മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ് ഇട്ടതിന്റെ പേരിൽ പാലക്കാട് കണ്ണാടി സ്വദേശിയായ കലാധരനെ പൊലീസ് അറസ്റ്റ് ചെയ്തു. അയാളെ 15 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഇട്ടതിന്റെ പേരിൽ അറസ്റ്റിലാകുന്ന ആദ്യത്തെയോ രണ്ടാമത്തെയോ ആളല്ല കലാധരൻ. പിണറായി വിജയൻ അധികാരത്തിലെത്തിയ ശേഷം കുറഞ്ഞത് രണ്ട് ഡസൻ ആളുകളെ എങ്കിലും ഇതേകാരണത്തിന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. അത്രയും അധികം സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്.

മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ അല്ലെങ്കിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഒരു സാധാരണ വ്യക്തിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുന്നത് ജനാധിപത്യ വിരുദ്ധവും നിയമ വിരുദ്ധവും ഭരണഘടന ഉറപ്പു തരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരുമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തെയും ഐടി ആക്ടിനെയും കാലാകാലങ്ങളിൽ അധികാരത്തിൽ വരുന്ന ഭരണ കൂടങ്ങൾ വ്യാഖ്യാനിച്ച് വളച്ചൊടിച്ച് അവർക്കെതിരെയുള്ള വിമത ശബ്ദങ്ങൾ അടിച്ചമർത്തുന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഈ അറസ്റ്റ്.

രണ്ട് കൊല്ലം മുമ്പ് വരെ പാവങ്ങളെ അറസ്റ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നത് ഐടി ആക്ട് 66 എ എന്ന സെക്ഷനായിരുന്നു. 66 എ എന്ന സെക്ഷനിൽ ആർക്കെതിരെയും പൊലീസിന് കേസ് എടുക്കാമായിരുന്നു അറസ്റ്റ് ചെയ്യാമായിരുന്നു. ഭരണഘടന വിരുദ്ധമെന്ന് കണ്ടെത്തി രണ്ട് കൊല്ലം മുമ്പ് ആ വകുപ്പ് സുപ്രീം കോടതി റദ്ദ് ചെയ്തു. തൊട്ടു പിന്നാലെ 67 എന്ന് പറയുന്ന ഐടി ആക്ടിന്റെ സെക്ഷൻ ഉപയോഗിക്കുകയാണ് പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിന്റെ പേരിൽ മാത്രമല്ല പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനും കേരളത്തിൽ അറസ്റ്റ് നടന്നിട്ടുണ്ട്.

പൊലീസ് സ്വയം കേസ് എടുക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ മുഖം വെച്ച് ചിത്രം പ്രചരിപ്പിച്ചു എന്നതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ആ ചിത്രത്തിൽ നഗ്നത ഉണ്ടായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കാതിരിക്കാനുള്ള ഒരു നിയമം ഉപയോഗിച്ചാണ് ഭരണ കൂടം ദുർ വ്യാഖ്യാനം ചെയ്യുകയും കലാധരനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇത് നികൃഷ്ടമായ അഭിപ്രായ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നു കയറ്റമാണ്.

മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ് ഇത്തരം ഒരു നടപടി പൊലീസ് എടുത്തത് എന്ന് കരുതുന്നില്ല. ഇത് പൊലീസിന്റെ രാജാവിനേക്കാളും വലിയ രാജഭക്തിയുടെ അടയാളമാണ് കാണിക്കുന്നത്. അതിനാൽ പൊലീസ് അടിയന്തിരമായി ഇതിൽ ഇടപെടണം. വിമർശിക്കാനുള്ള അഭിപ്രായം പറയാനുള്ള പ്രതികരിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ചൂഷണം ചെയ്യുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ഭൂഷണമല്ല.

അതേസമയം അതിരുകടന്ന ദുഷ്പ്രചരണങ്ങളും ദുർവ്യാഖ്യാനങ്ങളും ഒക്കെ സോഷ്യൽ മീഡിയ നേരിടുന്ന പ്രസിന്ധി തന്നെയാണ്. അത്തരം സോഷ്യൽ മീഡിയയുടെ ഇടപെടലിലൂടെ അപമാനിക്കപ്പെട്ടാൽ ശിക്ഷകിക്‌പ്പെടാനും ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വകുപ്പുണ്ട്. കെ കെ രമ അടക്കം നിരവധ സ്ത്രീകളും ഇന്ന് അപമാനിക്കപ്പെടുന്നുണ്ട്. എന്നാൽ അവർക്കെതിരെയൊന്നും കേസ് എടുക്കാൻ പൊലീസ് തയ്യാറാവുന്നില്ല. എന്നാൽ അധികാരമുള്ളവർക്കെതിരെ കളിയാക്കിയാൽ മാത്രം കേസ് എടുക്കുന്നത്. ഈ പ്രവണത ചോദ്യം ചെയ്യപ്പെടേണ്ടതാണ്.