ഇടുക്കി: ഉപ്പുതറയിലെ കൃഷിയിടങ്ങളിലും ഇടുക്കി വനത്തിലും നാശം വിതച്ചുവ്യാപിക്കുന്ന ഷഡ്പദകീടം ജനിതക വ്യതിയാനം സംഭവിച്ച ഉറുമ്പുകളെന്നു വിദഗ്ദ്ധർ. ഇന്നലെ ഇവിടം സന്ദർശിച്ച പ്രമുഖ കാർഷിക വിദഗ്ധനും ഗവ. ഹോമിയോ കോളജ് റിട്ട. പ്രിൻസിപ്പലുമായ ഡോ. അബ്ദുൾ ലത്തീഫാണ് ഇക്കാര്യം അറിയിച്ചത്. ഉപ്പുതറ കൃഷി ഓഫീസർ ആര്യാംബയുടെ നേതൃത്വത്തിലുള്ള സംഘവും ഇതു സ്ഥിരീകരിച്ചു. അമിത കീടനാശിനിപ്രയോഗമാകാം ഇത്തരത്തിലുള്ള ജനിതകമാറ്റത്തിനുകാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ കാർഷിക ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന ഗവേഷകർ കൂടി എത്തിയാൽമാത്രമേ സ്ഥിരീകരണമാകുകയുള്ളൂ. ചൂടിനെ അതിജീവിക്കാൻ ശേഷിയില്ലാത്ത ഇവ രണ്ടായിരത്തോളം ഏക്കർ കൃഷിയിടത്തിൽ വ്യാപിച്ചതായി കണ്ടെത്തി. ഇടുക്കിയിലും ഇടുക്കി വനമേഖലയിലും വൻനാശം വിതച്ച് പെരുകുന്ന കീടത്തെക്കുറിച്ച് മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. വനം മേഖലയിൽ ഇതിന്റെ സാന്നിധ്യം വ്യക്തമായിട്ടും അതേപ്പറ്റി അന്വേഷിക്കാൻപോലും മനസുകാട്ടാതെ വനം വകുപ്പ് അധികൃതർ ഒഴിഞ്ഞുമാറുന്നത് ജനങ്ങളിൽ രോഷമുയർത്തുകയാണ്.

പ്രമുഖ കാർഷികവിദഗ്ധനും ഗവ. ഹോമിയോ കോളജ് റിട്ട. പ്രിൻസിപ്പലുമായ ഡോ. അബ്ദുൾ ലത്തീഫ് ഇന്നലെ കോഴിക്കോട്ട് നിന്ന് ഉപ്പുതറയിലെത്തിയാണ് കീടങ്ങളെക്കുറിച്ചു പഠനം നടത്തിയത്. ജനിതകമാറ്റം സംഭവിച്ച ഉറുമ്പുകളാണ് ഇപ്പോൾ അപകടകാരികളായ കീടങ്ങളായി മാറിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കീടനാശിനികളുടെ അമിത ഉപയോഗത്തിലൂടെയാകാം ഈ വിഭാഗം ഉരുത്തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കീടനാശിനികൾ കൊണ്ട് ഇവയെ തുരത്താനാകില്ലെന്നാണ് കർഷകരിൽനിന്ന് മനസിലാക്കുന്നത്. സാധാരണ ഉറുമ്പുകളുടേതിൽനിന്നു വ്യത്യസ്തമായ ജീവിതക്രമമാണ് ഇവയുടേത്. ചൂടുള്ള കാലാവസ്ഥയെ അതിജീവിക്കാൻ ഇവയ്ക്ക് കഴിയില്ല. ഓരോ ചെടിയും വേരു പിടിക്കുന്നതിനൊപ്പംതന്നെ കീടങ്ങൾ വേരുകൾ തിന്നു നശിപ്പിക്കുകയാണെന്ന് ഉപ്പുതറ ഈറ്റക്കാനം ഓലിക്കൽ സോണിയുടെ പുരയിടം സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. കാപ്പി, പ്ലാവ് തുടങ്ങിയവയുടെ തൈകൾ വേരറ്റ നിലയിൽ അദ്ദേഹം പറിച്ചെടുത്തു കാട്ടി. പ്രദേശമാകെ വ്യാപിച്ചിട്ടുള്ള കീടത്തെ അമർച്ച ചെയ്യാൻ സർക്കാരിന്റെ നേതൃത്വത്തിൽ കർഷകരും സന്നദ്ധ സംഘടനകളും ഒന്നിച്ചു പൊരുതണം. മണ്ണിൽനിന്നും ശേഖരിച്ച ഷഡ്പദകീടത്തെ വെയിലത്ത് ഇട്ടയുടൻ ഇവയെല്ലാം ചത്തുവീണു. തണുപ്പിൽ മാത്രമേ ഇവയ്ക്ക് ജീവിക്കാൻ കഴിയൂവെന്നും അതിനാലാണ് മണ്ണിനടിയിൽ മാത്രം വസിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.

ഉപ്പുതറ, ഈറ്റക്കാനം, കാക്കത്തോട്, ആശുപത്രിപടി, ക്വാർട്ടേഴ്‌സ് പടി മേഖലകളിലാണ് ഉറുമ്പിനോട് സാദൃശ്യമുള്ള കീടങ്ങൾ കാർഷിക വിളകളുടെയും വന്മരങ്ങളുടെയുംവരെ വേരുകൾ തിന്നു നശിപ്പിക്കുന്നത്. ഏതാനും വർഷങ്ങൾകൊണ്ട് കോടിക്കണക്കിന് രൂപയുടെ കൃഷിയിടങ്ങൾ നശിപ്പിച്ച കീടങ്ങൾ ലോകാവസാനത്തിന് കാരണമാകുന്ന ജീവിയാണെന്നുവരെയാണ് നാട്ടിൽ പ്രചാരണം നടക്കുന്നത്. മണ്ണിനടയിൽ മാത്രം വസിക്കുന്ന ഇവ മഴക്കാലത്ത് മാത്രമാണ് പുറത്ത് പ്രത്യക്ഷപ്പെടുന്നത്. ചില പ്രത്യേക സമയത്ത് ചിറക് മുളയ്ക്കുന്ന ഇവ പറന്നു മറ്റു കൃഷിയിടങ്ങളിലേയ്ക്കും വ്യാപിക്കുന്നു. ഓരോ വർഷവും പത്തിരട്ടിയോളം പ്രദേശത്ത് കീടങ്ങൾ ബാധിക്കുന്നതായാണ് കണ്ടെത്തിയത്.

കാപ്പി, കൊക്കോ, ഏലം, കുരുമുളക്, പച്ചക്കറികൾ, ഇഞ്ചി തുടങ്ങിയവയുടെയല്ലാം വേരുകൾ തിന്നു തീർക്കുന്ന പതിനായിരക്കണക്കിന് ഷഡ്പദങ്ങളാണ് ഓരോ പുരയിടത്തിലുമുള്ളത്. മണ്ണിന്റെ അടിയിൽമാത്രം വസിക്കുന്ന ഇവ കൂടുതലായും നനവുള്ള പ്രദേശങ്ങളിലാണ് അധിവസിക്കുന്നത്. മണ്ണ് കിളയ്ക്കുമ്പോൾ ഒന്നര മുതൽ രണ്ട് മീറ്റർ വരെ ആഴത്തിൽ ഇവയെ കർഷകർ കണ്ടെത്തി. മണ്ണിനടിയിലേയ്ക്ക് പെട്ടെന്നു മറയുന്ന സ്വഭാവ പ്രകൃതിയുള്ള ഇവ ഉറുമ്പിനോട് സാമ്യമുള്ളവയാണെങ്കിലും മന്ദഗതിയിൽ ചലിക്കുന്നവയും മനുഷ്യരെ ആക്രമിക്കാത്തവയുമാണ്. റബർ, മാവ്, പ്ലാവ് പോലെയുള്ള കറയുള്ള മരങ്ങൾ ഒഴികെ എല്ലാ സസ്യങ്ങളുടെയും വേരുകൾ ഷഡ്പദങ്ങൾ കൂട്ടത്തോടെ തിന്നുതീർക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മണ്ണിനെ പശിമയില്ലാതാക്കി പൊടിരൂപത്തിലാക്കി മാറ്റാൻ ഇവയ്ക്ക് കഴിയുന്നുണ്ട്. ഇവയുടെ വാസസ്ഥലത്ത് മണ്ണിൽ ചവിട്ടിയാൽ കുഴിയിലേക്കെന്നപോലെ കാലുകൾ താഴ്ന്നു പോകും. ഉപ്പുതറ പഞ്ചായത്തിലെ 250-ലേറെ ഏക്കർ കൃഷിയിടം ഷഡ്പദ കീടത്തിന്റെ ഉപദ്രവത്തിൽ നശിച്ചുവന്നാണ് പ്രാഥമികമായി ലഭിച്ചിരുന്ന കണക്കുകൾ. എന്നാൽ ഉപ്പുതറ ഭൂസംരക്ഷണ സമിതി നടത്തിയ അന്വേഷണത്തിൽ, രണ്ടായിരത്തോളം ഏക്കർ സ്ഥലത്ത് ഇവയുടെ ആക്രമണം ശക്തമാണെന്നു കണ്ടെത്തിയതായി ചെയർമാൻ എം. കെ ദാസനും കൺവീനർ എ. വി തോമസും പറഞ്ഞു. കീടബാധയുള്ള പ്രദേശം ഇനിയും ഉണ്ടാകാമെന്നാണ് നിഗമനം. മണ്ണിനടിയിലായതിനാൽ ഇവയുടെ സാന്നിധ്യം കാർഷിക വിളകൾ നശിക്കുമ്പോൾ മാത്രമാണ് കർഷകർ അറിയുന്നത്. വെട്ടുക്കിളിയേക്കാൾ അപകടകാരിയായ ഷഡ്പദം ഒളിച്ചിരുന്ന് വരുത്തിവയ്ക്കുന്ന നാശം കുടിയേറ്റ മേഖലയിലെ കാർഷിക വിളകളെ അപ്പാടെ ഇല്ലാതാക്കുമന്നാണ് വിദഗ്ധ അഭിപ്രായം.

ഇടുക്കി വനത്തിലെ കാക്കത്തോട് ഫോറസ്റ്റ് മേഖലയിൽ തേക്ക് ഉൾപ്പെടെ വന്മരങ്ങൾ കീടത്തിന്റെ ആക്രമണത്തിൽ ഉണങ്ങിക്കരിഞ്ഞു നിൽക്കുകയാണ്. എന്നാൽ വനപാലകർ വിവരമറിഞ്ഞിട്ടും ഇവിടേയ്ക്ക് എത്തിനോക്കാൻപോലും തയാറായിട്ടില്ല. ഇന്നലെ ഉപ്പുതറ കൃഷി ഓഫീസർ ടി. എൻ ആര്യാംബയുടെ നേതൃത്വത്തിലുള്ള സംഘം കൃഷിയിടങ്ങൾ സന്ദർശിച്ച് കീടങ്ങളുടെ സാമ്പിൾ കുപ്പിയിലാക്കി വിദഗ്ധ പരിശോധനയക്കായി അയച്ചു. ഉറുമ്പിന്റെ വംശത്തിൽപ്പെട്ട കീടമാണെന്നും എന്നാൽ ഇത്തരത്തിലുള്ള കൃഷി നാശം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായാണെന്നും ആര്യംബ പറഞ്ഞു.

ഹോമിയോ അഗ്രോ കെയർ എന്ന ഉൽപ്പന്നം ഡോ. ഡോ. അബ്ദുൾ ലത്തീഫ് പ്രതിവിധിയായി നിർദേശിച്ചിട്ടുണ്ട്. 100 ഗ്രാമുള്ള ഉൽപ്പന്നത്തിന് 100 രൂപയാണ് വില. ഇത് 500 ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ തളിച്ചാൽ മതിയാകുമെന്നാണ് ഡോ. ഡോ. അബ്ദുൾ ലത്തീഫ് പറയുന്നത്. മനുഷ്യന് ഹാനികരമല്ലാത്ത ഈ മരുന്ന് ആറുസത്തിലൊരിക്കൽ എല്ലാ വിളകളിലും ഉപയോഗിച്ചാൽ കീടനാശിനി-വളപ്രയോഗങ്ങൾ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.