തൃശൂർ: കേരള കാർഷിക സർവ്വകലാശാലയിലെ യുജിസി ക്രമക്കേടിനെക്കുറിച്ച് മറുനാടൻ വാർത്ത വന്നതോടെ ഇക്കാര്യത്തിൽ ധനവകുപ്പ് അന്വേഷണം ശക്തമാക്കി. ഇതോടെ കാലങ്ങളായി വൻ തട്ടിപ്പ് നടക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അടിസ്ഥാന യോഗ്യതപോലുമില്ലാത്ത ലൈബ്രേറിയൻ യുജിസി. അനുകൂല്യങ്ങൾ നേടി സുഖമായി റിട്ടയർ ചെയ്ത സംഭവവും യുജിസി. അംഗീകാരമില്ലാത്ത വ്യാജ ബിരുദങ്ങളുമായി ലൈബ്രേറിയന്മാർ വിലസുകയും കോടികൾ അടിച്ചുമാറ്റുകയും ചെയ്തതായും ഉള്ള വിവരങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോടികളുടെ ഫണ്ട് ഇത്തരത്തിൽ അടിച്ചുമാറ്റിയതായും സൂചനകൾ ലഭിക്കുന്നു.

കേരളത്തിൽ ആയുസ്സവസാനം വരെ റിട്ടയർമെന്റ് ഇല്ലാത്ത കേരള കാർഷിക സർവ്വകലാശാലയെ കുറിച്ച് മറുനാടൻ വാർത്തയെഴുതി മണിക്കൂറുകൾക്കുള്ളിൽ സർവ്വകലാശാലയിൽ സംസ്ഥാന ധനകാര്യവകുപ്പിന്റെ സമഗ്രമായ അന്വേഷണം നടന്നു. രണ്ടുനാൾ നീണ്ടുനിന്ന അന്വേഷണം ആറംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ എട്ടുമാസക്കാലം റിട്ടയർ ചെയ്യാതെ സർവ്വീസിൽ അനന്തമായി തുടരുന്ന ലൈബ്രേറിയൻ ഫ്രാൻസിസിനെ രണ്ടുനാളും ചോദ്യം ചെയ്തു. ലൈബ്രേറിയന്മാർ അനധികൃതമായി യുജിസി. ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ പത്തുവർഷത്തെ ഫയലുകൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

മറുനാടന്റെ വാർത്തതിന് പിന്നാലെ ഈ മാസം വിരമിക്കാനിരുന്ന സർവ്വകലാശാലയിലെ ഒരു ലൈബ്രേറിയൻ അറുപതിൽ വിരമിക്കാൻ നിൽക്കാതെ ചാർജ്ജ് സഹപ്രവർത്തകന് കൊടുത്ത് അമ്പത്താറിന്റെ റിട്ടയർമെന്റിനു അനുബന്ധമായ ലീവെടുത്ത് കസേര കാലിയാക്കി.

അംഗീകാരമില്ലാത്ത വ്യാജ ബിരുദങ്ങളുമായി ലൈബ്രേറിയന്മാർ

അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്ന് അറിയാൻ കഴിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. യുജിസി. അംഗീകാരമില്ലാത്ത വ്യാജ ബിരുദങ്ങളുമായി കാർഷിക സർവ്വകാലാശാലയിൽ ലൈബ്രേറിയന്മാർ വിലസുകയാണ്. യുജിസി. നിരക്കിൽ ശമ്പളാനുകൂല്യങ്ങളടക്കം അടിച്ചുമാറ്റിയത് ഏകദേശം ഒരു കോടിയോളം രൂപ. അടിസ്ഥാന യോഗ്യതപോലുമില്ലാത്ത ലൈബ്രേറിയനും അടിച്ചുമാറ്റി ലക്ഷങ്ങൾ. യുജിസി. അംഗീകാരമില്ലാത്ത വ്യാജ ബിരുദങ്ങൾക്ക് അംഗീകാരം കൊടുത്തത് ഇടതുപക്ഷ സംഘടനയുടെ നേതാവിന്റെ ഭാര്യയാണ്. തത്തുല്യമായ ബിരുദങ്ങൾ സമ്പാദിച്ച അദ്ധ്യാപകരും കൂട്ടുനിന്നു.

തമിഴ് നാട്ടിലെ സേലം ആസ്ഥാനമാക്കിയ വിനായക മിഷൻസ് സർവ്വകാലാശാലയിൽ നിന്നും വിദൂരവിദ്യാഭ്യാസ പദ്ധതിയിലൂടെ യുജിസി.അംഗീകാരമില്ലാത്ത ബിരുദങ്ങളുമായി കാർഷിക സർവ്വകാലാശാലയിൽ കയറിപ്പറ്റിയ ലൈബ്രേറിയന്മാർക്ക് കസേര ഒരുക്കിയത് ഇടതു-വലതു സംഘടനകൾ ഒരുപോലെയാണ്. യുജിസി. അംഗീകാരമില്ലാത്ത ബിരുദങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മറ്റി റിപ്പോർട്ട് തയ്യാറാക്കും മുമ്പുതന്നെ സർവ്വകാലാശാലയുടെ കോടികൾ ലൈബ്രേറിയന്മാർ അടിച്ചുമാറ്റി. റിപ്പോർട്ട് വൈകിച്ചത് കോടികൾ അടിച്ചുമാറ്റാൻ അവസരം കൊടുക്കാൻ. കമ്മറ്റിയുടെ നടത്തിപ്പും ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്തുകൊണ്ട് ഒരു കമ്മറ്റി അംഗമായ ഡോ. നമീർ വിട്ടുനിന്നിട്ടും വ്യാജബിരുദങ്ങൾക്ക് എ പ്ലസ് സർട്ടിഫിക്കറ്റ് നൽകി ഡോ.ജിം തോമസ് കമ്മറ്റിയും ഡോ,നൈബി കമ്മറ്റിയും.

അസിസ്റ്റന്റ് ലൈബ്രേറിയന്മാരുടെ യുജിസി.യും അറുപതിലെ വിരമിക്കലും

കാർഷിക സർവ്വകാലാശാലയിൽ 2001 നുശേഷം ലൈബ്രേറിയന്റെ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചിട്ടില്ല. നാളിതുവരെ അസിസ്റ്റന്റ്‌റ് ലൈബ്രേറിയന്മാർ ടി തസ്തികയുടെ ചാർജ് ചുമന്നുകൊണ്ടുനടക്കുകയാണ്. ഇതിന്നിടെയാണ് അസിസ്റ്റന്റ്‌റ് ലൈബ്രേറിയന്മാർ സർവ്വകാലാശാല വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ എടുക്കാൻ തുടങ്ങിയത്. സർവ്വകാലാശാല അദ്ധ്യാപകർ എടുക്കേണ്ട ക്ലാസ്സുകൾ അദ്ധ്യാപകർ തന്നെ സർവ്വകാലാശാല ലൈബ്രേറിയന്മാർക്ക് മറിച്ചുവിറ്റു.

പിന്നെ അതതു കാലത്തെ രാഷ്ട്രീയ കക്ഷികൾക്ക് ചുങ്കം കൊടുത്തുകൊണ്ട് ലൈബ്രേറിയന്മാർ കാർഷിക സർവ്വകാലാശാലയിൽ അസിസ്റ്റന്റ്‌റ് പ്രൊഫസ്സർമാർക്ക് തുല്യമായ യുജിസി.ശമ്പളം വാങ്ങി അമ്പത്തഞ്ചു വയസ്സിലും പിന്നീട് അമ്പത്താറു വയസ്സിലും റിട്ടയർ ചെയ്തു. എന്നാൽ കാർഷിക സർവ്വകാലാശാലയുടെ ചട്ടം 26(മ) പ്രകാരം ലൈബ്രേറിയന്മാർ അദ്ധ്യാപകർക്ക് തുല്യരല്ല. അതുകൊണ്ടുതന്നെ അദ്ധ്യാപകരുടെ ശമ്പളത്തിന് അർഹതയുമില്ലെന്ന് സർവ്വകാലാശാല കോടതിയിൽ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. അതൊക്കെ കോടതിയിൽ. കാർഷിക സർവ്വകാലാശാലക്ക് എന്ത് കോടതി. എന്ത് കോടതി അലക്ഷ്യം.

അതേസമയം 2013 ൽ യുജിസി. ചട്ടപ്രകാരം സർവ്വകാലാശാല ലൈബ്രേറിയന്മാർ അറുപതുവയസ്സിൽ വിരമിച്ചാൽ മതിയെന്ന ഒരു വിധി സമ്പാദിക്കുകയായിരുന്നു മറ്റൊരു ലൈബ്രേറിയനായിരുന്ന ശ്രീമതി. കെ.എസ്. അമ്പിളി. ഈ വിധിയുടെ അടിസ്ഥാനത്തിൽ സർവ്വീസിൽ നിന്ന് ചട്ടപ്രകാരം വിരമിച്ച അവർക്ക് ഉപാധികളോടെ ആനുകൂല്യങ്ങൾ അനുവദിക്കുകയായിരുന്നു. ഈ ആനുകൂല്യങ്ങൾ അനുവദിച്ചുകിട്ടാൻ അവർ സർവ്വകാലാശാലയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ചുങ്കം കൊടുത്തത് രണ്ടര ലക്ഷം രൂപ. കൂടിയ അളവിൽ അതെ ചുങ്കം ഇന്നും തുടരുന്നു.

ലൈബ്രേറിയന്മാരുടെ സേവന വേതന വ്യവസ്ഥകളിൽ സുതാര്യവും കൃത്യവുമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോടതി അന്ന് സർവ്വകലാശാലക്ക് നിർദ്ദേശം കൊടുത്തതുമാണ്. എന്നാൽ നാളിതുവരെ സർവ്വകലാശാല ഇക്കാര്യത്തിൽ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ ഉപാധികളോടെ നടപ്പാക്കിയതും സർവ്വകാലാശാല സുതാര്യവും കൃത്യവുമായ ഉത്തരവ് പുറപ്പെടുവിക്കാത്തതുമായ ആ പഴയ വിധിയുടെ മറവിലാണ് ഇപ്പോഴും സർവ്വകലാശാലയിൽ യുജിസി. ശമ്പള സ്‌കെയിലും അനധികൃത ആനുകൂല്യങ്ങളും അസിസ്റ്റന്റ്‌റ് ലൈബ്രേറിയന്മാർ കവർന്നുകൊണ്ടിരിക്കുന്നത്.

സർവ്വകാലാശാലയിലെ ഇടതുപക്ഷ ജീവനക്കാരുടെ സംഘടനകൾ ഈ ഉത്തരവിനെ ചോദ്യം ചെയ്തു. മുദ്രാവാക്യം വിളിച്ചു. രജിസ്റ്റ്രാറെ വിചാരണ നടത്തി. ഒരു ഫലവുമുണ്ടായില്ല. സിപിഐ.യുടെ രജിസ്റ്റ്രാർ ഡോ.ലീനാകുമാരി അവസാനം സമരാനുകൂലികളോട് സത്യം പറഞ്ഞു. കൃഷിമന്ത്രി പറഞ്ഞത് പ്രവർത്തിക്കാനാണ് എന്നെ സർവ്വകാലാശാലയുടെ കസേരയിൽ ഇരുത്തിയിരിക്കുന്നത്. വലതുപക്ഷത്തിന്റെ മുമ്പിൽ ഇടതുപക്ഷം മുട്ടുകുത്തി മുദ്രാവാക്യം കീശയിലിട്ട് പിരിഞ്ഞു.