- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിനെ പ്രതിസന്ധിയിലാക്കിയത് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ അടൂർ പ്രകാശ് രചിച്ച തിരക്കഥ; പ്രകാശിന്റെ ആത്മമിത്രമായ ബിജു രമേശ് മാണിക്കെതിരെ രംഗത്ത് ഇറങ്ങിയത് മന്ത്രിയുടെ അനുമതിയോടെ; ബാബുവിനെ രാജിവച്ചതോടെ ഇനി ഉയർത്തുക നേതൃമാറ്റ ചർച്ച
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ നിന്ന് ഉയർന്നതാണ് ബാർ കോഴയിലെ തിരക്കഥ. ധനമന്ത്രിയായിരുന്ന കെഎം മാണിയെ ലക്ഷ്യമിട്ടുള്ളതെന്ന് വരുത്തി തീർത്ത് കെ ബാബുവിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുകയാിരുന്നു ലക്ഷ്യം. ഉമ്മൻ ചാണ്ടിയും മാണിയും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ രൂപപ്പെട്ടപ്പോഴാണ് അത്. ഇടതു മുന്നണിയിലേക്ക് ചേക്കേറാനൊരുങ്ങിയ മാ
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ നിന്ന് ഉയർന്നതാണ് ബാർ കോഴയിലെ തിരക്കഥ. ധനമന്ത്രിയായിരുന്ന കെഎം മാണിയെ ലക്ഷ്യമിട്ടുള്ളതെന്ന് വരുത്തി തീർത്ത് കെ ബാബുവിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുകയാിരുന്നു ലക്ഷ്യം. ഉമ്മൻ ചാണ്ടിയും മാണിയും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ രൂപപ്പെട്ടപ്പോഴാണ് അത്. ഇടതു മുന്നണിയിലേക്ക് ചേക്കേറാനൊരുങ്ങിയ മാണിയെ തകർക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്ന എന്ന തരത്തിൽ തിരക്കഥയുടെ ആദ്യ ഭാഗങ്ങൾ. പിസി ജോർജിന്റെ പങ്ക് മാണി തിരിച്ചറിഞ്ഞതോടെ എല്ലാം പുറത്തായി. ബാർ കോഴയിൽ മാണി രാജിവച്ചു. ഇപ്പോൾ ബാബുവും കുരുക്കിലായി. തയ്യാറാക്കിയ തിരക്കഥ അന്ന് നടന്നില്ലെങ്കിലും ലക്ഷ്യത്തിലേക്ക് പിന്നണിക്കാർ എത്തുകയാണ്.
ബാബുവിന്റെ രാജിയോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ട് കോൺഗ്രസിലെ ഐ വിഭാഗം ഇനി കരുക്കൾ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റമുണ്ടായില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ഐ ഗ്രൂപ്പ് ഇപ്പോഴും പറയുന്നത്. സോളാറിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുരുങ്ങാനുള്ള സാധ്യതയും കൂടുതലാണ്. ഏപ്രിൽ 27ന് മുമ്പ് സോളാറിൽ ജസ്റ്റീസ് ശിവരാജൻ റിപ്പോർട്ട് നൽകും. ഈ സാഹചര്യത്തിൽ ബാർ കോഴയിലെ ബാബുവിന്റെ രാജി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിർണ്ണായകമാണ്. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ചെന്നിത്തലയും ഐ ഗ്രൂപ്പും മുന്നോട്ട് നീങ്ങും.
രമേശ് ചെന്നിത്തലയെ എങ്ങനേയും മുഖ്യമന്ത്രിയാക്കുകയായിരുന്നു ലക്ഷ്യത്തോടെയാണ് ബാർ കോഴയിലെ തിരക്കഥ തയ്യാറാക്കിയത്. ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ ഉമ്മൻ ചാണ്ടിയുടെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ബാബുവിനെ തകർക്കുക. നേരിട്ട് ബാബുവിനെ തൊടാൻ കഴിയാത്തതിനാൽ മാണിയിലൂടെ ബാബുവിലെത്തുക. ഐ ഗ്രൂപ്പാണ് എ ഗ്രൂപ്പിനെ തകർക്കുകയെന്ന ലക്ഷ്യത്തോടെ ബാർ കോഴയിൽ കരുക്കൾ നീക്കയത്. എല്ലാത്തിനും മുന്നിൽ നിന്നത് റവന്യൂമന്ത്രി അടൂർ പ്രകാശും. തന്റെ ഉറ്റ സുഹൃത്തായ ബിജു രമേശിനെ ഈ നീക്കത്തിനായി അടൂർ പ്രകാശ് നിയോഗിച്ചു. കേരളാ കോൺഗ്രസ് മാണിയുടെ നേതാവും ചീഫ് വിപ്പുമായി പിസി ജോർജിനേയും പ്രലോഭനങ്ങൾ നൽകി ചെന്നിത്തലയും അടൂർ പ്രകാശും ഒപ്പം കൂട്ടി. ഇതോടെ ബാർ കോഴയെന്ന ആരോപണം കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കാനെത്തി.
മനോരമ ചാനലിന്റെ ചർച്ചയിൽ സ്വാഭാവികമായി ബാർ കോഴയിലെ അഴിമതിക്കഥ ബിജു രമേശ് പറഞ്ഞു. മാണിയെ പ്രതിക്കൂട്ടിലാക്കി തുടക്കം. എന്നാൽ ഈ തിരക്കഥയുടെ പിന്നണിയിൽ ഉള്ളവരെ മാണി തിരിച്ചറിഞ്ഞു. ഇതോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാണിയുടെ പക്ഷത്ത് നിലയുറപ്പിച്ചു. ഇതോടെ മാണിയെ ഉടൻ രാജിവയ്‌പ്പിക്കുകയെന്ന ലക്ഷ്യം നടക്കാതെ പോയി. ചീഫ് വിപ്പ് പിസി ജോർജിന് സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഇതിനിടെയിൽ കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ഇടപെടലിലൂടെ ചെന്നിത്തലയെ വരുതിയിൽ നിർത്താനും ഉമ്മൻ ചാണ്ടിക്കായി. കെപിസിസി അധ്യക്ഷൻ വി എം സുധീരനും ഹൈക്കമാണ്ട് ഇടപെടലിലൂടെ എ പക്ഷത്തിന് അനുകൂലമായി. ഇതിനിടെയാണ് കേസിൽ കോടതിയുടെ ഇടപെടൽ വരുന്നത്. ഇതോടെ മാണി രാജിവച്ചു.
എങ്ങനേയും ബാബുവിനെ രക്ഷിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാണ്ട് ചെന്നിത്തലയോട് ആവശ്യപ്പെട്ടപ്പോൾ വിജിലൻസും വഴങ്ങി. എന്നാൽ ഈ ഒത്തുതീർപ്പെല്ലാം വെറുതെയാവുകയാണ്. ഫലത്തിൽ എല്ലാം വെറുതെയായി. എഫ് ഐ ആർ വന്നാൽ രാജി വയ്ക്കുമെന്ന് നേരത്തെ ബാബു പറഞ്ഞിരുന്നുവെന്നതും വിനയായി. ബാബു കൂടി രാജി വയ്ക്കുന്നതോടെ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായി. മുഖ്യമന്ത്രിക്ക് എതിരേയും ബിജു രമേശ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബാർ കോഴ വീണ്ടും സജീവമാകുമ്പോൾ ഐ ്ഗ്രൂപ്പ് ആഹ്ലാദത്തിലാവുകയാണ്. സോളാറും ബാർ കോഴയും ഉയർത്തി ഉമ്മൻ ചാണ്ടിയെ മാറ്റാനാകും ശ്രമം.
നേതൃമാറ്റമെന്ന ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് സോണിയാ ഗാന്ധി നേരിട്ട് രമേശ് ചെന്നിത്തലയെ അറിയിച്ചതുമാണ്. എന്നാൽ മാറിയ സാഹചര്യത്തിൽ പ്രശ്‌നങ്ങളുടെ രൂക്ഷത സോണിയയെ ബോധ്യപ്പെടുത്താൻ ചെന്നിത്തല വീണ്ടും ശ്രമിക്കും. എ കെ ആന്റണിയെ സ്വാധീനിച്ച് ഇത് സാധിക്കാനാണ് നീക്കം. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ കാര്യങ്ങളെത്തിച്ചത് ഉമ്മൻ ചാണ്ടിയുടെ അധികാര മോഹമാണ്. ഇത് തന്നെയാണ് കോൺഗ്രസിന് തദ്ദേശ തെരഞ്ഞെടുപ്പിൽ വിനയായത്. മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മൻ ചാണ്ടി തുടർന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് പോയാൽ കോൺഗ്രസിന്റെ അടിത്തറ തന്നെ ഇളകുമെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ. അതുകൊണ്ട് പാർട്ടി കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ചർച്ചയാക്കും.
ബാർ കോഴയിലും സോളാറിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തുന്ന ഒരോ നീക്കങ്ങൾക്ക് ഒറ്റ ഉദ്ദേശമേ ഉള്ളൂവെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകൂലിക്കുന്നവരുടെ പക്ഷം. എങ്ങനേയും ഭരണത്തലപ്പത്ത് എത്താനുള്ള ശ്രമമാണ് ചെന്നിത്തലയുടേത്. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന ധാരണയെ ഹൈക്കമാണ്ടിനെ സ്വാധീനിച്ച് തിരുത്തി ഹരിപ്പാട് മത്സരിച്ചതും മുഖ്യമന്ത്രി പദത്തോടുള്ള ആഗ്രഹമാണ്. ഐ ഗ്രൂപ്പുകാരെ ഒരുമിപ്പിച്ച് വിശാല ഐ ഗ്രൂപ്പുണ്ടാക്കിയ ചെന്നിത്തലയുടെ രാഷ്ട്രീയ നീക്കങ്ങളെ കരുതലോടെയാണ് കോൺഗ്രസിലെ എ വിഭാഗം കാണുന്നത്. എന്നാൽ തന്ത്രജ്ഞനായ ഉമ്മൻ ചാണ്ടിക്ക് മുന്നിൽ അടവൊന്നും നടന്നില്ലെന്ന് മാത്രം. കെപിസിസി അധ്യക്ഷൻ വി എം സൂധീരനും ഉമ്മൻ ചാണ്ടി പക്ഷത്ത് ആയതിനാൽ കൂടിയാണ് ഇത്. പക്ഷേ ബാർ കോഴയിൽ സുധീരന്റെ നിലപാട് മന്ത്രിമാരുടെ രാജിക്ക് കാരണമായെന്നതും ശ്രദ്ധേയമായി.
ബാർ കോഴയിൽ കുടുങ്ങി ബാബു രാജിവച്ചത് മുഖ്യമന്ത്രിക്ക് ഏൽക്കേണ്ടി വന്ന കനത്ത തിരിച്ചടിയാണ്. ബാർ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് ആദ്യം മൂന്ന് മന്ത്രിമാർക്കെതിരെ ആരോപണമുന്നയിച്ചെങ്കിലും കോടതിയിൽ നൽകിയ മൊഴിയിൽനിന്ന് രമേശ് ചെന്നിത്തലയെ ഒഴിവാക്കിയതിനു പിന്നിൽ ഐ ഗ്രൂപ്പിന്റെ ഇടപെടൽ എ പക്ഷം ഉന്നയിച്ചിരുന്നു. ഐ പക്ഷത്തെ വി എസ് ശിവകുമാറിനും പ്രശ്‌നമുണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചു. ഇതെല്ലാം അടുർ പ്രകാശിന്റെ ഇടപെടൽ മൂലമാണെന്നാണ് വിലയിരുത്തൽ. ഹൈക്കമാണ്ട് ഇടപെടൽ വന്നതോടെ ബിജു രമേശ് നിശബ്ദനായി. ഇതും റവന്യൂമന്ത്രിയുടെ പ്രയത്‌ന ഫലമായിരുന്നു. പല ഓഫറുകളും ബിജു രമേശിന് നൽകി. എന്നാൽ ബാർ കോഴയിലെ ഇരട്ട നീതി ഉയർത്തി ധനമന്ത്രി സ്ഥാനം രാജിവച്ച കെ എം മാണി കരുതലോടെ നീങ്ങി.
ഓപ്പറേഷൻ അനന്തയിലും മറ്റും ബിജുവിനെ രക്ഷിക്കാനുള്ള നീക്കത്തെ മാണിയും കേരളാ കോൺഗ്രസും തടഞ്ഞു. ഇതോടെ വീണ്ടും ബിജു രമേശ് സർക്കാരിന് എതിരായി. അതുകൊണ്ട് തന്നെ തൃശൂർ വിജിലൻസ് കോടതി വിധിയിൽ ബിജു രമേശ് സന്തോഷത്തിലാണ്. ബാബു രാജിവച്ചു. ഇത് എങ്ങനെ നേതൃമാറ്റമെന്ന അജണ്ടയിൽ എത്തിക്കുമെന്നതാണ് രമേശ് ചെന്നിത്തല ക്യാമ്പിലെ ഇപ്പോഴത്തെ പ്രധാന ചിന്ത. ഏതായാലും മന്ത്രിസഭയിലെ തന്റെ പ്രധാനിയായ ബാബുവിനെ വെട്ടാനായതിൽ അടൂർ പ്രകാശ് അതിയായ സന്തോഷത്തിലും. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഈഴവ മന്ത്രിമാർ രണ്ട് പേരാണ്. അടൂർ പ്രകാശും കെ ബാബുവും. ഇവരിൽ ആരാണ് ഒന്നാമനെന്ന ചർച്ചയ്ക്ക് ഇനി വിരാമമാകുമെന്നാണ് അടൂർ പ്രകാശ് പക്ഷത്തിന്റെ ചിന്ത.
തൃപ്പുണ്ണിത്തറയിൽ ബാബു തോൽക്കുക കൂടി ചെയ്താൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ അടൂർ പ്രകാശിന്റെ പ്രസക്തി കൂടും. ഐ ഗ്രൂപ്പിലെ രണ്ടാമനായി ഭാവി മുഖ്യമന്ത്രി പദമാണ് അടൂർ പ്രകാശിന്റെ രാഷ്ട്രീയ ലക്ഷ്യമെന്നും വിലയിരുത്തലുകളുണ്ട്. ഇതെല്ലാം മനസ്സിൽ വച്ചാണ് ബിജു രമേശിനെ കൊണ്ട് അടൂർ പ്രകാശ് ബാർ കോഴ ആരോപണം ചർച്ചയാക്കിയത്. ഇരുവരുടേയും മക്കളുടെ വിവാഹം നിശ്ചയിച്ചതായി വാർത്തകളും എത്തി. എന്നാൽ വിവാദങ്ങൾ കത്തി പടരുന്നതിനാൽ അത് പിന്നീട് മുന്നോട്ട് പോയതുമില്ല. പക്ഷേ ബാർ കോഴയിൽ രണ്ട് ലക്ഷ്യങ്ങൾ കൂട്ടുകെട്ടുണ്ടാക്കിയ തിരക്കഥ നേടുകയാണ്. ആദ്യം മാണിയുടെ രാജി, ഇപ്പോൾ ബാബുവും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയെ എത്തിക്കാൻ ഈ തിരക്കഥയ്ക്ക് ആവുമോ എന്നതാണ് ഇപ്പോൾ ബാക്കിയാകുന്ന ചോദ്യം. ഇതിൽ നിർണ്ണായകമാവുക കോൺഗ്രസ് ഹൈക്കമാണ്ടിന്റെ നിലപാട് തന്നെയാകും.