തിരുവനന്തപുരം: ദിവസവും ഓരോ മനുഷ്യർക്കും അനേകം അനാവശ്യ പരസ്യ കോളുകളാണ് വരുന്നത്. മൊബൈൽ ഫോൺ പ്രൊവൈഡേഴ്‌സിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നും എത്തുന്ന ഫോൺ കോളുകൾ എടുത്ത് മനുഷ്യരുടെ സ്വൈര്യം നഷ്ടമാവുകയാണ്. അനേകം പേരിൽ ചിലരെങ്കിലും ഇങ്ങനെ വരുന്ന ഫോൺ കോളുകൾ മുമ്പോട്ട് വയ്ക്കുന്ന ഓഫറുകളിൽ പണം നഷ്ടമാക്കുന്നു.

എന്നാൽ രസകരമായി അതിനെ പ്രതിരോധിക്കുന്നവരും കുറവല്ല. ഒരു ഇൻഷുറൻസ് കമ്പനിയിൽ നിന്നും പോളിസി പുതുക്കാൻ വിളിച്ച പെൺകുട്ടിയെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിക്കുന്നയാളുടെ ഓഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആദ്യം ചൂടായി സംസാരിച്ച് തുടങ്ങിയ ആൾ ഇൻഷുറൻസ്‌കാരുടെ അതേ രീതിയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്ന ആഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഇൻഷുറൻസ് പ്ലാൻ പുതുക്കണമെന്നും അതോടൊപ്പം ഒരു ഓഫർ കൂടി ലഭിക്കുമെന്ന വിവരം അറിയിക്കാനായി കോൾ സെന്ററിൽ നിന്നും ഫോണിൽ വിളിച്ച എക്‌സിക്യൂട്ടീവിനോട് മനഃപൂർവ്വം പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ടെലിഫോൺ സംഭാഷണമാണ് നവമാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നത്. 3 മിനിറ്റാണ് ഫോൺ സംഭാഷണത്തിന്റെ ദൈർഘ്യം. വളരെ രസകരമായാണ് ഇയാൾ പരസ്പര വിരുദ്ധമായി സംസാരിക്കുന്നത്. കോൾ സെന്ററിൽ നിന്നു വിളിക്കുകയാണെന്ന് എക്‌സികൂട്ടീവ് പറയുമ്പോൾ ആദ്യം ഇയാൾ ദേഷ്യപ്പെടുകയാണ് ചെയ്യുന്നത്.

മാരുതി ഇൻഷുറൻസ് അടയ്ക്കുന്ന കാര്യം ഓർമിപ്പിക്കാനും ഓഫർ വാഗ്ദാനം ചെയ്തും വിളിക്കുന്ന ഇൻഷുറൻസ് കമ്പനിയിലെ പെൺകുട്ടിയോട് നിങ്ങളെന്തിനാണ് എന്നെ വിളിച്ചതെന്നു ചോദിച്ചാണ് വെള്ളം കുടിപ്പിച്ചു തുടങ്ങുന്നത്. ബിജെപിക്കാർ അധികാരത്തിൽ വന്നിട്ട് എന്തുകൊണ്ടാണ് പ്രണബ് മുഖർജിയെ മാറ്റി എൽ കെ അദ്വാനിയെ പ്രസിഡന്റാക്കാത്തത് എന്നാണ് ആദ്യം ചോദിക്കുന്നത്. തുടർന്ന് ആദ്യ കേരള നിയമസഭയിൽ ഇ എം എസിനു പകരം ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാത്തത് എന്തുകൊണ്ടെന്നും ചോദിക്കുന്നുണ്ട്.

ഇങ്ങോട്ട് വിളിക്കാൻ താൻ ആവശ്യപ്പെട്ടോ അതോ ടെലഗ്രാം അടിക്കുകയോ കത്തെഴുതകയോ ചെയ്‌തോ എന്ന് ചോദിക്കുകയും തുടർന്ന് പരസ്പര വിരുദ്ധമായി സംസാരിച്ച് തുടങ്ങുകയുമാണ്. പ്രണബ് മുഖർജി അല്ലേ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം, ബിജെപി അധികാരത്തിൽ വന്നിട്ട് എന്തുകൊണ്ട് അദ്വാനിയെ രാഷ്ട്രപതിയാക്കിയില്ല. കേരളത്തിൽ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് അല്ലേ, എന്തുകൊണ്ട് വനിതാ സംവരണം ഉപയോഗിച്ച് ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കിയില്ല? തമിഴ്‌നാട്ടിൽ ഇപ്പോ ആരാണ് മുഖ്യമന്ത്രി കരുണാനിധിയോ അതോ ജയലളിതയോ?-അങ്ങനെ പോകുന്നു ചോദ്യങ്ങൾ.

അല്ല അപ്പോ ആരായിരുന്നു ഇതിനു മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി?-എന്ന സംശയവും ഉയർത്തുന്നു. എന്നാൽ ഇടയ്ക്ക് താൻ കോൾ സെന്ററിൽ നിന്നും ഇൻഷുറൻസിന്റെ കാര്യം പറയാൻ അറിയിക്കാനാണെന്ന് പറയുന്നുണ്ടെങ്കിലും കക്ഷി ഇതൊന്നും കേട്ടഭാവമേ നടിക്കുന്നില്ല. അവസാനം കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്നു പറയു എന്ന് വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ചെറിയ ചിരിയോടെ കോൾസെന്റർ എക്‌സികൂട്ടീവ് കോൾ കട്ട് ചെയ്യുകയാണ് ചെയ്യുന്നത്.