- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗലപുരം പൊലീസ് സ്റ്റേഷനിൽ എത്തിയാൽ കാണുക കാക്കി കുപ്പായം ധരിച്ച് കഴുത്തിൽ സ്റ്റെതസ്ക്കോപ്പുമായി നിൽക്കുന്ന നിയമപാലകനെ; ഇതെന്താ ആശുപത്രിയാണോ എന്ന ചോദ്യം വരുമ്പോൾ കേൾക്കുക ഇൻസ്പെക്ടറായ നഴ്സിന്റെ കഥ; കോവിഡ് കാലത്ത് സൂപ്പർസ്റ്റാറായി ഇൻസ്പെക്ടർ ടോംസൺ
തിരുവനന്തപുരം: ചെവിയിൽ സ്റ്റെതസ്ക്കോപ്പ്, കയ്യിൽ പൾസ് ഓക്സീ മീറ്റർ. മംഗലപുരം പൊലീസ് സ്റ്റേഷനിൽ രാവിലെ എത്തുന്നവർ ആദ്യം ഒന്ന് അന്താളിക്കും, വന്നിരിക്കുന്നത് സ്റ്റേഷനിൽ തന്നെയല്ലേ എന്ന് ഒന്നുകൂടി ഉറപ്പിക്കും. കാരണം പൊലീസ് യൂണിഫോമിട്ട ഒരാൾ ഈ സാധനങ്ങളൊക്കെ വച്ച് പരിശോധിക്കുകയാണ്. വന്നിരിക്കുന്നത് ഇനി ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ വല്ലതുമാണോ എന്ന് സംശയിച്ചു നിൽക്കും. പിന്നെയാണ് മനസ്സിലാവുന്നത് മുൻപ് നഴ്സായിരുന്നു സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി ടോംസൺ കോവിഡായതിനാൽ സഹ പ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥരെ പരിശോധിക്കുന്ന കാഴ്ചയാണിതെന്ന്.
എല്ലാ ദിവസവും ടോംസൺ സ്റ്റേഷൻ എസ്ഐ അടക്കം എല്ലാവരുടെയും താപനിലയും ഓക്സിജൻനിലയും പൾസും പ്രഷറുമെല്ലാ പരിശോധിക്കും. പരിശോധനയ്ക്കായുള്ള എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ട്. ആർക്കെങ്കിലും കോവിഡ് ലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ ഉടൻ തന്നെ കോവിഡ് ടെസ്റ്റും നടത്തും. എല്ലാം മുൻപ് നഴ്സായതിന്റെ പരിചയത്തിലാണെന്ന് അദ്ദേഹം പറയുന്നു. ഏറ്റുമാനൂർ സ്വദേശിയായ കെ.പി ടോംസൺ ആറുമാസം മുൻപാണ് കോട്ടയം വാകത്താനം പൊലീസ് സ്റ്റേഷനിൽ നിന്നും മംഗലപുരം സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറായി ചാർജ്ജെടുത്തത്.
പൊലീസ് ജോലിക്ക് മുൻപ് കോട്ടയം മെഡിക്കൽ കോളേജിലെ സൈക്ക്യാട്രിക് വിഭാഗത്തിലെ നഴ്സായിരുന്നു. ഇതിനിടയിൽ പി.എസ്.സി പരീക്ഷ എഴുതി എസ്ഐ ആയി ജോലി ലഭിച്ചു. ഈ സമയം തന്നെ ബ്രിട്ടണിലേക്ക് ജോലിക്ക് പോകാൻ എൻ.എം.സി രജിസ്ട്രേഷനും കഴിഞ്ഞിരുന്നു. എന്നാൽ യൂറോപ്പിലെ ഉയർന്ന ശമ്പളമുള്ള നഴ്സിങ് ജോലി ഉപേക്ഷിച്ച് കെ.പിടോംസൺ എന്ന മെഡിക്കൽ കോളേജ് നഴ്സ് കേരളാ പൊലീസിന്റെ ഭാഗമാകുകയായിരുന്നു.
1993 ൽ ബംഗളൂരുവിലെ കൃഷ്ണരാജ പുരത്തെ കോളേജിൽ സൈക്ക്യാട്രിക് നഴസിങാണ് പഠിച്ചത്. പഠിച്ചിറങ്ങിയതിന് ശേഷം കോട്ടയം മെഡിക്കൽ സെന്ററിൽ ജോലി ചെയ്തു. പിന്നീട് 1998 ൽ കോട്ടയം മെഡിക്കൽ കോളേജിൽ താത്ക്കാലിക ജോലി ലഭിച്ചു. ഇതിനിടയിൽ ഏതെങ്കിലും സർക്കാർ ജോലി ലഭിക്കാനായി പി.എസ്.സി പരീക്ഷയും എഴുതുന്നുണ്ടായിരുന്നു. അങ്ങനെയാണ് 2004 ൽ എസ്ഐ ജോലി ലഭിക്കുന്നത്. എസ്ഐ ജോലി ലഭിക്കുന്നതിന് മുൻപ് വരെ യൂറോപ്പിൽ പോകാനായിരുന്നു ആഗ്രഹം. ഉയർന്ന ശമ്പളം തന്നെയായിരുന്നു ആഗ്രഹത്തിന് പിന്നിൽ. അതിനായി എല്ലാ നപടിക്രമങ്ങളും പൂർത്തിയായിരിക്കുമ്പോഴാണ് എസ്ഐജോലി ലഭിക്കുന്നത്. പിന്നെ മറ്റൊന്നും ആലോചിക്കാതെ യൂറോപ്പ് ഉപേക്ഷിച്ച് കേരളാ പൊലീസിൽ ചേരുകയായിരുന്നു.
ഇടുക്കി ശാന്തൻപാറ പൊലീസ് സ്റ്റേഷനിലായിരുന്നു പ്രൊബേഷൻ എസ്ഐ ആയി പോസ്റ്റിങ്. പിന്നീട് ആലപ്പുഴയിലെ വില്ലുപുരം സ്റ്റേഷനിൽ എസ്ഐ ആയി ചാർജെടുത്തു. പിന്നീട് രാമങ്കരി പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്നപ്പോള്ഡ ഹർത്താൽ ദിനത്തിൽ വാഹനം കിട്ടാതെ ബുദ്ധിമുട്ടിയ ഗർഭിണിയെ ആശുപത്രിയിലേക്ക് ജീപ്പിൽ കൊണ്ടു പോകുമ്പോൾ പാതി വഴിയിൽ വച്ച് പ്രസവിച്ചിരുന്നു. ഈ യുവതിയെ ശുശ്രൂഷ നൽകിയത് ടോംസമായിരുന്നു. 2015 ൽ സർക്കിൾ ഇൻസ്പെക്ടറായി പ്രൊമോഷൻ ലഭിച്ചത് കോട്ടയം വിജിലൻസിലേക്കായിരുന്നു. സർവ്വീസിൽ ഇരിക്കുമ്പോൾ നഴ്സിങ് ജോലി ചെയ്തതിന്റെ ഗുണം പലപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് ടോംസൺ പറയുന്നു. പലപ്പോഴും അപകടത്തിൽപെടുന്നവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി ജീവൻ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെല്ലാം ഏറെ പ്രിയങ്കരനാണ് ടോംസൺ. മറ്റുള്ളവർക്ക് പരോപകാരികൂടിയായ ഈ പൊലീസ് ഉദ്യോഗസ്ഥൻ നാട്ടുകാർക്കും പ്രിയപ്പെട്ടവനാണ്. പെരുവ ഗവ.ഐ.ടി.ഐയിലെ ജൂനിയർ സൂപ്രണ്ടായ ദീപയാണ് ഭാര്യ. ദീപക്ക്, ദീപു എന്നിവർ മക്കളുമാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.