- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നയ്യ കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് തീരുമാനം തുലച്ചത് കാമ്പസുകൾ കേന്ദ്രീകരിച്ച് വിഘടനവാദം പരിപോഷിക്കാൻ നടന്ന ഗൂഢാലോചന; കാശ്മീർ സ്വതന്ത്രവാദിയായ ഉമർ ഖാലിദ് പദ്ധതിയിട്ടത് 18 സർവ്വകലാശാലകളിൽ അഫ്‌സൽ ഗുരു അനുസ്മരണം നടത്താൻ
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യകുമാറിനെതിരെ ഡൽഹി പൊലീസിന്റെ നടപടി ഗുണം ചെയ്തത് വിഘടനവാദികൾക്ക് മാത്രം. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന കേന്ദ്ര രഹസ്യാന്വേഷണ റിപ്പോർട്ട് പോലും പരിഗണിക്കാതെയാണ് കനയ്യകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജെഎൻയുവിലെ പ്രശ്‌നങ്ങളിൽ കനയ്യ കക്ഷ
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യകുമാറിനെതിരെ ഡൽഹി പൊലീസിന്റെ നടപടി ഗുണം ചെയ്തത് വിഘടനവാദികൾക്ക് മാത്രം. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന കേന്ദ്ര രഹസ്യാന്വേഷണ റിപ്പോർട്ട് പോലും പരിഗണിക്കാതെയാണ് കനയ്യകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജെഎൻയുവിലെ പ്രശ്‌നങ്ങളിൽ കനയ്യ കക്ഷിയല്ലെന്നും ഉമർ ഖാലിദാണ് ഇതിന് പിന്നിലെന്നും കേന്ദ്ര സർക്കാർ ഏജൻസിയുടെ റിപ്പോർട്ടിൽ വ്യക്തമാണ്. അഫ്‌സൽ ഗുരുവിന്റെ വികാരമുയർത്തി കാശ്മീർ സ്വതന്ത്രതാ വാദം ശക്തമാക്കുകയായിരുന്നു ലക്ഷ്യം. കാശ്മീർ സ്വതന്ത്രയാക്കണമെന്ന് വാദിക്കുന്ന ഉമർഖാലിദിന്റെ നേതൃത്വത്തിൽ പത്ത് പേരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. രാജ്യത്തെ 18 സർവ്വകലാശാലകളിൽ ഇത്തരം ആശയം എത്തിക്കാനുള്ള വമ്പൻ പദ്ധതിയാണ് ഒരുക്കിയത്.
ക്യാമ്പസിനുള്ളിലെ രാജ്യസ്‌നേഹികളുമായി ചേർന്ന് ഈ പദ്ധതി പൊളിക്കാൻ സർക്കാരിനായില്ല. മറിച്ച് ഈ റിപ്പോർട്ടിലൊന്നും പറയാത്ത കനയ്യ കുമാറിനെ അറസ്റ്റ് ചെയ്ത് എല്ലാം ഇല്ലായ്മ ചെയ്യുകയും ചെയ്തു. ഉമർ ഖാലിദും സംഘവും ഉദ്ദേശിച്ചതിലും അധികം കാര്യങ്ങൾ നടക്കുകയും ചെയ്തു. ജെഎൻയുവിലെ പ്രശ്‌നങ്ങൾ ആഗോള മാദ്ധ്യമങ്ങൾ ചർച്ച ചെയ്തു. ഇതോടെ കാശ്മീരിൽ രാജ്യത്തിന് അകത്തു തന്നെ രണ്ട് അഭിപ്രായം ഉണ്ടെന്ന വാദമാണ് പുറം ലോകത്ത് എത്തിയത്. കാമ്പസിലേക്ക് പൊലീസിനെ അയച്ചും വിദ്യാർത്ഥിയൂണിയൻ പ്രസിഡന്റിനെ അറസ്റ്റുചെയ്തും രാജ്യത്തിന്റെ അഭിമാനമായ ഒരു സർവകലാശാലയെ തകർക്കുകയാണ് കേന്ദ്ര സർക്കാർ എന്ന വാദവും ശക്തമായി. കനയ്യ കുമാറിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാതിയിരുന്നു ഡൽഹി പൊലീസ് മേധാവി ബി.എസ് ബസ്സിയുടെ അവകാശവാദവും.
എന്നാൽ വിശ്വസനീയ കേന്ദ്രത്തിൽ നിന്നുമുള്ള വിവരമെന്നതിൽ കവിഞ്ഞ് തെളിവുകളൊന്നും ഡൽഹി പൊലീസ് ഹാജരാക്കിയില്ല. രാജ്യവിരുദ്ധ മുദ്രാവാക്യം ഉയർന്ന പരിപാടിയുടെ സംഘാടകൻ കനയ്യ കുമാർ അല്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ പരിപാടിയുടെ സംഘാടകരും സർവ്വകലാശാലയിലേക്ക് വിഘടനവാദ മുദ്രാവാക്യവുമായി ആരെങ്കിലും കടന്നു കയറിയിട്ടുണ്ടെങ്കിലും അവരും രക്ഷപ്പെട്ടു. പത്ത് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് വിഘടനവാദ ലക്ഷ്യത്തോടെയുള്ള പരിപാടി നടന്നതെന്നും വ്യക്തമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ഡെമോക്രാറ്റിക്ക് സ്റ്റുഡന്റ് യൂണിയൻ നേതാവ് ഉമർ ഖാലിദാണ് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതെന്ന് പറയുന്നുമുണ്ട്.
വിശ്വാസയോഗ്യമായ കേന്ദ്രത്തിൽനിന്നുള്ള തെളിവുകൾ മാത്രമുണ്ടെന്ന് പറയുന്ന കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തപ്പോൾ വ്യക്തമായ പരാമർശമുള്ള ഉമർ ഖാലിദ് അന്ന് ദേശീയ ചാനലിലെ വാർത്താ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. അതിനിടെ കശ്മീരിൽ നിന്നുള്ള പത്ത് പേർ ജെ.എൻ.യുവിൽ എത്തിയിരുന്നുവെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ടു ചെയ്തു. ഇവരായിരുന്നു ക്യാമ്പസിലെ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകിയത്. ഉമർ ഖാലിദായിരുന്നു പ്രതിഷേധ പരിപാടിയുടെ മുഖ്യ സംഘാടകൻ എന്ന് പൊലീസ് റിപ്പോർട്ടിലും പറയുന്നുണ്ട്. ഇതോടെ സംഭവത്തിന്റെ ഉത്തരവാദിത്തം ഉമർ ഖാലിദിലേക്കാണ് നീളുന്നത്. ഇവരൊക്കെ രക്ഷപ്പെടുന്ന സ്ഥിതിയാണ് ഡൽഹി പൊലീസിന്റെ നടപടികളുണ്ടാക്കിയത്.
പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ വാർഷികദിനമായ ഫെബ്രുവരി ഒമ്പതിന് വൈകിട്ടാണ് സംഭവം നടക്കുന്നത്. തീവ്ര ഇടതുപക്ഷ സംഘടനയായ ഡി.എസ്.യു. നേതാവ് ഉമർ ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘം വൈകിട്ട് അഞ്ച് മണിക്ക് ക്യാമ്പസിലെ സബർമതി ധാബക്ക് അടുത്ത് കശ്മീരുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് 14 ാംതിയ്യതി ഡൽഹി പൊലീസ് ആഭ്യന്തര വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കം ജെ.എൻ.യു. അധികൃതർ തടഞ്ഞതോടെ പ്രവർത്തകർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. അവർ വിളിച്ച രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. ഇന്ത്യ തകരുന്നത് വരെ ഞങ്ങളുടെ പോരാട്ടം തുടരും, ഇന്ത്യ ഗോ ബാക്ക്, പാക്കിസ്ഥാൻ സിന്ദാബാദ്.. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു.
വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കനയ്യ കുമാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധ പ്രകടനം നടന്ന സ്ഥലത്തുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പിറ്റേദിവസമാണ് കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ വ്യക്തമായ തെളിവുകളുണ്ടായിട്ടും പരിപാടി സംഘടിപ്പിച്ച ഉമർ ഖാലിദ് അറസ്റ്റിലായില്ല. എന്നു മാത്രമല്ല ഒരു ദേശീയ വാർത്താ ചാനലിൽ ഉമർ ഖാലിദ് രാത്രി ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. റിപ്പോർട്ടിൽ വ്യക്തമായ പരാമർശമുള്ള ഉമറിനെ അറസ്റ്റ് ചെയ്യാതെ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത് ഭരണകക്ഷിയുടെ പോഷക സംഘടനയായ എ.ബി.വി.പിക്ക് ജെ.എൻ.യുവിൽ മേൽക്കൈ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നാണ് ഉയരുന്ന ആരോപണം. ഉമർ ഖാലിദിനെതിരെ പൊലീസ് ലുക്ക് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റിയ അഫ്‌സൽ ഗുരുവിനെ കുറിച്ചുള്ള ഡോക്യുമെന്റെറിയുടെ പ്രദർശനം തടഞ്ഞതാണ് ഖാലിദിനെയും സംഘത്തേയും ഇതിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. മാസങ്ങൾ മുമ്പേ ഖാലിദിന്റെ നേതൃത്വത്തിൽ അഫ്‌സൽ ഗുരു അനുസ്മരണം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കനയ്യ കുമാർ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും ഇതിലുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ കനയ്യകുമാറിനെതിരെ എന്തിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്നതാണ് ഉയരുന്ന ചോദ്യം. അതേസമയം കനയ്യ കുമാറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് മേധാവി ബി.എസ് ബസ്സി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അദ്ദേഹത്തെ വിളിച്ചുവരുത്തി വിഷയം ചർച്ച ചെയ്തിരുന്നു.
ഡൽഹി പൊലീസിലെ ചില ഉദ്യോഗസ്ഥരുടെ അമിതാവേശമാണ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്താൻ കാരണമെന്ന് ആഭ്യന്തര മന്ത്രാലയ വ്യത്തങ്ങൾ പറഞ്ഞു. ഈ അമിതാവേശമാണ് കാര്യങ്ങൾ കൈവിട്ട് പോകാൻ കാരണം. നിയമവും നിലയും മറന്ന അഭിഭാഷകർ ഡൽഹി പട്യാലഹൗസ് കോടതിയിൽ ഇന്നലെ ഗുണ്ടകളായി അഴിഞ്ഞാടിയതും പൊലീസ് കണ്ണടച്ചതു കൊണ്ട് മാത്രമാണ്. കോടതിയിൽ ഹാജരാക്കാൻ പൊലീസ് സംരക്ഷണയിൽ കൊണ്ടുവന്ന കനയ്യ കുമാറിനെ ക്രൂരമായി മർദിച്ചു. നിലത്തിട്ടു ചവിട്ടുകയും കനയ്യയുടെ തലക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. രാജ്യദ്രോഹിയായ അവനെ വെടിവച്ചു കൊല്ലൂ, തൂക്കിക്കൊല്ലൂ എന്നാക്രോശിച്ചായിരുന്നു അഭിഭാഷകരുടെ ആക്രമണം. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കനയ്യ കുമാറിനെ കോടതി മാർച്ച് രണ്ടു വരെ 14 ദിവസത്തേക്കു ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ തിഹാർ ജയിലിലേക്കു മാറ്റി.
കേസ് പരിഗണിക്കാൻ കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ ആക്രമിച്ച അഭിഭാഷകൻ കോടതിയിൽ വലതു ഭാഗത്തിരിക്കുന്നതായി കനയ്യ മജിസ്‌ട്രേറ്റിനു ചൂണ്ടിക്കാണിച്ചു. ഉടൻ തന്നെ ഈ അഭിഭാഷകൻ കോടതിക്കുള്ളിൽനിന്ന പൊലീസുകാർക്കു മുന്നിലൂടെ പുറത്തേക്കിറങ്ങിപ്പോയി. ഇവരെ പോകാൻ അനുവദിച്ചതിനു മജിസ്‌ട്രേറ്റ് ഡൽഹി പൊലീസ് ഡിസിപിയെ ശാസിക്കുകയും ചെയ്തു. കനയ്യ കുമാറിന്റെ മൂക്കിനും കാലിനും പരിക്കേറ്റിട്ടുണ്ടെന്നു പരിശോധിച്ചശേഷം ഡോക്ടർമാർ പറഞ്ഞു. പട്യാല ഹൗസ് കോടതിക്കുള്ളിലെത്തിയാണു പരിക്കേറ്റ കനയ്യ കുമാറിനെ വൈദ്യസംഘം പരിശോധിച്ചത്. താൻ രാജ്യദ്രോഹിയല്ലെന്നു കനയ്യ കുമാർ കോടതിയിൽ വ്യക്തമാക്കി. രാജ്യദ്രോഹികളുമായോ ഭീകരപ്രവർത്തകരുമായോ ബന്ധമില്ല. രാഷ്ട്രീയപ്രേരിതമായാണു രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും കനയ്യ കുമാർ കോടതിയിൽ പറഞ്ഞു.
തനിക്കെതിരേ തെളിവുകൾ ഉണ്ടെങ്കിൽ ജയിലിൽ അടയ്ക്കാം. അല്ലാത്തപക്ഷം മാദ്ധ്യമവിചാരണ നടത്തരുത്. താനൊരു ഇന്ത്യക്കാരനാണെന്നും ഭരണഘടനയിലും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും ഉറച്ച വിശ്വാസമുണെ്ടന്നും കനയ്യ പറഞ്ഞു. കോടതിക്കു പുറത്ത് തന്നെ ആക്രമിച്ച വ്യക്തി രക്ഷപെടുന്നത് പൊലീസ് നോക്കിനിന്നുവെന്നും കനയ്യ കോടതിയിൽ ബോധിപ്പിച്ചു. കനയ്യ കുമാറിന് ആന്തരികമായി പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സയ്ക്കായി ഡോക്ടറെ കോടതിയിലേക്കു വിളിച്ചു വരുത്തിയെന്നും പൊലീസ് തന്നെ പറഞ്ഞിരുന്നു. എന്നാൽ, കനയ്യ കുമാറിനു നേരേ അക്രമം ഒന്നുമുണ്ടായില്ലെന്നും വിദ്യാർത്ഥി നേതാവിന്റെ ചെരിപ്പൂരിപ്പോവുക മാത്രമാണുണ്ടായതുമെന്ന ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ്. ബസിയുടെ ന്യായീകരണം രൂക്ഷ വിമർശനങ്ങൾക്കിടയാക്കി. കനയ്യ കുമാറിന്റെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് ഡൽഹി പൊലീസ് കമ്മീഷണറുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നു സുപ്രീം കോടതി പറഞ്ഞു.
കനയ്യ കുമാറിനു പുറമേ കോടതിയിലെത്തുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടതു പൊലീസിന്റെ ചുമതലയാണെന്നു ജസ്റ്റീസ് ജെ. ചെലമേശ്വർ, ജസ്റ്റീസ് അഭയ് മനോഹർ സാപ്രേ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ക്രമസമാധാനം നിലനിർത്തുന്നതിൽ പരാജയം നേരിട്ടതു സംബന്ധിച്ചു വിശദമായ റിപ്പോർട്ട് ഇന്നു സമർപ്പിക്കാൻ ബി.എസ്. ബസിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ജാദവ്പൂർ സർവകലാശാലയിലും പോസ്റ്ററുകൾ
ജാദവ്പൂർ സർവകലാശാലയിൽ (ജെയു) കാശ്മീരിനും മണിപ്പൂരിനും നാഗാലാൻഡിനും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പോസ്റ്ററുകൾ. 'കാശ്മീരിന്റെ സ്വാതന്ത്ര്യം, മണിപ്പൂരിന്റെ സ്വാതന്ത്ര്യം, നാഗാലാൻഡിന്റെ സ്വാതന്ത്ര്യം ഞങ്ങൾ ആവശ്യപ്പെടുന്നു' എന്നാണ് ഒരു പോസ്റ്ററിൽ ആവശ്യപ്പെട്ടത്. 'റാഡിക്കൽ' എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് വിവിധ വിദ്യാർത്ഥി യൂണിയനുകൾ പ്രതികരിച്ചു. ക്യാംപസിൽ ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായി. ഇതിനു പിന്നാലെ വിദ്യാർത്ഥി സംഘടനാ നേതാക്കളുമായി വൈസ് ചാൻസിലർ ചർച്ച നടത്തി. ഇന്നലെ ക്യാംപസിൽ പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റിയ അഫ്‌സൽ ഗുരുവിന് അനുകൂലമായി ഒരു സംഘം വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചിരുന്നു. സംഭവത്തിൽ പൊലീസിനെ ഇടപെടുത്തില്ലെന്നും വിഷയങ്ങൾ ക്യാംപസിൽ തന്നെ പരിശോധിക്കുമെന്നും വൈസ് ചാൻസിലർ പറഞ്ഞു.