- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഷാദും കൂട്ടരും നായാട്ടിന് പതിവായി പോയിരുന്നു; ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ച് ഇൻഷാദിനു നേരെ വെടിയുതിർത്തത് അസ്‌കർ അലി; വെടിവെപ്പിലേക്ക് നയിച്ച സംഭവത്തിൽ ഇപ്പോഴും അവ്യക്തത; പന്നിവേട്ടക്കിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരിൽ പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവർ യുവാവിനു നേരെ മനപ്പൂർവം വെടിവെച്ചതാണെന്നാണ് പൊലീസ് നിഗമനം. മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരിൽ പന്നിവേട്ടക്കിടെ ആക്കപ്പറമ്പിലെ കണക്കയിൽ അലവി എന്ന കുഞ്ഞാന്റെ മകൻ ഇൻഷാദ് എന്ന ഷാനു (27 ) ആണ് വെടിയേറ്റ് മരിച്ചത്. ചേങ്ങോട്ടൂരിലെ കാട് പിടിച്ച സ്ഥലത്ത് കാട്ടുപന്നികളുണ്ടെന്ന വിവരം അറിഞ്ഞാണ് ഷാനുവും സുഹൃത്തുക്കളായ അക്‌ബറലി, സനീഷ് എന്നിവരും ചേർന്ന് തോക്കുമായി പന്നിവേട്ടക്കിറങ്ങിയതെന്നായിരുന്നു വിവരം.
സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി കൊല്ലത്ത് പറമ്പിൽ അബൂബക്കറിന്റെ മകൻ അസ്‌കർ അലി, നാരിങ്ങപറമ്പിൽ താമിയുടെ മകൻ സുനീഷൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ ഇവർ മനപ്പൂർവം വെടിവെച്ചതാണെന്ന് കണ്ടെത്തി. ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ച് അസ്‌കർ അലിയാണ് ഇൻഷാദിനു നേരെ വെടിയുതിർത്തതെന്നും പൊലീസ് പറഞ്ഞു.
വയറിനേറ്റ ഗുരുതര പരിക്കാണ് ഇൻഷാദിന്റെ മരണത്തിലേക്ക് നയിച്ചത്. കൊലപാതകത്തിനാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തതെന്ന് മലപ്പുറം ഡിവൈഎസ്‌പി പി എം പ്രദീപ് കുമാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ ഉൾപ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്. ഇൻഷാദടക്കമുള്ളവർ നായാട്ടിന് പോകുന്നത് പതിവായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
പിടിയിലായ പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്റെ നേതൃത്വത്തിൽ എഎസ്‌പി ഷാഹുൽ ഹമീദ്, മലപ്പുറം ഡിവൈഎസ്‌പിപി എം പ്രദീപ് കുമാർ, കോട്ടക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എം കെ ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്.
സംഭവസമയത്ത് വെടിയേറ്റ ഇൻഷാദിനെ കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മാലാപറമ്പ് എം.ഇ.എസ് ആശുപത്രി മോർച്ചറിയിൽനിന്നും വീട്ടുകാർക്കു വീട്ടു നൽകി. തുടർന്നു ആക്കപ്പറമ്പ് ജുമാ മസ്ജിദിൽ മറവ് ചെയ്തു. പിതാവ്: സൈതലവി. മാതാവ്: റഹ്മത്ത്. സഹോദരങ്ങൾ: ഇർഷാദ്, ആഷിഖ്, ഇർഫാന.