മ്മുവിൽ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊല്ലപ്പെട്ട പെൺകുട്ടിയോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് നടന്ന വ്യാജ ഹർത്താലിൽ പങ്കെടുക്കുകയും പൊതുമുതൽ നശിപ്പിച്ചവർക്കെതിരെയും രാജ്യദ്രോഹത്തിന് വരെ കേസ് എടുത്താലും തെറ്റില്ല എന്ന നിലപാടായിരുന്നു കഴിഞ്ഞ ദിവസം വരെ. എന്നാൽ ഇന്ന് ആ നിലപാടിൽ നിന്നും പുറകോട്ട് പോകേണ്ട സാഹചര്യമാണുള്ളത്. അത് ഒരവസരം കിട്ടിയപ്പോൾ പൊലീസ് നിയമത്തെ ദുരുപയോഗിക്കുന്നത് കണ്ടിട്ടുള്ള വേദന കൊണ്ടാണ്. ഭരണകൂടങ്ങൾ എക്കാലത്തും ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നതിൽ മുൻതൂക്കം കൊടുത്തിരുന്നു. അത്തരത്തിൽ മലബാറിൽ ഉയർന്നു വരുന്ന ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നതിനുള്ള ഒരു ഉപാധിയായി പിണറായി വിജയന്റെ പൊലീസ് ഈ വാട്‌സ് ആപ്പ് സമരത്തെ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം ഉയർന്ന് വരുന്നുണ്ട്.

എല്ലാ ഗ്രൂപ്പുകളിലേയും അഡ്‌മിന്മാരെ ഫോണിൽ വിളിച്ച് വിലാസവും മറ്റു വിവരങ്ങളും തേടിയ ശേഷം നേരിട്ട് സ്‌റ്റേഷനിൽ ഹാജരായി മൊഴി നൽകാനാണ് പൊലീസ് ആവശ്യപ്പെടുന്നത്.  ഇതിൽ രാജ്യദ്രോഹപരമോ കലാപത്തിന് ആഹ്വാനം തരത്തിലോ ഉള്ള സന്ദേശങ്ങൾ നൽകിയ സാഹചര്യമുണ്ടെങ്കിൽ കേസും ഉണ്ടാവുമെന്ന് പൊലീസ് വിശദീകരിക്കുന്നു. ഇത്തരത്തിൽ ഹർത്താൽ സന്ദേശം പ്രചരിപ്പിക്കപ്പെട്ട ഒരു ഗ്രൂപ്പിലെ അഡ്‌മിനോട് ഹാജരായി മൊഴി നൽകാൻ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ നിന്ന് ആവശ്യപ്പെടുന്ന ഫോൺ സന്ദേശവും പുറത്തുവന്നു. അത്തരത്തിൽ പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും പൊതുമുതൽ നശിപ്പിക്കുകയും അതിന്റെ പേരിൽ വ്യാജപ്രചരണങ്ങൾ നടത്തുകയും ഒക്കെ ചെയ്യുന്നത് ഗുരുതരമായ തെറ്റും വീഴ്ചയും ആണ്. അതിന് നേതൃത്വം കൊടുക്കുന്നവർക്കെതിരെ കേസ് എടുക്കേണ്ടത് ആവശ്യം തന്നെയാണ്. എന്നാൽ ഹർത്താലുമായി ബന്ധപ്പെട്ട മെസേജ് പാസ് ചെയ്യുകയും വായിക്കുകയും ചെയ്തവർക്കെതിരെ കേസ് എടുക്കാനുള്ള നീക്കം ഫാസിസത്തിന്റെ ലക്ഷണം തന്നെയാണ്.

കഴിഞ്ഞ ദിവസം കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ നിന്നും ഒരു വാട്‌സ് ആപ് ഗ്രൂപ്പിന്റെ അഡ്‌മിനെ വിളിച്ചിട്ട് എത്രയും വേഗം പൊലീസിൽ വന്ന് മൊഴി നൽകണം എന്നൊരു സന്ദേശം വാട്‌സ് ആപ്പിലൂടെ പ്രചരിക്കുക ഉണ്ടായി. ഈ സന്ദേശം ശരിയാണോ എന്നറിയാൻ വിളിച്ചപ്പോൾ ശരിയാണെന്ന് നടക്കാവ് എസ്‌ഐ സ്ഥിതീകരിച്ചു. ആ വാട്‌സ് ആപ്പ് അഡ്‌മിൻ പറയുന്നത് ഞാൻ ആ മെസേജ് കണ്ടിട്ടില്ല. സമരത്തിൽ പങ്കെടുത്തിട്ടില്ല, പിന്നെ എന്തിന് വരണം എന്നാണ്. പക്ഷേ അഡ്‌മിൻ എന്ന നിലയിൽ നിങ്ങളും ബാധ്യസ്ഥനാണെന്നാണെന്നാണ് എസ്‌ഐ പറയുന്നത്. ഈ വാട്‌സ് ആപ്പ് ഹർത്താലിനെതിരെയുള്ള ജനവികാരം മുതലെടുത്ത് നിരവധി വാട്‌സ് ആപ്പ് അഡ്‌മിന്മാരെ വിളിച്ചു വരുത്തി ഭയപ്പെടുത്തി കേസ് എടുക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്.

എന്നാൽ രസകരമായ വസ്തുത ഇവർക്കെതിരെ ഐടി ആക്ടിലെ 65, 66 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുക്കുന്നത് എന്നാണ്. എന്നാൽ ഈ 65 -ാം വകുപ്പ് കമ്പ്യട്ടർ സോഴ്‌സ് ഹാമ്പറു ചെയ്യുന്നതിനുള്ള നടപടിയാണ്. അതൊരിക്കലും വാട്‌സ് ആപ്പ് അഡ്‌മിനെതിരെ നിലനിൽക്കില്ല. 66 എ ആവട്ടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള നിയമം എന്ന് കണ്ടെത്തി സുപ്രീം കോതി ഭരണഘടനാ വിരുദ്ധം എന്ന് പറഞ്ഞ് റദ്ദ് ചെയ്തതാണ്. അതായത് പൊലീസിന് പോലും ഉറപ്പില്ല തങ്ങൾ വിളിക്കുന്നവർ എന്ത് തെറ്റാണ് ചെയ്തത് എന്ന്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങളും സോഷ്ൽ മീഡിയയയും വരെ ഈ ഹർത്താലിന്റെ ദുരവസ്ഥയ്‌ക്കെതിരെ ഒരുമിച്ച് രംഗത്തെത്തിയപ്പോൾ നിയമത്തെ ദുരുപയോഗം ചെയ്തുകൊണ്ട് നിരപരാധികളെ പോലും കുടുക്കുന്ന സമീപനമാണ് പൊലീസ് എടുക്കുന്നത്.

വാട്‌സ് ആപ്പ് ഹർത്താലിനെതിരെയള്ള ജനകീയ വികാരം ശക്തമായപ്പോൾ അതിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് പൊലീസ് കേസ് എടുക്കുന്നത് വഴി ഉണ്ടായിരിക്കുന്നത്. രാജ്യദ്രോഹപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ടുള്ള വാട്‌സ് ആപ്പ് മെസേജുകളും അതിന്റെ പേരിൽ ഉണ്ടായ വാട്‌സ് ആപ്പ് ഹർത്താലുകളും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. അതിൽ രാജ്യദ്രോഹപരമായ നടപടികൾ ആരുടെ എങ്കിലും ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ അതും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും അക്രമം നടത്തുകയും വാഹനങ്ങൾ ഇല്ലാതാക്കുകയും ബേക്കറി കൊള്ളയടിക്കുകയും ചെയ്യുന്നവർക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കാം. എന്നാൽ വാട്‌സ് ആപ്പ് അഡ്‌മിനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുന്നതും അവർക്കെതിരെ കേസ് എടുക്കാൻ ശ്രമിക്കുന്നതും അൽപ്പത്തരവും കാടത്തവുമാണ്.