ചെങ്ങന്നൂർ: പ്രസവശേഷം യുവതിക്ക് തൂക്കം കുറയ്ക്കാൻ ആശുപത്രിയിൽനിന്ന് നൽകിയ ഫുഡ് സപ്ലിമെന്റിൽ നിറയെ ചെള്ളും പുഴുക്കളും. അടുത്തമാസം വരെ കാലാവധിയുള്ള പായ്ക്കറ്റിൽ എങ്ങനെ പുഴുക്കൾ വന്നുവെന്ന് ആശുപത്രി അധികൃതർക്ക് അറിയില്ല. കുറ്റം നിർമ്മാണ കമ്പനിയുടെ തലയിൽ ചാരി ഒഴിഞ്ഞുമാറാൻ അവരുടെ നീക്കം.

ആഹാരനിയന്ത്രണത്തിനു വേണ്ടി നൽകിയ മെഡി സ്ലിം പൗഡറിലാണ് നൂറുകണക്കിന് പുഴുക്കളും ചെള്ളുകളും കണ്ടെത്തിയത്. ബംഗളൂരു ബന്നാർഘട്ടയിലുള്ള ബ്രിട്ടീഷ് ബയോളജിക്കൽ എന്ന സ്ഥാപനം ഉത്പാദിപ്പിക്കുന്ന മെഡി സ്ലിം പൗഡർ മുളക്കുഴ സെഞ്ച്വറി ആശുപത്രിയിൽനിന്നാണ് രോഗികൾക്ക് വിതരണം ചെയ്തത്.

ഗർഭകാല ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയ ആറാട്ടുപുഴ സ്വദേശിനി അഞ്ജലി ലോറൻസിന് തൂക്കം കുറയ്ക്കുന്നതിന് ഗൈനക്കോളജി വിഭാഗം ഡോക്ടറാണ് മെഡിസ്ലിം കുറിച്ചു നൽകിയത്. 35% പ്രോട്ടീനും 5% ഫാറ്റും 64% കാർബോഹൈഡ്രേറ്റുമടങ്ങുന്ന ഭക്ഷണ പദാർത്ഥമാണ് മെഡിസ്ലിം. 2016 ഫെബ്രുവരി 28 മാത്രമേ രേഖകളനുസരിച്ച് ഈ പോഷകാഹാരത്തിന്റെ ഉപഭോഗ കാലാവധി കഴിയുകയുള്ളൂ.

500 ഗ്രാം തൂക്കമുള്ള പ്ലാസ്റ്റിക് കുപ്പിയിൽ അലൂമിനിയം ഫോയിൽ കൊണ്ട് മൂടിയടച്ച് സുരക്ഷിതമാക്കിയ പായ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് പുഴുക്കളും ചെള്ളും കണ്ടെത്തിയത്. പാലിൽ ചേർത്ത് കഴിക്കുന്നതിന് സ്പൂണിൽ കോരിയെടുക്കുമ്പോഴാണ് പുഴുക്കൾ ശ്രദ്ധയിൽപ്പെട്ടത്.

എംഎസ് വി 140906 ബാച്ച് നമ്പറിലുള്ള ഉത്പന്നമാണിത്. 535 രൂപ വിലയുള്ള ഈ മെഡിസിൻ ഇട്ട് നൽകുന്ന കവറിന്റെ പൈസയടക്കം നൽകിയാണ് അഞ്ജലി ലോറൻസ് ഈ പായ്ക്കറ്റ് പൗഡർ വാങ്ങിയത്. ആഹാരനിയന്ത്രണത്തിന് രോഗികൾക്ക് (ഗർഭിണികൾക്ക് കൂടുതലായി) പൊതുവെ നൽകുന്ന പോഷകാഹാരം കൂടിയാണിത്. പുഴു നിറഞ്ഞ ഈ പായ്ക്കറ്റ് ഫുഡിനെതിരെ അഞ്ജലിയും കുടുംബവും ജില്ലാ ഉപഭോക്തൃ കോടതിയിലും സിവിൽ കോടതിയിലും കേസ് നൽകിയിരിക്കുകയാണ്.