തിരുവനന്തപുരം: നടി പാർവതിയുടെ പരാതിയിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇനി 19 പേരെ കൂടി പിടികൂടാൻ ആണ് നീക്കം. ഇവർ ഓരോരുത്തരും എന്തെല്ലാം തെറ്റുകൾ ആണ് ചെയ്തത് എന്നോ ഇവരുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം എന്തെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഇവർ ആരെങ്കിലും സ്ത്രീത്വത്തെ അപമാനിച്ചാൽ ഇവരെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പ് നിയമത്തിൽ ഉണ്ട് താനും. എന്നാൽ ഇവർ അങ്ങനെ ചെയ്‌തോ എന്ന ചോദ്യത്തിന് പൊലീസ് ഉത്തരം നൽകേണ്ടതുണ്ട്.

സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെ കേസ് എടുക്കാം. എന്നാൽ അവരങ്ങനെ ചെയ്തു എന്നു തെളിയിക്കണം. അല്ലാതെ കസബ വിവാദത്തിൽ ഒരു പക്ഷം ചേർന്നു നിന്ന് എന്നതു മാത്രമാകരുത് അറസ്റ്റിലേയ്ക്ക് നയിച്ച കാരണം. എന്നു മാത്രമല്ല അത്തരം അപമാനം നടത്തിയ പ്രമുഖർക്കെതിരെ എന്തു നടപടി എടുത്തു എന്ന ചോദ്യം കൂടി ബാക്കിയുണ്ട്. തീർന്നില്ല, ഒരേ കുറ്റത്തിന് രണ്ട് തരം നീതി ശരിയോ എന്ന ചോദ്യവും ഉയരുന്നു.

ധാരാളം സ്ത്രീകൾ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കപ്പെടുന്നുണ്ട്. അവരിൽ പലരും പലപ്പോഴും പരാതി നൽകാറുണ്ട്. എന്നാൽ, പൊലീസ് ഒരിക്കലും കേസ് എടുക്കാറില്ല. ഇത് ഇരട്ട നീതിയാണ്. ആ നീതി രാഹിത്യം കൂടി പരിഹരിക്കപ്പെടണം. നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാണ് എന്ന ഭരണഘടനാപരമായ സ്ഥിതിവിശേഷം നടപ്പിലാക്കേണ്ടതുണ്ട്. ഈ ലേഖകൻ അടക്കം അനേകം പേർ ഇത്തരം സോഷ്യൽ മീഡിയ വ്യാജ പ്രചരണങ്ങളുടെ ഇരയാണ്. എന്നാൽ പൊലീസ് കേസ് എടുക്കാൻ മടിക്കുന്നു. എന്നാൽ പാർവതിയോ മുഖ്യമന്ത്രിയോ സ്പീക്കറോ ആണ് വാദിയെങ്കിൽ ഉടൻ അറസ്റ്റ് നടക്കുന്നു. ഇതിന് പരിഹാരം ഉണ്ടാക്കിയേ മതിയാവു.

ശക്തമായ ഒരു നിയമത്തിന്റെ അഭാവം ഇവിടെയുണ്ട്. ഐടി ആക്ട് 66 എ നീക്കം ചെയ്യപ്പെട്ട ശേഷം മറ്റൊരു വകുപ്പും ഇല്ലാതായതു സോഷ്യൽ മീഡിയയിലെ ഈ അരാജകത്വത്തിന് കാരണമായിട്ടുണ്ട്. അടിയന്തിരമായി സർക്കാർ ചെയ്യേണ്ടത് ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടത് ചെയ്യുകയാണ്. അതിനുള്ള നിയമം നിർമ്മിക്കുന്നതിലേയ്ക്ക് ഈ പ്രതിസന്ധി നീളട്ടെ എന്നു ആശംസിക്കുന്നു - ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണുക..