ന്യൂഡൽഹി: ന്യൂഡൽഹി സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ മരിക്കാനിടയായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ട്. അപകടം പെട്ടെന്നുണ്ടായതെന്നാണ് നിഗമനം. അന്വേഷണ റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് കൈമാറിയേക്കും.

മോശം കാലാവസ്ഥ കാരണമുള്ള പിഴവ് ആകാം അപകടകാരണമെന്നാണ് നിഗമനം. എയർ മാർഷൽ മാനവേന്ദ്രസിങിന്റെ നേതൃത്വത്തിൽ മൂന്നുസേനകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് അപകടത്തെക്കുറിച്ച് അന്വേഷിച്ചത്.ഇതോടെ അപകടത്തെക്കുറിച്ച് പ്രചരിച്ച ഊഹാപോഹങ്ങൾക്കും ദൂരൂഹതകൾക്കും അറുതിയായി.

ഹെലികോപ്ടറിന്റെ ഡേറ്റ റിക്കോർഡർ സംഘം പരിശോധിച്ചിരുന്നു. സ്ഥലത്തെ തെളിവെടുപ്പ് അടക്കം നടത്തിയശേഷമാണ് സംഘം റിപ്പോർട്ട് തയ്യാറാക്കിയത്. ഡിസംബർ എട്ടിനായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്.പകൽ 11.48 നാണ് ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെയുള്ള സംഘം സുലൂർ വ്യോമതാവളത്തിൽ നിന്ന് എംഐ-17 വി5 ഹെലികോപ്ടറിൽ യാത്ര തിരിച്ചത്. വെല്ലിങ്ടണിലെ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു റാവത്തും സംഘവും.

അപകടത്തിൽ ജനറൽ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മലയാളി വാറണ്ട് ഓഫീസർ പ്രദീപ് എന്നിവരടക്കം ഹെലികോപ്ടറിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിൽ ഗുരുതരപരിക്കുകളോടെ കണ്ടെത്തിയ ഗ്രൂപ്പ് ക്യാപ്ടൻ വരുൺസിങ് ഏതാനും ദിവസങ്ങൾക്ക് ശേഷം ബംഗലൂരു ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ ആദ്യദിവസങ്ങളിൽ ദൂരൂഹത ഉയർന്നിരുന്നു. അപകടസാധ്യത കുറഞ്ഞ വിമാനവും കാലാവസ്ഥയെക്കുറിച്ചുള്ള മുൻകരുതൽ ഉൾപ്പടെയുള്ള പലവിധ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.എന്നാൽ അപ്പോൾ തന്നെ അപകടത്തെ കുറിച്ച് അനാവശ്യപ്രചരണം നടത്തരുതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വ്യോമസേന അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘത്തെ വിശദമായ അന്വേഷണത്തിനായി നിയോഗിച്ചത്. ദ്രൂതഗതിയിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് സംഘം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുന്നത്.