കൊച്ചി: സമുദ്രയുദ്ധ രംഗത്ത് ഏഷ്യയിൽ ഇന്ത്യയെ വെല്ലാൻ മറ്റൊരു ശക്തിയും ഇനിയുണ്ടാകില്ല. ചൈനയെയും കടത്തിവെട്ടുന്ന വിധത്തിലാണ് നാവിക സേനാ രംഗത്തെ ഇന്ത്യൻ മുന്നേറ്റം. ലോകരാജ്യങ്ങളെ അസൂയപ്പെടുത്തും വിധത്തിലുള്ള നേട്ടമാണ് ഇന്ത്യ ഇപ്പോൾ കൈവരിക്കുന്നതും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് കമ്മീഷണിങ്ങിനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മാണ ഘട്ടങ്ങൽ പൂർത്തിയായി വരുന്ന ഐഎൻഎസ് വിക്രാന്ത് അവസാനഘട്ട സമുദ്ര പരീക്ഷണങ്ങൾക്കായി പുറപ്പെട്ടു കഴിഞ്ഞു.

കഴിഞ്ഞ 3 സമുദ്ര പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയ വിമാനവാഹിനി ഇന്നലെ രാവിലെ പതിനൊന്നോടെ കൊച്ചിൻ ഷിപ്യാഡ് ബെർത്തിൽ നിന്നു ചെറു യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയാണു കടലിലേക്കു യാത്ര തിരിച്ചത്. 10 ദിവസത്തിലേറെ വിവിധ പരീക്ഷണങ്ങളുമായി കടലിൽ തുടരും. 1500 അംഗ ക്രൂ കപ്പലിലുണ്ട്.

കമ്മിഷനിങ്ങിനു മുൻപു ചെയ്തു തീർക്കേണ്ട ജോലികളിൽ 95 ശതമാനവും പൂർത്തിയായി എന്നാണു വിവരം. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഓഗസ്റ്റ് ആദ്യ വാരമോ രണ്ടാം വാരമോ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനവാഹിനി നാടിനു സമർപ്പിക്കും. നിലവിൽ ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ (ഐഎസി1) എന്നറിയപ്പെടുന്ന വിമാനവാഹിനി കമ്മിഷൻ ചെയ്യുന്നതോടെ ഔദ്യോഗിക രേഖകളിലും ഐഎൻഎസ് വിക്രാന്ത് എന്ന പേരിലാകും.

തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ, ദിശാനിർണയ ഉപകരണങ്ങൾ, ഗതി നിയന്ത്രണ സംവിധാനങ്ങൾ, സെൻസറുകൾ, ആശയവിനിമയ സംവിധാനങ്ങൾ, റഡറുകൾ, ശീതീകരണ ഉപകരണങ്ങൾ തുടങ്ങി ഭൂരിഭാഗവും കപ്പലിൽ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങളാകും അവസാനഘട്ട പരീക്ഷണത്തിൽ പ്രധാനമായും വിലയിരുത്തുക. പ്രൊപ്പൽഷൻ ആൻഡ് സ്റ്റിയറിങ് ട്രയൽസിന് ഇക്കുറി കൂടുതൽ പ്രാമുഖ്യം നൽകും. വേഗം, കടലിൽ വളരെ വേഗം തിരിയാനും മറ്റുമുള്ള കഴിവ് എന്നിവയെല്ലാം പരിശോധിക്കും. പല വേഗത്തിൽ കപ്പൽ ഓടിച്ചുള്ള പരീക്ഷണങ്ങളും നടക്കും.

കപ്പൽ കമ്മിഷൻ ചെയ്തു കഴിഞ്ഞ ശേഷമാകും യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്തും പറന്നുയർന്നുമുള്ള പരീക്ഷണങ്ങൾ നടക്കുക. ഫൈറ്റർ പ്ലെയിൻ സ്‌ക്വാഡ്രൻ ഗോവയിൽ ആയതിനാൽ ഈ പരീക്ഷണങ്ങൾക്കായി കപ്പൽ ഗോവയിലേക്കു കൊണ്ടുപോകാനും സാധ്യതയുണ്ട്. കപ്പലിലിറങ്ങുന്ന വിമാനങ്ങളുടെ വേഗം കുറയ്ക്കാനുള്ള അറസ്റ്റിങ് ഗിയർ ഉൾപ്പെടെയുള്ളവ മൂന്നാം ഘട്ട പരീക്ഷണ സമയത്തു പരിശോധിച്ചിരുന്നു. ഹെലികോപ്റ്റർ ഇറക്കിയുള്ള പരീക്ഷണം ആദ്യ ഘട്ടത്തിൽത്തന്നെ പൂർത്തിയായി. രാജ്യത്തു നിർമ്മിച്ചിട്ടുള്ളവയിൽ ഏറ്റവും വലിയ യുദ്ധക്കപ്പലാണു വിക്രാന്ത്.

രണ്ടു ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലുപ്പം ഒഴുകുന്ന നഗരം

കടലിൽ ഒഴുകുന്ന ചെറുനഗരമാണു വിക്രാന്ത്. കപ്പലിന്റെ ഫ്‌ളൈറ്റ് ഡെക്കിനു മാത്രം രണ്ടു ഫുട്‌ബോൾ ഗ്രൗണ്ടിനു തുല്യമായ വലുപ്പം. 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവും കപ്പലിനുണ്ട്. 15 ഡെക്കുകളാണു കപ്പലിൽ. 40,000 ടൺ ആണു ഭാരവാഹക ശേഷി. 1700 പേരുള്ള വരുന്ന ക്രൂവിനായി രൂപകൽപന ചെയ്ത കംപാർട്‌മെന്റുകളിൽ വനിതാ ഓഫിസർമാർക്കു വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരേസമയം 10 ഹെലികോപ്റ്ററുകളെയും 20 യുദ്ധവിമാനങ്ങളെയും വഹിക്കാൻ കഴിയുന്ന വിക്രാന്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 28 നോട്ടിക്കൽ മൈലാണ്. 3 റൺവേകളുണ്ട്.

ഐഎൻഎസ് വിക്രാന്തിന്റെ പ്രത്യേകതകൾ

2009 ഫെബ്രവരിയിൽ കീലിട്ട കപ്പൽ 2018ൽ പൂർത്തിയാവേണ്ടതായിരുന്നു. പല കാരണങ്ങളാൽ നിർമ്മാണം നീളുകയായിരുന്നു. 2013ലായിരുന്നു നീറ്റിലിറക്കിയത്. 2002ലാണു വിമാന വാഹിനിക്കപ്പൽ നിർമ്മാണ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയത്. കഴിഞ്ഞവർഷം നവംബർ അവസാനം കപ്പലിന്റെ ബേസിൻ ട്രയൽ നടത്തിയിരുന്നു. കടൽ പരീക്ഷണത്തിനുമുന്നോടിയായി കപ്പൽ ഓടിച്ചുകൊണ്ട, യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പരീക്ഷണമാണ് അന്ന് കപ്പൽനിർമ്മാണശാലയോട് ചേർന്ന് നടത്തിയത്.

റഷ്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച കപ്പലിന് മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ മൈൽ വേഗതയും 18 മൈൽ ക്രൂയിസിങ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയുമുണ്ട്. കപ്പൽ നിർമ്മാണത്തിന് 20,000 ടൺ ഉരുക്കാണ് ആവശ്യമായി വന്നത്. ഇതു മുഴുവനായും ഇന്ത്യയിലാണ് ഉൽപ്പാദിപ്പിച്ചത്. യന്ത്രഭാഗങ്ങളുടെ 70 ശതമാനവും മറ്റ് ഉപകരണങ്ങളുടെ 80 ശതമാനവും നിർമ്മിച്ചതും തദ്ദേശീയമായി തന്നെ.

ബെംഗളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് (ബിഎച്ച്ഇഎൽ) ആണ് കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കുന്നത്. 14 ഡക്കുകളാണ് കപ്പലിനുള്ളത്. ഇവയിലായി ഫ്‌ളൈറ്റ് ഡെക്കിനു മുകളിലായി സൂപ്പർ സ്ട്രക്ചറിലായി അഞ്ചും താഴെയായി ഒൻപതും ഡെക്കുകൾ. വിമാനങ്ങൾ സൂക്ഷിക്കുന്ന ഹാങ്ങർ ആണ് ഒരു ഡെക്ക്. ഇതിൽ ഒരേ സമയം 20 വിമാനം സൂക്ഷിക്കാം. ഹാങ്ങറിൽനിന്ന് ലിഫ്റ്റ് വഴിയാണ് വിമാനങ്ങൾ ഫ്‌ളെറ്റ് ഡെക്കിലെത്തിക്കുക.

മൊത്തം ഡെക്കുകളിലായി 2300 കമ്പാർട്ട്‌മെന്റുകളാണുള്ളത്. ഇതിൽ 1850 എണ്ണം നാവികരുടെ താമസത്തിനും ഓഫിസ് ആവശ്യത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടിയുള്ളതാണ്. വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളുണ്ട്. ഇവ കഴിഞ്ഞുള്ള ക്യാബിനുകളിലാണ് യുദ്ധോപകരണങ്ങളും മറ്റും സൂക്ഷിക്കുക. കപ്പലിലാകെ ഉപയോഗിച്ചിരിക്കുന്നത് 2100 കിലോ മീറ്റർ കേബിൾ.

ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് 1971 ലെ യുദ്ധത്തിൽ പാക്കിസ്ഥാൻ നാവികസേനയുടെ നീക്കം ബംഗാൾ ഉൾക്കടലിൽ ചെറുത്തതിലൂടെ ഇന്ത്യൻ നാവിക ചരിത്രത്തിൽ ഗംഭീര ഏടാണ് എഴുതിച്ചേർത്തത്. 1957ൽ ബ്രിട്ടനിൽനിന്നു വാങ്ങിയ എച്ച്എംഎസ് ഹെർക്കുലിസ് എന്ന വിമാന വാഹിനിക്കപ്പൽ 1961ലാണ് ഐഎൻഎസ് വിക്രാന്ത് എന്ന പേരിൽ കമ്മിഷൻ ചെയ്തത്.

1997 ജനുവരി 31നു ഡീകമ്മിഷൻ ചെയ്തു. 2012 വരെ മുംബൈയിൽ നാവിക മ്യൂസിയമായി സൂക്ഷിച്ച ഈ കപ്പൽ 2014ൽ ലേലത്തിൽ വിറ്റു. തുടർന്ന് സുപ്രീം കോടതി അനുമതി നൽകിയതോടെ പൊളിക്കുകയായിരുന്നു. ഈ കപ്പലിനു പകരമായാണ് ഐഎസി 1 വരുന്നത്. 210 മീറ്റർ നീളവും 39 മീറ്റർ വീതിയുമുണ്ടായിരുന്ന പഴയ ഐഎൻഎസ് വിക്രാന്തിന് 25 നോട്ടിക്കൽ മൈലായിരുന്നു വേഗം. ഹെലികോപ്റ്ററുകൾ ഉൾപ്പെട 21-23 വിമാനങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു.

ബ്രിട്ടീഷ് റോയൽ നേവിയുടെ ഭാഗമായിരുന്ന എച്ച്എംഎസ് ഹെർമസ് വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിരാട് ആയി ഇന്ത്യൻ സേനയിൽ അവതരിച്ചത്. 1959ൽ നിർമ്മിച്ച കപ്പൽ 1984ൽ ബ്രിട്ടൻ ഡികമ്മിഷൻ ചെയ്ത്, 1987ൽ ഇന്ത്യയ്ക്കു വിൽക്കുകയായിരുന്നു. തുടർന്ന് 30 വർഷത്തോളം ഐഎൻഎസ് വിരാടായി ഇന്ത്യൻ സേനയുടെ ഭാഗമായ കപ്പലിന്റ അവസാന യാത്ര 2016 ജൂലൈ 23ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്കായിരുന്നു. 2017 മാർച്ച് ആറിന് ഡീകമ്മിഷൻ ചെയ്തു. തുടർന്ന് വിറ്റ കപ്പൽ പൊളിക്കാൻ ഈ വർഷം ഏപ്രിൽ 12നു സുപ്രീം കോടതി അനുമതി നൽകിയിരുന്നു.

226.5 മീറ്റർ നീളമുണ്ടായിരുന്ന കപ്പലിന് 48.78 മീറ്റർ വീതിയാണുണ്ടായിരുന്നത്. 28 നോട്ടിക്കൽ മൈലായിരുന്നു വേഗം. ഹെലികോപ്റ്ററുകൾ ഉൾപ്പെട 26 വിമാനങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. നിലവിൽ സേവനത്തിലുള്ള ഐഎൻഎസ് വിക്രമാദിത്യ റഷ്യയിൽനിന്നു വാങ്ങിയതാണ്. 1987ൽ നിർമ്മിച്ച കപ്പൽ അഡ്‌മിറൽ ഗോർഷ്‌കോവ് എന്ന പേരിൽ 1996 വരെ റഷ്യൻ സേനയുടെ ഭാഗമായിരുന്നു ഈ കപ്പൽ. 2004ലാണ് കപ്പൽ ഇന്ത്യ വാങ്ങുന്നത്. 2013 നവംബർ 13നു കമ്മിഷൻ ചെയ്ത കപ്പൽ 2014 ജൂൺ 14നാണ് ഐഎൻഎസ് വിക്രമാദിത്യ എന്ന പേരിൽ ഇന്ത്യൻ സേനയുടെ ഭാഗമായത്. 284 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള ഈ കപ്പലിന് 22 ഡക്കാണുള്ളത്. 30 നോട്ടിക്കൽ വേഗത്തിൽ സഞ്ചരിക്കാനാവുന്ന കപ്പലിന് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ 36 വിമാനങ്ങളെ വഹിക്കാനാവും.