തിരുവനന്തപുരം: ഇടതുമുന്നണിയുടെ താരപ്രചാരകനും പ്രതിപക്ഷനേതാവുമായ വി എസ്. അച്യുതാനന്ദൻ മലമ്പുഴയിൽ പരാജയപ്പെടാൻ ഇടയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ബോബി ചെമ്മണ്ണൂരും ചാക്ക് രാധാകൃഷ്ണനും അടക്കമുള്ളവർ മലമ്പുഴയിൽ വിഎസിന്റെ തോൽവിയുറപ്പാക്കാൻ സജീവമായുണ്ടെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇന്റലിജൻസ് റിപ്പോർട്ട്. മംഗളം പത്രമാണ് ഇന്റലിജൻസ് റിപ്പോർട്ടിലെ വിദാംശങ്ങൾ പ്രസിദ്ധീകരിച്ചത്. യുഡിഎഫ് തോൽക്കുമെന്നാണ് നിഗമനം.

വി.എസിന് ഏറ്റവും വലിയ വെല്ലുവിളി മലമ്പുഴയിലെ ബി.ഡി.ജെ.എസിന്റെ കേന്ദ്രീകരണമാണെന്നു റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇങ്ങനെ: സ്വന്തം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയും വി എസ്. അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പരാജയം ലക്ഷ്യമാക്കി വെള്ളാപ്പള്ളി നടേശൻ മലമ്പുഴയിൽ തമ്പടിച്ചിരിക്കുകയാണ്. വി.എസിനെതിരായ പ്രചാരണത്തിന് വെള്ളാപ്പള്ളിതന്നെ നേരിട്ടു നേതൃത്വം കൊടുക്കുന്നുണ്ട്. സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിനേക്കാൾ യു.ഡി.എഫിനുവേണ്ടിയാണു വെള്ളാപ്പള്ളി കരുക്കൾ നീക്കുന്നത്. മിക്ക ദിവസങ്ങളിലും വെള്ളാപ്പള്ളി മലമ്പുഴയിൽതന്നെയുണ്ട്.

ബി.ഡി.ജെ.എസിന്റെ രൂപവൽക്കരണ ഘട്ടത്തിൽ വെള്ളാപ്പള്ളിക്കെതിരേ ശക്തമായ നീക്കങ്ങൾ നടത്തിയ രണ്ടു നേതാക്കളിൽ ഒരാളാണ് വി എസ്. മറ്റൊരാൾ വി എം. സുധീരൻ. സുധീരൻ മത്സരിക്കാത്തതുകൊണ്ടു സർവസന്നാഹങ്ങളും ഉപയോഗിച്ച് വി.എസിനെതിരേ നീങ്ങാനാണ് വെള്ളാപ്പള്ളി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ കാലത്ത് വി എസ്. അപൂർവമായിമാത്രമേ മലമ്പുഴയിൽ എത്തിയിരുന്നുള്ളൂ. ഇത് എതിരാളികൾ പ്രചാരണായുധമാക്കുന്നുണ്ട്. പരാജയസാധ്യത കാണുന്നതിനാൽ വി.എസിന് ഇത്തവണ മണ്ഡലത്തിൽതന്നെ ഒതുങ്ങേണ്ടിവരും. ഇത് ഇടതുമുന്നണിയുടെ പ്രചാരണത്തെ ബാധിച്ചേക്കും.

അതേസമയം, സംസ്ഥാനതലത്തിൽ യു.ഡി.എഫിന്റെ നില തീർത്തും പരുങ്ങലിലാണെന്നും 55 സീറ്റുകളേ ലഭിക്കാൻ സാധ്യതയുള്ളൂവെന്നും പൊലീസിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകളാണു യു.ഡി.എഫിനു പ്രതികൂലമായത്. പ്രചാരണത്തിൽ എൽ.ഡി.എഫും ബിജെപിയും മുന്നിലാണ്. മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങളും നേതാക്കൾ തമ്മിലുള്ള പോരും പല മണ്ഡലങ്ങളിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ നിലയും പരുങ്ങലിലാണെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇവിടെ കോൺഗ്രസ് പ്രവർത്തകരുടെ ഉദാസീനത പ്രകടമാണെന്ന് റിപ്പോർട്ടിലുണ്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

വട്ടിയൂർക്കാവിലെ പ്രചരണത്തിൽ കുമ്മനം ഏറെ മുന്നിലാണെന്ന് മറുനാടൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനും സ്ഥിരീകരണം നൽകുകയാണ് ഇന്റലിജൻസ് റിപ്പോർട്ട്.