- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് പികെ ശ്രീമതി... ഇന്ന് ശൈലജ ടീച്ചർ; കേട്ടുകേൾവിയില്ലാത്ത മാരക രോഗങ്ങൾ കേരളത്തെ കീഴടക്കുമ്പോൾ ലജ്ജ തോന്നുന്നില്ലേ നിങ്ങൾക്ക് ആരോഗ്യമന്ത്രിയാണെന്ന് പറഞ്ഞ് ഞെളിഞ്ഞു നടക്കാൻ? ഈ മഹാ രോഗങ്ങൾ തടയാൻ കഴിവില്ലെങ്കിൽ രാജിവച്ച് പോകണം മന്ത്രി; നിസ്സഹായരായി പൊലിയുന്ന ഒരോ ജീവനും സർക്കാരേ നിങ്ങൾക്കും ഉത്തരവാദിത്തമുണ്ട്; മന്ത്രിപ്പണി നിർത്തി ഇറങ്ങിപ്പോകൂ ശൈലജ ടീച്ചറേ... - ഇൻസ്റ്റന്റ് റെസ്പോൺസ്
എല്ലാ പൗരന്മാരുടേയും ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് ഏതൊരു സർക്കാരിന്റെയും പ്രഥമ ബാധ്യത. അതിന് വേണ്ടിയാണ് സിവിൽ-ക്രിമിനൽ നിയമങ്ങൾ. ഈ നിയമങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കുകയും നിയമലംഘനങ്ങൾക്ക് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്താണ് സർക്കാരുകൾ കടമ നിറവേറ്റുന്നത്. എന്നാൽ ക്രിമിനൽ കുറ്റകൃത്യം തടയുന്നതിന് അപ്പുറം ഒഴിവാക്കാൻ സാധിക്കുന്ന പ്രകൃതിദുരന്തങ്ങളും രോഗങ്ങളും തടയാനും സർക്കാരിന് ബാധ്യതയുണ്ട്. ആ അർത്ഥത്തിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പരാജയമാണ്. അതിലെ ഏറ്റവും ദയനീയമായൊരു എപ്പിസോഡ് ആവർത്തിക്കുന്നതാകട്ടെ ദൈവത്തിന്റെ സ്വന്തം നാടായി നമ്മൾ അഭിമാനപൂർവം ഉയർത്തിക്കാട്ടുന്ന കേരളത്തിലാണ്. കഴിഞ്ഞ പത്തിരുപത് വർഷക്കാലമായി ഓരോ മഴക്കാലത്തും അതി ഗുരുതരമായ രോഗങ്ങൾ ഇവിടെ ആവർത്തിക്കുന്നു. അനേകം പേർ മരണത്തിന് ഇരയാവുന്നു. എന്നിട്ടും രോഗങ്ങളോ മരണമോ തടയാൻ ഒരു സർക്കാരിനും ആവുന്നില്ല. ഓരോ വർഷവും പനി മൂലം മരിക്കുന്ന രോഗികളുടെ എണ്ണം പെരുകിവരുന്നു. ജീവിതം ദുസ്സഹമാകുന്നവരുടെ എണ്ണം ലക്ഷങ്ങൾ കടക്കുന്നു. ഓരോ വർ
എല്ലാ പൗരന്മാരുടേയും ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് ഏതൊരു സർക്കാരിന്റെയും പ്രഥമ ബാധ്യത. അതിന് വേണ്ടിയാണ് സിവിൽ-ക്രിമിനൽ നിയമങ്ങൾ. ഈ നിയമങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കുകയും നിയമലംഘനങ്ങൾക്ക് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്താണ് സർക്കാരുകൾ കടമ നിറവേറ്റുന്നത്. എന്നാൽ ക്രിമിനൽ കുറ്റകൃത്യം തടയുന്നതിന് അപ്പുറം ഒഴിവാക്കാൻ സാധിക്കുന്ന പ്രകൃതിദുരന്തങ്ങളും രോഗങ്ങളും തടയാനും സർക്കാരിന് ബാധ്യതയുണ്ട്. ആ അർത്ഥത്തിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പരാജയമാണ്. അതിലെ ഏറ്റവും ദയനീയമായൊരു എപ്പിസോഡ് ആവർത്തിക്കുന്നതാകട്ടെ ദൈവത്തിന്റെ സ്വന്തം നാടായി നമ്മൾ അഭിമാനപൂർവം ഉയർത്തിക്കാട്ടുന്ന കേരളത്തിലാണ്.
കഴിഞ്ഞ പത്തിരുപത് വർഷക്കാലമായി ഓരോ മഴക്കാലത്തും അതി ഗുരുതരമായ രോഗങ്ങൾ ഇവിടെ ആവർത്തിക്കുന്നു. അനേകം പേർ മരണത്തിന് ഇരയാവുന്നു. എന്നിട്ടും രോഗങ്ങളോ മരണമോ തടയാൻ ഒരു സർക്കാരിനും ആവുന്നില്ല. ഓരോ വർഷവും പനി മൂലം മരിക്കുന്ന രോഗികളുടെ എണ്ണം പെരുകിവരുന്നു. ജീവിതം ദുസ്സഹമാകുന്നവരുടെ എണ്ണം ലക്ഷങ്ങൾ കടക്കുന്നു. ഓരോ വർഷവും പാവപ്പെട്ട രോഗികൾ ആശുപത്രികളിൽ നിറയുന്നു. കേട്ടുകേൾവിയില്ലാത്ത പുതിയ മാരക രോഗങ്ങൾ കേരളത്തിൽ എത്തുന്നു.
12 വർഷം മുമ്പ്, ഇടതുസർക്കാർ ഭരിച്ചിരുന്ന കാലത്ത്, പികെ ശ്രീമതി ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് 2006-07 കാലഘട്ടത്തിൽ ഒരു വിചിത്രരോഗം കേരളത്തെ ബാധിച്ചു. ചിക്കുൻഗുനിയ എന്നാണ് അതിന് പേരിട്ടത്. നൂറുകണക്കിന് ആളുകൾ മരിച്ചു. ലക്ഷണക്കണക്കിന് ആളുകൾ രോഗത്തിന്റെ കാഠിന്യം വർഷങ്ങളോളം അനുഭവിക്കേണ്ടിവന്നു. മറ്റു പനികളൊക്കെ രോഗകാലം കഴിയുമ്പോഴേക്കും വിട്ടകലുമെങ്കിലും ചിക്കുൻഗുനിയയുടെ ക്ഷീണം രണ്ടും മൂന്നും വർഷമാണ് നീണ്ടത്.
ചിക്കുൻഗുനിയ ബാധിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല. മാസങ്ങളാണ് രോഗം ബാധിച്ചവർക്ക് തൊഴിൽ നഷ്ടമായത്. ആ രോഗത്തിന്റെ വേദന തീരാത്ത നൂറുകണക്കിന് ആളുകൾ ഇന്നും കേരളത്തിൽ ജീവിച്ചിരിക്കുന്നു. എന്നിട്ടും ഇതെങ്ങനെ ഉണ്ടായെന്നോ എന്തുകൊണ്ട് ഉണ്ടായെന്നോ ഒരു പഠനംപോലും നമ്മൾ നടത്തിയില്ല. പിന്നീട് ചിക്കുൻഗുനിയ അത്ര ഭീകരമായല്ലെങ്കിലും പലർക്കും പിന്നീടും വരുന്നുണ്ട്. എന്നാൽ ഇനിയൊരിക്കൽ കൂടി ചിക്കുൻഗുനിയ അതേ തീവ്രതയോടെ ആഞ്ഞടിച്ചാൽ നമുക്ക് നോക്കിനിൽക്കാനേ സാധിക്കൂ.
ഇന്നിതാ പേരാമ്പ്രയെന്ന് പറയുന്ന കോഴിക്കോട്ടെ കൊച്ചു സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട നിപാ എന്ന പനി ബാധിച്ച് 11 പേരാണ് മരിച്ചത്. എത്രപേർക്കാണ് ആ രോഗം ബാധിച്ചതെന്ന് ആർക്കുമറിയില്ല. സർക്കാർ ഒരു കണക്ക് പറയുന്നു. എന്നാൽ അതിലുമപ്പുറം പേർക്ക് ബാധിച്ചിട്ടുണ്ടാവാം. മരിച്ചെന്നുവരാം. നാളെ ഒരുപക്ഷേ, ഇത് ചിക്കുൻ ഗുനിയപോലെ കേരളമാകെ പടർന്നുപിടിച്ചു എന്നുവരാം. ചിക്കുൻഗുനിയ ബാധിച്ചവർക്ക് മരണം എല്ലാവർക്കും ലഭിച്ച ശിക്ഷയായിരുന്നില്ല. എന്നാൽ നിപയ്ക്ക് എല്ലാവർക്കും മരണം വിധിക്കപ്പെടാം.
എന്നിട്ടും നമ്മുടെ സർക്കാരുകൾ എന്താണ് ചെയ്യുന്നത്. കഴിഞ്ഞവർഷത്തെ കണക്കുമാത്രമെടുത്ത് പരിശോധിക്കാം. 22 ലക്ഷം പേർക്ക് പനി ബാധിച്ചുവെന്ന് മന്ത്രി ശൈലജ ടീച്ചർ കഴിഞ്ഞവർഷം ഓഗസ്റ്റിൽ നിയമസഭയിൽ പറഞ്ഞു. ജനുവരിമുതൽ ഓഗസ്റ്റുവരെ. ഇതിൽ ഇരുപതുലക്ഷംപേർക്കും പിനിവന്നത് മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ. 485 പേരാണ് അന്ന് പനിബാധിച്ച് മരിച്ചതെന്നാണ് മന്ത്രി തന്നെ വ്യക്തമാക്കിയ കണക്ക്. രോഗം വരുന്നതിന് സർക്കാരിനെ എന്തിന് കുറ്റപ്പെടുത്തുന്നു എന്നാണ് ചിലരുടെ ചോദ്യം.
സർക്കാരിനെയേ കുറ്റപ്പെടുത്താൻ സാധിക്കൂ. മെയ്, ജൂൺ മാസമാകുമ്പോൾ മഴ വരുമെന്നും മഴവന്നാൽ മാലിന്യങ്ങൾ ഒലിച്ചുവരുമെന്നും ഈ്ച്ചയും കൊതുകുമെല്ലാം പെറ്റുപെരുകി രോഗമുണ്ടാക്കുമെന്നും അത് സാധാരണക്കാരായ ജനങ്ങളുടെ ജീവൻ കവരുമെന്നും ഏതു സർക്കാരിനും അറിയാൻ കഴിയണം. സാധാരണക്കാരന് പോലും അറിയുന്ന ഇക്കാര്യം അറിയാൻ പാടില്ലെന്ന് നടക്കുകയാണ് സർക്കാരുകൾ.
ഒരിടത്തും മാലിന്യം കെട്ടിക്കിടക്കുന്നില്ല എന്ന്, ഒരിടത്തും കൊതുകും ഈച്ചയും പെരുകാൻ സാഹചര്യമില്ല എന്ന് മഴക്കാലത്തിന് മുമ്പ് സർക്കാർ തീരുമാനിച്ചാൽ മാറുന്നതേയുള്ളൂ ഈ രോഗപ്പകർച്ചകൾ. ടിവിയിലും റേഡിയോയിലും പത്രങ്ങളിലും പരസ്യം നൽകി, നിങ്ങൾ മാലിന്യം വലിച്ചെറിയരുത്.. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.. റബ്ബർ ചിരട്ട കമഴ്‌ത്തിവയ്ക്കണം.. എന്നെല്ലാം പറയുന്നിടത്ത് സർക്കാരിന്റെ ഉത്തരവാദിത്തം തീരുന്നില്ല.
മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന് പറയുമ്പോൾ സർക്കാർ മറ്റൊന്നിനു കൂടി ഉത്തരം പറയണം. ഈ മാലിന്യങ്ങൾ എവിടെ നിക്ഷേപിക്കണം. എങ്ങനെ ഇല്ലാതാക്കണം എന്നു കൂടി. രണ്ടുസെന്റിലും മൂന്നുസെന്റിലും ഒരു ചെറിയ വീടുവച്ച് ഒരു കുഴി കുഴിക്കാൻപോലും ഇടമില്ലാത്തവർ. അവർ മാലിന്യങ്ങൾ എവിടെയാണ് കളയേണ്ടത്? അവന് വഴിയിൽ വലിച്ചെറിയാൻ മാത്രമേ സാധിക്കൂ. മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന് പറയുന്ന സർക്കാരുകൾ മാലിന്യങ്ങൾ ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം എറ്റെടുക്കണം.
കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല, മാലിന്യങ്ങൾ. ലോകത്തെ എല്ലാ വികസിത രാജ്യങ്ങൾക്കും മാലിന്യം എന്നു പറയുന്ന പ്രശ്‌നമുണ്ട്. മാലിന്യം കൃത്യമായി തരംതിരിച്ച് സംസ്‌കരിക്കുക എന്ന പ്രഥമമായ കർമ്മം അതതിടങ്ങളിലെ സർക്കാരുകൾ ചെയ്യുന്നു. നമ്മുടെ സർക്കാർ ചെയ്യുന്നില്ല. അക്കാര്യത്തിൽ പിണറായിയുടെ സർക്കാരാണെങ്കിലും ഉമ്മൻ ചാണ്ടിയുടെ സർക്കാരാണെങ്കിലും ഭേദമില്ല. കേരളത്തിലെ മാലിന്യങ്ങൾ ശേഖരിക്കുന്നിടങ്ങളിൽ പോലും അത് മറ്റിടങ്ങളിൽ കൊണ്ടുപോയി കൂട്ടിയിടുകയാണ്. മഴ പെയ്യുമ്പോൾ ഇതെല്ലാം ഒഴുകിയിറങ്ങുന്നു. ആ പരിസരങ്ങളിലെ അനേകം പേർക്ക് രോഗം പകരുന്നു.
മാലിന്യങ്ങൾ സംസ്‌കരിക്കുകയെന്ന പ്രഥമമായ കടമയാണ് റോഡും വീടും മെട്രോയും വിമാനത്താവളവുമെല്ലാം കെട്ടിപ്പൊക്കുന്നതിന് മുമ്പ് സർക്കാരുകൾ ചെയ്യേണ്ടത്. ഒരു മാലിന്യം പോലും തെരുവിൽ വീഴില്ലെന്ന് സർക്കാർ ശപഥം ചെയ്യണം. സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിലെല്ലാം തുപ്പിയാൽ പിഴ കിട്ടും. അതു പക്ഷേ, തുപ്പാൻ ഇടമൊരുക്കിയിട്ടാണ്. ഇവിടെയും പിഴ ഈടാക്കണം. എന്നാൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഇടമൊരുക്കണം.
തിരുവനന്തപുരം നഗരത്തിൽ മാലിന്യങ്ങൾ ശേഖരിക്കാൻ 200 രൂപവച്ച് വാങ്ങിക്കൊണ്ടിരുന്ന കാലം ഉണ്ടായിരുന്നു. ആരിൽ നിന്നും രൂപ വാങ്ങരുതെന്ന് മുഖ്യമന്ത്രി ഉഗ്രശാസനം നൽകി. അതോടെ മാലിന്യ ശേഖരണം ഇല്ലാതായി. രൂപ കൊടുക്കാതെ ആരെയും വൊളന്റിയേഴ്‌സായി കിട്ടില്ല. ഇതാണ് നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രതിസന്ധി.
കാര്യങ്ങൾ അറിയാതെയുള്ള ഭരണ തീരുമാനങ്ങൾ. അറിയാമെങ്കിലും വേണ്ടത് ചെയ്യാതെയുള്ള തൊലിപ്പുറത്തെ ചികിത്സ. ഈ സ്ഥിതി മാറിയേ തീരൂ. മാലിന്യങ്ങൾ എടുത്തുകൊണ്ടു പോകുന്നവർക്ക് പണം കൊടുക്കാൻ ജനം തയ്യാറാണ്. അല്ലെങ്കിൽ ജനങ്ങളെ തയ്യാറാക്കാൻ സർക്കാരിന് കഴിയണം.
വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ സർക്കാർ സംവിധാനം കൊണ്ടുപോകുകയും കൃത്യമായി സംസ്‌കരിക്കുകയും ചെയ്യട്ടെ. അതിന് ചെലവാകുന്ന പൈസ മാലിന്യം നൽകുന്നവരിൽ നിന്ന് വാങ്ങിക്കൂ. പാവപ്പെട്ടവരിൽ നിന്ന് പണം ഈടാക്കാതിരിക്കാനുള്ള സർക്കാർ സംവിധാനങ്ങളുണ്ട്. അവർക്ക് സബ്‌സിഡി കൊടുക്കുകയും പണം ഉള്ളവരിൽ നിന്ന് പണം ഈടാക്കാനും സർക്കാരിന് കഴിയും. അങ്ങനെയേ മാലിന്യം ഇല്ലാതാക്കാൻ കഴിയൂ.
നിപാ എന്ന മാരകരോഗം വഴി മരിച്ച 11 പേരുടേയും ജീവന് സമാധാനം പറയേണ്ടത് പിണറായി സർക്കാരാണ്. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ ശൈലജ ടീച്ചർ എന്ന ആരോഗ്യ മന്ത്രിയാണ്. നാണമില്ലേ.. ശൈലജ ടീച്ചറേ നിങ്ങൾക്ക് മന്ത്രിയാണെന്ന് പറഞ്ഞ് ഞെളിഞ്ഞിരിക്കാൻ. നിങ്ങൾ മന്ത്രിയായിരിക്കുമ്പോൾ പകർച്ച വ്യാധി മൂലം മരിച്ചുവീഴുന്ന ഒരോ രോഗിയുടേയും ജീവന് നിങ്ങൾ ഉത്തരവാദിയാണ്. അത് തടയുന്നതിൽ നിങ്ങൾ പരാജയപ്പെട്ടതുകൊണ്ടാണ് ഇത് സംഭവിച്ചത്.
വലുതായി പ്രസംഗിച്ചിട്ട് കാര്യമില്ല. മാലിന്യ സംസ്‌കരണത്തെ പറ്റി പുസ്തകം അടിച്ചിറക്കിയിട്ടും കാര്യമില്ല. നിങ്ങൾ അത് നടപ്പിലാക്കാനുള്ള തന്റേടം കാണിക്കണം. ഈ മൺസൂൺ കാലത്ത് പകർച്ചവ്യാധിമൂലം മരിച്ചുവീഴുന്ന ജീവിതങ്ങൾ കേരളത്തിൽ അവസാനത്തേതാവണം. ഏറ്റവും കുറഞ്ഞത് അടുത്തവർഷം കേരളത്തിൽ പകർച്ചവ്യാധി മൂലമുള്ള മരണമെങ്കിലും പകുതിയാക്കി കുറയ്ക്കാൻ കഴിയണം. അതിനാവണം സർക്കാർ മുൻഗണന നൽകേണ്ടത്. അല്ലാതെയുള്ള എല്ലാ വാചകമടികളും ആർക്കും ഒരു ഗുണവും ചെയ്യില്ല. മരിച്ചുവീഴുന്ന നിസ്സഹായരായ പാവങ്ങൾ. ആശുപത്രിക്കിടക്കയിൽ കഴിയുന്ന ആയിരങ്ങൾ. സ്വന്തം മക്കളെപ്പോലും കാണാൻ കഴിയാത്ത അമ്മമാർ. അമ്മമാരെ കാണാൻ കഴിയാത്ത മക്കൾ. അതൊക്കെയാണ് നീപ പോലുള്ള പകർച്ചവ്യാധികൾ സമ്മാനിക്കുന്നത്. അത് ഇനിയും ആവർത്തിക്കപ്പെടരുത്. അതിന് മുൻകൈയെടുക്കാൻ മുഖ്യമന്ത്രി പിണറായി തന്നെ നേരിട്ടിറങ്ങണം.