ടാകുമായിരിക്കും, അത്രയ്ക്ക് അറപ്പ് തോന്നി കാർക്കിച്ചു തുപ്പി.

ഇനി എന്റെ കുറച്ച് സംശയങ്ങൾ ആണ്.... സർവ്വകലാശാലാ അദ്ധ്യാപകർ പോലും പെൺകുട്ടികളോട് ഇങ്ങനെ ചോദിക്കുന്നതിന്റെ കാര്യമെന്താണ്? രാത്രി ഓൺലൈനിലുള്ള പെൺകുട്ടികളെ 'ട്രൈ' ചെയ്താൽ കിട്ടുന്നവരാണെന്ന മോറൽ പൊലീംസിംഗിന്റെ ഭാഗമായുള്ള ചോദ്യമിറക്കലാണോ ഇതൊക്കെ? പഠിപ്പിക്കുമ്പോൾ ഇതേ കണ്ണോടെയാവില്ലേ ഈ മഹാൻ പെൺകുട്ടികളെ കാണുക? സെൻസിറ്റീവ് ആയ മനുഷ്യനായതുകൊണ്ട് തുറന്ന് പറയുന്നതാണ് പോലും. ഇതേ സെൻസിറ്റിവിറ്റി ന്യായം തന്നെയായിരിക്കും മകളെ ബലാൽസംഘം ചെയ്യുന്ന അച്ഛനും, അനുവാദം കൂടാതെ പെണ്ണിനെ അശ്ലീലത്തോടെ നോക്കുന്ന ഓരോരുത്തനും പറയാനുണ്ടാവുക.

ആൾക്കൂട്ടത്തിൽ മാന്യനും ഒറ്റയ്ക്ക് ഒറ്റയ്ക്ക് പറ്റെ തോന്ന്യാസിയും ആവുന്നവന്മാർ ചൂഷണ സാഹചര്യം നിലനിർത്തുന്ന സ്ഥലങ്ങളിൽ മിണ്ടാതിരിക്കാൻ അല്ല ഞാൻ ഇത്രയും കാലം കൊണ്ട് പഠിച്ചതും പഠിപ്പിച്ചതും. ഇപ്പോൾ മിണ്ടാതിരുന്നാൽ ഇതേ ചോദ്യങ്ങൾ തന്നെ അയാളിൽ നിന്ന് വരും കാലത്തും വിദ്യാർത്ഥിനികൾ കേൾക്കേണ്ടി വരും അത് തടയാൻ എന്നാൽ ആവുന്നത് ഞാൻ ചെയ്യും. പഠന കാലത്ത് മാതൃക കാണിച്ച് ശേഷം പെൺകുട്ടികളോട് മോശം ലക്ഷ്യം വച്ച് പെരുമാറുന്നത് ഒരധ്യാപകനും ചേർന്ന പണി അല്ല. കോളേജിന് പുറത്ത് പെണ്ണുങ്ങളോട് മാത്രം ഇറക്കുന്ന ഇത്തരം വേലകളും ചോദ്യം ചെയ്യപ്പെടണം. മുൻകാലത്തെ ബഹുമാനം കാരണം എന്ത് ചോദിച്ചാലും ക്ഷമിച്ച് കളയും എന്ന് ധരിച്ച് കാണുമോ ഇവനൊക്കെ. പറഞ്ഞ് നാറ്റിക്കണം. ഇത്തരം സൂക്കേടുള്ള ആരും ഈ വഴി വരണ്ടന്നും ഓർമ്മിപ്പിക്കുന്നു.

പെണ്ണിന്റെ വ്യക്തിത്വത്തെ ബഹുമാനിക്കുന്ന മികച്ച സൗഹൃദങ്ങൾ തന്നെയാണ് കാലടി യൂണിവേഴ്സിറ്റിയും എനിക്ക് തന്നത്. ആ കണ്ടീഷനിംഗിന്റെ ധൈര്യം മതി എനിക്കീ കപടബിംബങ്ങളെ പൊളിച്ച് കളയാൻ..