- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംയുക്ത അഭ്യാസത്തിനു വേണ്ടി ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് മിസൈൽ വാഹിനി ബ്രിട്ടനിൽ നങ്കൂരമിട്ടു; കപ്പൽ പോരാട്ടം കാണാൻ ആവേശത്തോടെ യുകെയിലെ ഇന്ത്യൻ വംശജർ
ലണ്ടൻ: സംയുക്ത സൈനിക അഭ്യാസത്തിനു വേണ്ടി ഇന്ത്യയുടെ മിസൈൽ വാഹിനക്കപ്പൽ ബ്രിട്ടനിൽ നങ്കൂരമിട്ടു. ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ ഐഎൻഎസ് ത്രികാന്താണ് ദിവസങ്ങൾക്കു മുമ്പ് ബ്രിട്ടനിലെ പോർട്‌സ്മൗത്ത് തുറമുഖത്ത് നങ്കൂരമിട്ടത്. അപൂർവ്വമായ ഇത്തരം കാഴ്ചകൾ അഭിമാനത്തോടെ നെഞ്ചുയർത്താൻ ഏതു ഇന്ത്യക്കാർക്കും പ്രവാസ ലോകത്ത് ലഭിക്കുന്ന സൗ
ലണ്ടൻ: സംയുക്ത സൈനിക അഭ്യാസത്തിനു വേണ്ടി ഇന്ത്യയുടെ മിസൈൽ വാഹിനക്കപ്പൽ ബ്രിട്ടനിൽ നങ്കൂരമിട്ടു. ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ ഐഎൻഎസ് ത്രികാന്താണ് ദിവസങ്ങൾക്കു മുമ്പ് ബ്രിട്ടനിലെ പോർട്‌സ്മൗത്ത് തുറമുഖത്ത് നങ്കൂരമിട്ടത്.
അപൂർവ്വമായ ഇത്തരം കാഴ്ചകൾ അഭിമാനത്തോടെ നെഞ്ചുയർത്താൻ ഏതു ഇന്ത്യക്കാർക്കും പ്രവാസ ലോകത്ത് ലഭിക്കുന്ന സൗഭാഗ്യം തന്നെയാണ്. പ്രത്യേകിച്ചും ഇത്തരം സംയുക്ത അഭ്യാസ പ്രകടനങ്ങൾ ഇന്ത്യ വളരെ കുറച്ചു രാഷ്ട്രങ്ങളും മാത്രമായി നടത്തുമ്പോൾ ബ്രിട്ടണിലെ ഇന്ത്യക്കാർക്ക് ത്രികാന്തിനെ കാണുന്നത് തന്നെ ഭാഗ്യമായി കരുതാം.
സംയുക്ത നാവിക പര്യടനത്തിനായി ബ്രിട്ടണിൽ എത്തിയ ഇന്ത്യൻ പടക്കപ്പൽ ഐഎൻഎസ് ത്രികാന്തിനു ഉജ്ജ്വല വരവേൽപ്പ് ആണ് തുറമുഖത്ത് ലഭിച്ചത്. മുൻപ് പലവട്ടം ബ്രിട്ടൺ സന്ദർശിച്ചിട്ടുള്ള ഇന്ത്യൻ പോരാളിക്ക് രണ്ടാഴ്ചത്തെ ദൗത്യമാണ് ബ്രിട്ടണിലുള്ളത്.
ഏതാനും ആഴ്ച മുൻപ് ഇന്ത്യയിൽ എത്തിയ ബ്രിട്ടീഷ് വ്യോമ സേന സൈനിക പരിശീലനത്തിൽ ഇന്ത്യയോടു സാങ്കേതിക പരാജയം ഏറ്റു വാങ്ങിയതും മാദ്ധ്യമങ്ങൾ ശരിക്കും ആഘോഷിച്ചിരുന്നു. തുടർന്ന് ബ്രിട്ടീഷ് വ്യോമ സേന ഉദ്യോഗസ്ഥർ തന്നെ ഇത്തരം പരിശീലനങ്ങളെ ക്രിക്കറ്റ് സ്‌കോർ പോലെ കണക്കാക്കാൻ കഴിയില്ലെന്ന് വിശദീകരണവും ആയി രംഗത്ത് വന്നതും രസകരമായി. എന്നാൽ മുൻ വർഷങ്ങളിൽ ഇത്തരം പരിശീലനങ്ങൾ നടത്തുമ്പോൾ ബ്രിട്ടൺ മേൽക്കൈ നേടുന്നത് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തന്നെ പത്ര സമ്മേളനം നടത്തി വിശദീകരിച്ചിരുന്നു എന്ന കാര്യം വിസ്മരിച്ചാണ് ഇപ്പോൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ നിലപാട് എടുക്കുന്നത്.
രണ്ടാഴ്ചത്തെ പരിശീലനത്തിന് എത്തിയ ത്രികാന്തിനോപ്പം ബ്രിട്ടീഷ് നാവിക സേനക്ക് വേണ്ടി എച്ച്എംഎസ് അയൺ ഡ്യൂക്ക് ആണ് പങ്കെടുക്കുന്നത്. ബ്രിട്ടീഷ് നാവിക സേനയുടെ ആസ്ഥാനമായ ടെവേൻപോർടിൽ എത്തിയ ത്രികാന്ത് പോർട്‌സ്മൗത്തിനും ലണ്ടനും ഇടയിലാണ് പരിശീലനം നടത്തുന്നത്. സൈനിക സാങ്കേതിക വിവര കൈമാറ്റം, ഇരു ഭാഗത്ത് നിന്നും പങ്കു വയ്ക്കാൻ കഴിയുന്ന വൈദഗ്ധ്യം എന്നിവയൊക്കെ എക്‌സ് കൊങ്കൺ എന്ന പരിശീലന പരിപാടിയുടെ ഭാഗമാണ്. ഇത് പത്താം തവണയാണ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ സംയുക്ത നാവിക പരിശീലനം നടത്തുന്നത്. സൗത്ത് വെസ്റ്റ് കടലിൽ നടത്തുന്ന പരിശീലനത്തിൽ ആകാശ മാർഗ്ഗം വഴിയും കടലിനു അടിയിലൂടെയുള്ള ആക്രമണം പ്രതിരോധിക്കുന്നതിനും ഉള്ള വൈദഗ്ധ്യം മറ്റുരയ്ക്കുകയാകും ഇരു വിഭാഗത്തിന്റെയും ലക്ഷ്യം. മുൻപ് പലവട്ടം എച്ച്എംഎസ് അയൺ ഡ്യൂക്ക് നാറ്റോ പരിശീലനത്തിൽ വിവിധ രാജ്യങ്ങളുമായി ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമാണ് ഒരു ഇന്ത്യൻ പടക്കപ്പലുമായി കൊമ്പ് കോർക്കുന്നത്. അതിനാൽ തന്നെ ഇരു വിഭാഗവും ഇതൊരു പ്രെസ്റ്റീജ് വിഷയമായി ഏറ്റെടുത്തിരിക്കുകയാണ്. ഇത്തരം പരിശീലന പരിപാടികൾക്ക് ബ്രിട്ടൻ അത്യധികം പ്രാധാന്യം നൽകുന്നുണ്ടെന്നും ഇതുവഴി ആഗോള സാങ്കേതിക നേടിയ വളർച്ച പരസ്പ്പരം പങ്കു വയ്ക്കാൻ കഴിയും എന്നത് നേട്ടമായി കണക്കാക്കുന്നുവെന്നും എച്ച്എംഎസ് അയൺ ഡ്യൂക്ക് എക്‌സിക്യൂട്ടീവ് ഓപീസർ റിച് ചേംബർ പറയുന്നു. ലണ്ടനിൽ നാളെ മുതൽ നാല് ദിവസം നടക്കുന്ന ഡിഫൻസ് ആൻഡ് സെക്യൂരിറ്റി എക്യുപ്‌മെന്റ് ഇന്റർനാഷണൽ(DSEI) 2015 ഷോയിൽ ഇരു കപ്പലുകളും നിർണ്ണായക പരിശീലന പരിപാടികൾ പുറത്തെടുക്കും. ഫ്രഞ്ച് കപ്പലായ വിഎൻ പർടിസാനും ലണ്ടനിലെ പരിശീലനത്തിൽ പങ്കെടുക്കും. ഏകദേശം 30000 കാണികൾ ഈ പരിശീലനം വീക്ഷിക്കാൻ എത്തിച്ചേരും.
ഇക്കഴിഞ്ഞ മാർച്ചിൽ ബ്രിട്ടീഷ് നാവിക സേന മേധാവികൾ ഇന്ത്യയിൽ എത്തി നടത്തിയ ചർച്ചകളും ഈ പരിശീലനത്തെ സ്വാധീനിക്കും. അഡ്‌മിറൽ ജോർജ് സാംബൽസിന്റെ (First Sea Lord and Chief of the Naval Staff) നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇന്ത്യൻ സന്ദർശനം നടത്തിയത്. ഇന്ത്യൻ ഭാഗത്ത് നിന്ന് ചീഫ് അഡ്‌മിറൽ ആർ കെ ധവാനും ചർച്ചകളിൽ അന്ന് പങ്കാളി ആയിരുന്നു. പ്രധിരോധ മന്ത്രിയെയും ഇന്ത്യൻ സേനയുടെ മൂന്നു വിഭാഗത്തിന്റെയും മേധാവികളെയും അനേകം പ്രധിരോധ വകുപ്പ് ഉദ്യോഗസ്ഥരെയും സന്ദർശിച്ചു ചർച്ച നടത്തിയാണ് നാല് ദിവസം നീണ്ട പര്യടനം ജോർജ് സംബെല്ലാസ് അവസാനിപ്പിച്ചത്.
ചർച്ചയുടെ വിശദാംശങ്ങൾ ഇരു വിഭാഗവും പുറത്തു വിട്ടില്ലെങ്കിലും അടുത്ത ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് ഇന്ത്യൻ നേവി നടത്തുന്ന ഇന്റർനാഷണൽ ഫ്‌ളീറ്റ് റിവ്യു എക്‌സിബിഷനിൽ ബ്രിട്ടീഷ് റോയൽ നേവി പങ്കെടുക്കാനുള്ള സാദ്ധ്യതകൾ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സന്ദർശന ഭാഗമായി ജോർജ് സംബെല്ലാസ് കൊച്ചിയിലെ നാവിക പരിശീലന കേന്ദ്രവും സന്ദർശിച്ചിരുന്നു. ഇന്ത്യ ആദ്യമായി നിർമ്മിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ചാണ് അന്ന് അദ്ദേഹം മടങ്ങിയത്.