മുംബൈ: കടലിനടിയിൽ ഒളി ആക്രമണം സംഘടിപ്പിക്കാൻ ശേഷിയുള്ള നാവികസേനയുടെ അന്തർവാഹിനി ഐഎൻഎസ്. കൽവരി രാജ്യത്തിന് സമർപ്പിച്ചു. മുംബൈ മസ്ഗാവ് ഡോക്കിൽ നടന്ന കമ്മീഷണിങ് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്‌കോർപീൻ ക്ളാസ്സ് വിഭാഗത്തിലെ ആദ്യ അന്തർവാഹിനി രാഷ്ട്രത്തിന് സമർപ്പിച്ചത്.

 ഫ്രഞ്ച് സാങ്കേതിക സഹകരണത്തോടെ മസ്ഗൻ ഡോക്കിൽ നിർമ്മിക്കുന്ന ഈ ഇനത്തിലെ ആറെണ്ണത്തിൽ ആദ്യത്തേതാണ് ഈ മുങ്ങിക്കപ്പൽ. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിദ്ധ്യം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ നീക്കം.

ഇതുവരെ ഇന്ത്യയ്ക്ക് 15 അന്തർവാഹിനിയുണ്ടെങ്കിലൂം സ്‌കോർപീൻ ക്ളാസ്സ് ഇനത്തിലെ ആദ്യത്തേതാണ് കൽവരി. ഡിസിഎൻഎസ് എന്ന ഫ്രഞ്ച് കമ്പനിയുടെ സഹായത്തോടെയാണ് സ്‌കോർപീൻ ക്ളാസ്സ് അന്തർവാഹിനി ഇന്ത്യ നിർമ്മിച്ചത്.

ഡീസൽ ഇലക്ട്രിക് എഞ്ചിൻ കരുത്തു പകരുന്ന ഇവ നിർമ്മിക്കാനുള്ള 23,600 കോടിയുടെ കരാറിൽ 2005 ലാണ് ഇന്ത്യ ഫ്രഞ്ചു കമ്പനിയുമായി ഒപ്പുവെച്ചത്. 61.7 മീറ്റർ നീളമുള്ള മുങ്ങിക്കപ്പലിന് 20 നോട്ടിക്കൽ മൈൽ വേഗം കടലിനടിയിൽ കിട്ടും. ഇതിന്റെ നിരീ്ക്ഷണ പരിധി കടലിന് അടിയിൽ 6500 നോട്ടിക്കൽ മൈൽ (12,000 കിലോമീറ്റർ) ആണ്.

ഉപരിതലത്തിൽ 12 നോട്ടിക്കൽ മൈൽ വേഗവും. 18 ടോർപിഡോകൾ, 30 മൈനുകൾ, 39 കപ്പൽവേധ മിസൈലുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനിക്ക് 40 ദിവസങ്ങൾ കടലിനടിയിൽ കിടക്കാനുള്ള ശേഷിയുണ്ട്. ശത്രുവിന്റെ നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കാൻ അതിസാമർത്ഥ്യമുണ്ട് എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത.

യൂ ട്യൂബ് വീഡിയോ കാണാം