- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാജയം നൽകിയത് കെട്ടിയിറക്കിയ സ്ഥാനാർത്ഥികൾ; ബിഫ് വിവാദം യുഡിഎഫ് വോട്ട് ബാങ്കുളെ ബാധിച്ചു; മത്സരിച്ചാൽ അത് വട്ടിയൂർക്കാവിൽ നിന്നു തന്നെ: തദ്ദേശത്തിലെ കോൺഗ്രസ് തോൽവിയിൽ മറുനാടനോട് മനസ്സ് തുറന്ന് കെ മുരളീധരൻ
തിരുവനന്തപുരം: അടിയൊഴുക്കുകളാണ് യുഡിഎഫിന് പരാജയം നൽകിയതെന്ന് എ.കെ.ആന്റണിയും പരാജയ കാരണം തുറന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രിയും ചികിത്സ തൊലിപ്പുറത്തല്ല വേണ്ടതെന്ന് ആഭ്യന്തരമന്ത്രിയും പറഞ്ഞു നിർത്തുമ്പോൾ മുൻ കെപിസിസി അധ്യക്ഷനും മന്ത്രിയുമായിരുന്ന കെ.മുരളീധരൻ എംഎൽഎ യുഡിഎഫിന്റെ പരാജയത്തെ കുറിച്ച് മനസ് തുറക്കുന്നു. അരുവിക്ക
തിരുവനന്തപുരം: അടിയൊഴുക്കുകളാണ് യുഡിഎഫിന് പരാജയം നൽകിയതെന്ന് എ.കെ.ആന്റണിയും പരാജയ കാരണം തുറന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രിയും ചികിത്സ തൊലിപ്പുറത്തല്ല വേണ്ടതെന്ന് ആഭ്യന്തരമന്ത്രിയും പറഞ്ഞു നിർത്തുമ്പോൾ മുൻ കെപിസിസി അധ്യക്ഷനും മന്ത്രിയുമായിരുന്ന കെ.മുരളീധരൻ എംഎൽഎ യുഡിഎഫിന്റെ പരാജയത്തെ കുറിച്ച് മനസ് തുറക്കുന്നു. അരുവിക്കരയിലെ ആത്മവിശ്വാസം തദ്ദേശത്തിൽ അമിത ആത്മവിശ്വാസമായതും മുന്നണിയിലെ വിയോജിപ്പുമാണ് തദ്ദേശത്തിൽ യുഡിഎഫിന് തിരിച്ചടിയായതെന്ന് കെ.മുരളീധരൻ തുറന്നു സമ്മതിക്കുന്നു. മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ കാണുന്നു ?
തദ്ദേശതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായെന്നുള്ളത് സത്യമാണ്. പരാജയം പരാജയം തന്നെയാണ്. പരാജയത്തെ വിജയമാക്കി ചിത്രീകരിച്ചിട്ട് കാര്യമില്ല.
ആ പരാജയത്തിന്റെ കാരണങ്ങൾ തുറന്ന് പറയാൻ നേതാക്കൾ തയ്യാറാകുന്നില്ല. താങ്കളുടെ കാഴ്ചപ്പാടിൽ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയുണ്ടാകുനുള്ള കാരണങ്ങൾ ?
പരാജയത്തിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനം അരുവിക്കരയിലെ വിജയത്തിൽ പാർട്ടിക്കുണ്ടായ അമിതആത്മവിശ്വസമാണ്. മറ്റൊന്നു റിബലുകളായിരുന്നു. സാധാരണ തെരഞ്ഞെടുപ്പുകളിൽ റിബലുകൾ പത്രിക സമർപ്പിക്കാറുണ്ടെങ്കിലും അവസാനഘട്ടത്തിൽ സ്വമേധയാ ഒഴിയുമായിരുന്നു. എന്നാൽ ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായിരുന്നു കാര്യങ്ങൾ. അവസാനം ഞങ്ങൾ തോറ്റാലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിക്കരുതെന്ന വിമതരുടെ നിലപാടാണ് പല സ്ഥലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തിരിച്ചടി നൽകിയത്. മുന്നണിയിലെ യോജിപ്പിലായ്മയായിരുന്നു മറ്റൊരു പ്രധാന കാരണം. അരുവിക്കരയിൽ ഒരേ മനസോടെ പാർട്ടി പ്രവർത്തകരും നേതാക്കളും പ്രവർത്തിച്ചെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ആ ഏകോപനം ഉണ്ടായില്ല. മലപ്പുറത്ത് കോൺഗ്രസും ലീഗും തമ്മിൽ മൽസരിക്കേണ്ടി വന്നു. കേരള കോൺഗ്രസും കോൺഗ്രസും കൂടി മൽസരിക്കേണ്ടി വന്നു. സൗഹൃദമൽസരമെന്ന് പേരു വിളിച്ചാലും മൽസരം മൽസരം തന്നെയാണ്. മുന്നണിയിൽ തുടർന്ന് പോകണ്ടതുള്ളതുകൊണ്ട് സൗഹൃദ മൽസരം എന്ന ഓമനപ്പേര് വിളിച്ചുവെന്ന് മാത്രം.
സ്ഥാനാർത്ഥി നിർണയത്തിൽ താങ്കളടക്കമുള്ള നേതാക്കളുടെ കണക്കുകൂട്ടൽ പിഴച്ചെന്നു തോന്നുണ്ടോ ?
തീർച്ചയായും. എന്റെ മണ്ഡലമടക്കമുള്ള വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നുള്ളത് യാഥാർഥ്യം തന്നെയാണ്. കെപിസിസിയുടെ നിർദേശങ്ങളെ അവഗണിച്ചു കൊണ്ടാണ് പല വാർഡുകളിലും സ്ഥാനാർത്ഥികളെ നിർണയിച്ചത്. സ്ഥാനാർത്ഥികളെ വീതം വച്ചത് തിരിച്ചടിയായി. കെട്ടിയിറക്കിയ സ്ഥാനാർത്ഥികൾ പലരും തോറ്റതും ഇതുകൊണ്ടാണ്. യുഡിഎഫിന്റെ പിന്തുണയോടെ മൽസരിച്ച പല സ്ഥാനാർത്ഥികൾക്കും പ്രദേശവുമായി ബന്ധമില്ലാതിരുന്നത് തോൽവിക്ക് പ്രധാനകാരണമായി. തദ്ദേശതെരഞ്ഞെടുപ്പിലെ തോൽവി താൽക്കാലികം മാത്രമാണ്. പരാജയത്തെ വിശകലനം ചെയ്ത് പോരായ്മകൾ പരിഹരിച്ചു മുന്നോട്ട് പോയാൽ ഭരണതുടർച്ചയ്ക്കുള്ള സാധ്യതയുണ്ട്. എന്നാൽ നിയമസഭതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളിലും പാർട്ടിക്ക് വീഴ്ച സംഭവിച്ചതാണ് തോൽവിയിലേക്ക് നയിച്ചത്. മുന്നണിയിലെ വിയോജിപ്പ് പരാജയത്തിന്റെ മുഖ്യകാരണമായി ഞാൻ മനസിലാക്കുന്നു. തിരുവനന്തപുരത്ത് കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു പോയത് ബിജെപിയുടെ മുന്നേറ്റം മുൻകൂട്ടി കാണാൻ ഞങ്ങൾക്ക് കഴിയാഞ്ഞതു കൊണ്ടാണ്.
ബിജെപിയുടെ മുന്നേറ്റത്തെ എങ്ങനെ വിലയിരുത്തുന്നു ?
തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ഒരു താൽക്കാലിക പ്രതിഭാസമായി കാണേണ്ടതുള്ളൂ. മാർക്‌സിസ്റ്റ് പാർട്ടി ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ അനാവശ്യവിവാദം യുഡിഎഫിന്റെ ചില വോട്ടുബാങ്കുകളെ സ്വാധീനിച്ചു. അതിന്റെ നേട്ടം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിക്കുകയും ചെയ്തു. ഇതിന് ഒരു മറുവശം കൂടിയുണ്ട്. ഇതിന്റെ നേട്ടം ബിജെപിക്കും കിട്ടി. കേരളത്തിൽ ബിജെപിക്ക് അനാവശ്യ പ്രാധാന്യം ലഭിക്കാൻ ബീഫിനെ ചൊല്ലിയുള്ള എൽഎഡിഎഫ് ചർച്ച സഹായിച്ചു. ബീഫുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നവും കേരളത്തിലില്ലായിരുന്നു. ആകെ ഒരു വിഷയം ഉണ്ടായത് കേരള ഹൗസിലാണ്. അതിൽ കേരളത്തിനുള്ള എതിർപ്പ് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിക്കുകയും. സംഭവത്തിൽ പൊലീസിന് തെറ്റു പറ്റിയതായി ആഭ്യന്തരമന്ത്രാലയം അറിയിക്കുകയും ചെയ്തു. എന്നാൽ ഈ സംഭവത്തെ മുതലെടുത്തത് എൽഡിഎഫാണ്. യുഡിഎഫിന്റെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ വേണ്ടി എൽഡിഎഫ് ഒരുക്കിയ തന്ത്രമായിരുന്നു ബീഫ് വിവാദം. ആ തന്ത്രം വിജയിപ്പിക്കുവാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. എന്നാൽ അതിന് നൽകേണ്ടി വന്ന വിലയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫലം. ഇത്തരത്തിലുള്ള ഗൂഢതന്ത്രങ്ങൾ ന്യൂനപക്ഷത്തെ മനസിലാക്കി നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാനാണ് യുഡിഎഫ് ശ്രമിക്കേണ്ടത്. താൽക്കാലികമായി വോട്ടു കിട്ടാനുള്ള തന്ത്രങ്ങൾ മെനയുമ്പോൾ അതിനു തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി നേതൃത്വം മനസിലാക്കേണ്ടതാണ്.
സംഘടനയുടെ താഴെത്തട്ടിലെ പ്രവർത്തകരുടെ ഇടയിൽ സജീവമായി ഇടപെടാൻ സംസ്ഥാന നേതാക്കൾക്ക് കഴിയുന്നില്ല എന്നത് ശരിയല്ലേ ?
ശരിയാണ്. അതിന് വ്യക്തമായ ഉദാഹരണമാണല്ലോ കെട്ടിയിറക്കിയ സ്ഥാനാർത്ഥികൾ അമ്പേ പരാജയപ്പെട്ടത്. യുഡിഎഫിൽ മാത്രമല്ല എൽഡിഎഫിലും ഇതേ അവസ്ഥയാണ്. അതിന് ഉദാഹരണമാണ് തിരുവനന്തപുരം കോർപറേഷനിലെ സ്ഥാനാർത്ഥികളുടെ തോൽവി. മാർക്‌സിസ്റ്റ് പാർട്ടിയുടെ ബിജെപി വിരുദ്ധ സമീപനം വെറും പൊള്ളയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് മനസിലാക്കി കൊടുക്കാൻ നേതാക്കൾക്ക് കഴിഞ്ഞില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻതിരിച്ചടിയുണ്ടായ സാഹചര്യത്തിൽ നേതൃമാറ്റം വേണമെന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ ?
തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണ്. ഒരു തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേതൃമാറ്റം വേണമെന്ന് പറയുന്നത് ശരിയല്ല. ഈ ചിന്താഗതിയോട് അന്നും ഇന്നും എന്നും എനിക്ക് വിയോജിപ്പാണ്. മുൻപ് കെ.കരുണാകരനെയും എ.കെ. ആന്റണിയേയും മാറ്റിയത് തെറ്റായ രാഷ്ട്രീയ തീരുമാനമായിരുന്നു. ഭാവിയിൽ ഇങ്ങനെയുള്ള തീരുമാനങ്ങൾ ആവർത്തിക്കരുതെന്ന നിലപാടാണ് എനിക്കുള്ളത്.
കെട്ടിയിറക്കിയ സ്ഥാനാർത്ഥികളും പ്രാദേശിക ബന്ധമില്ലാത്ത സ്ഥാനാർത്ഥികളും തോൽവിയുടെ ആഴം വർധിപ്പിച്ചതായി താങ്കൾ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ള സ്ഥാനാർത്ഥി നിർണയം ആവർത്തിച്ചാൽ ?
ഒരിക്കലുമില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിന്റെ അന്തിമവാക്ക് ഹൈക്കമാൻഡ് ആണ്. തദ്ദേശതെരഞ്ഞെടുപ്പിൽ ശുപാർശകളാണ് സ്ഥാനാർത്ഥികളെ നിർണയിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയയിക്കുന്നത് ആ വ്യക്തികളെ ആഴത്തിൽഡ പഠിച്ചശേഷമാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന് റോളില്ലല്ലോ. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവും തദ്ദേശതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവും ഒരിക്കലും ഒരേ പോലെ ആകില്ല.
തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഈ ഫലം ഭരണത്തിന്റെ വിലയിരുത്തലാണോ ?
ഈ തോൽവി ഒരിക്കലും ഭരണത്തിന്റെ വിലയിരുത്തലായി കാണാൻ സാധിക്കുകയില്ല. ഭരണത്തിന്റെ വിലയിരുത്തൽ ആയിരുന്നെങ്കിൽ അത് സംസ്ഥാന വ്യപകമായി പ്രതിഫലിച്ചേന. ഇത് അങ്ങനെയല്ലല്ലോ. ചില മുൻസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തുകളിലും കോർപറേഷനുകളിലും യുഡിഎഫ് ശക്തമായി തന്നെ നില നിന്നു. കൊച്ചി കോർപറേഷൻ അതിനു ഉദാഹരണമാണ്. കൊച്ചി മെട്രോ ഉൾപ്പെടയുള്ള വികസന പദ്ധതികൾ ആവിഷ്‌കരിച്ചതിന്റെ ഫലമായിട്ടാണ് കൊച്ചി യുഡിഎഫിനൊപ്പം നിന്നത്. എന്നാൽ തിരുവനന്തപുരത്ത് എന്തുകൊണ്ടോ അത് പ്രതിഫലിപ്പിക്കാനായില്ല.തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും സജീവമായി തന്നെ പ്രവർത്തിച്ചു. എന്നാൽ മുന്നണി ഒറ്റക്കെട്ടായി പോകണമെന്ന ഇരുവരുടേയും നിർദേശങ്ങൾ കീഴഘടകങ്ങൾ പാടെ തള്ളി.
ബിജെപിയുമായുള്ള കോൺഗ്രസിന്റെ ധാരണ എന്താണ് ?
ബിജെപിയുമായി ഒരു ധാരണയുമില്ല. അതിന്റെ ആവശ്യം കോൺഗ്രസില്ല. കോൺഗ്രസ് ഒറ്റക്കെട്ടായി നിന്നാൽ നിയമസഭയിലും വിജയം സുനിശ്ചിതം. ബിജെപിയുടെ ഒരു സഹായവും ഞങ്ങൾക്കു വേണ്ട. ബിജെപിയുടെ പിന്തുണയുമായി തദ്ദേശത്തിൽ അധികാരത്തിൽ വരണമെന്ന് ആഗ്രഹവുമില്ല. ബിജെപിയുമായി ഒരു തരത്തിലുള്ള കൂട്ടും പാടില്ലെന്നാണ് പാർട്ടിയുടെ നയം. തിരുവനന്തപുരം കോർപറേഷനിൽ മേയർഷിപ്പ് സ്ഥാനത്തേക്ക് യുഡിഎഫ് മൽസരിക്കും അല്ലെങ്കിൽ വിട്ടു നിൽക്കും.
സാമുദായിക സംഘടനകളുമായിട്ടുള്ള ബിജെപി ബന്ധം കോൺഗ്രസിനെ ബാധിച്ചോ ?
ഇല്ല. ബിജെപി-എസ്എൻഡിപി കൂട്ടുകെട്ട് അവരെ പോലും തുണച്ചില്ല. ആ ബന്ധത്തിന്റെ ഗുണം ആലപ്പുഴയിലെങ്കിലും കാണേണ്ടതല്ല. കണിച്ചുകുളങ്ങരയിൽ പോലും കണ്ടില്ല. ഇപ്പോഴത്തെ ബിജെപിയുടെ നേട്ടം ഭൂരിപക്ഷസമുദായത്തിൽ ചില സമ്മർദ്ദങ്ങൾ ഉണ്ടാക്കി നേടിയതാണ്. എന്നാൽ അത് ഭാവിയിൽ ഉണ്ടാകില്ല. കോൺഗ്രസ് ഒറ്റക്കെട്ടായി നിന്നാൽ പുറത്തു നിന്നുള്ള ആരുടേയും സഹായം തെരഞ്ഞെടുപ്പിൽ വേണ്ട്.
ബാർ കോഴ വിവാദം തെരഞ്ഞെടുപ്പിനെ ബാധിച്ചോ ?
കോടതിയുടെ മുന്നിലായതിനാൽ അതെ കുറിച്ച് ഞാനിപ്പോൾ പറയുന്നില്ല. വിധി വരട്ടെ അപ്പോൾ നോക്കാം. വിധി വന്നതിനു ശേഷം ബാർ കോഴയെ കുറിച്ച് പാർട്ടി ചർച്ച ചെയ്യും.
തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മൽസരിച്ച റിബലുകളെ തിരിച്ചെടുക്കുമോ ?
പാർട്ടി ഇതുവരെ അതിനെ കുറിച്ച് ചർച്ച ചെയ്തിട്ടില്ല. റിബലുകളെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെ കുറിച്ച് അന്തിമതീരുമാനം പാർട്ടി ഇതുവരെ കൈകൊണ്ടിട്ടില്ല. കണ്ണൂരിൽ വിമതസ്ഥാനാർത്ഥിയുടെ പിന്തുണ തേടുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. അടുത്ത കെപിസിസി യോഗത്തിൽ ചർച്ച ചെയ്‌തേക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുമോ ?
പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കാതിരിക്കാൻ കഴിയില്ലലോ. പക്ഷെ എന്റെ മണ്ഡലമായ വട്ടിയൂർക്കാവിൽ നിന്നായിരിക്കും ജനവിധി തേടുക. തെരഞ്ഞെടുപ്പിലേക്ക് മൽസരിക്കേണ്ടി വന്നാൽ മണ്ഡലം മാറി ജനവിധി തേടാൻ താൽപര്യമില്ല.