ന്യൂഡൽഹി: സാമ്പത്തിക പരിഷ്‌കാരത്തിന്റെ പേരിൽ സബ്‌സിഡികൾ നിർത്തലാക്കിക്കൊണ്ട് കേന്ദ്രസർക്കാർ സാധാരണക്കാരെ വറച്ചട്ടിയിലിടുമ്പോൾതന്നെ ഇൻഷ്വറൻസ് മേഖലയിലെ ഉൾപ്പെടെ പത്തിലധികം കുത്തക കോർപറേറ്റ് കമ്പനികൾ വെട്ടിച്ചത് 300 കോടി രൂപ! സേവന നികുതിയിനത്തിലാണ് ഇൻഷ്വറൻസ് കമ്പനികൾ ഇത്രയും വെട്ടിച്ചത്. അനേ്വഷണത്തിന്റെ ഭാഗമായി ഇതുസംബന്ധിച്ച കണക്കുകളും രേഖകളും ഹാജരാക്കാൻ കേന്ദ്ര ധനമന്ത്രാലയം ഇൻഷ്വറൻസ് കമ്പനികളോട് ആവശ്യപ്പെട്ടു.

ഐസിഐസിഐ പ്രൂഡൻഷ്യൽ, എച്ച്ഡിഎഫ്‌സി ലൈഫ് ഇൻഷൂറൻസ്, റിലയൻസ് ലൈഫ് ഇൻഷൂറൻസ് കമ്പനി, ബിർള സൺലൈഫ് ഇൻഷൂറൻസ്, മെറ്റ് ലൈഫ് ഇൻഷൂറൻസ് കമ്പനികളാണ് ഇക്കൂട്ടത്തിൽ വരുന്നത്. ധനമന്ത്രാലയത്തിന് കീഴിലെ രഹസ്യാനേ്വഷണ വിഭാഗമായ 'ഡയറക്ടറേറ്റ് ജനറൽ ഓഫ് സെൻട്രൽ എക്‌സൈസ് ഇന്റലിജൻസ് (ഡി.ജി.സി.ഇ.ഐ.) ആണ് ഇതുസംബന്ധിച്ച് പത്തിലധികം കമ്പനികൾക്ക് നോട്ടീസ് നൽകിയത്. ഇൻഷ്വറൻസ് പോളിസികളുടെ വില്പനയും പുതുക്കലും ഏജന്റുമാരുടെ കമ്മീഷൻ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാനാണ് നിർദ്ദേശം.

ഇത്തരം കണക്കുകളിൽ കൃത്രിമം കാട്ടിയും യഥാർഥവിവരങ്ങൾ മറച്ചുവച്ചുമാണ് കമ്പനികൾ സേവനനികുതി വെട്ടിപ്പ് നടത്തിയതെന്നാണ് ഡിജിസിഇഐയുടെ പ്രാഥമികാനേ്വഷണത്തിൽ കണ്ടെത്തിയത്.

കമ്പനികളുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർമാരോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാവശ്യപ്പെട്ട് അടുത്തമാസം വേറെ നോട്ടീസയയ്ക്കുമെന്നും ഡിജിസിഇഐ വൃത്തങ്ങൾ പറഞ്ഞു. എന്തായാലും കുത്തക കമ്പനികൾക്കെതിരെ നടപടിയൊന്നുമുണ്ടാകില്ലെന്ന് ചുരുക്കം. ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ പേരിനെന്തെങ്കിലും നടപടിയുണ്ടാക്കി കേന്ദ്രസർക്കാർ കൈകകഴുകും.