- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം തുറമുഖത്തിന് എതിരായ പ്രക്ഷോഭം മറ്റൊരു കൂടംകുളം സമരമായി മാറിയേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പ്രക്ഷോഭത്തിൽ ബാഹ്യശക്തികളെ ഇടപെടുത്താനും നീക്കം തുടങ്ങി; തുറമുഖ നിർമ്മാണം നിലച്ചതോടെ സംസ്ഥാന സർക്കാരിന് എട്ടു ദിവസംകൊണ്ട് നഷ്ടം 240 കോടി; സമരത്തിന് പിന്തുണയുമായി ഭരണകക്ഷിയിലെ ചിലർ തന്നെ ചരടുവലിക്കുന്നതായും സൂചനകൾ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസ്സപ്പെടുത്താൻ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടെന്നു സംശയിക്കുന്നതായും ഇപ്പോൾ നടക്കുന്ന മത്സ്യത്തൊഴിലാളി സമരം കൂടംകുളം സമരംപോലെ വളർന്നേക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ട്. തൊഴിലാളികളുടെ പ്രക്ഷോഭം അനിയന്ത്രിതമായ നീളുന്നത് വൻ നഷ്ടം വരുത്തിവയ്ക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് എത്രയും വേഗം സമരം അവസാനിപ്പിച്ചില്ലെങ്കിൽ അത് സംസ്ഥാന സർക്കാരിന് വൻ തലവേദനയായി മാറുമെന്നാണ് രഹസ്യപ്പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. തുറമുഖം വരുന്നതോടെ കുടിയൊഴിപ്പിച്ചവർക്കായുള്ള നഷ്ടപരിഹാര പാക്കേജിന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കണമെന്ന് ഇന്റലിജൻസ് വിഭാഗം ആഭ്യന്തര സെക്രട്ടറി്ക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. വിഴിഞ്ഞം സമരത്തെ കൂടംകുളം പ്രക്ഷോഭവുമായി കൂട്ടിക്കെട്ടാനും കൂടംകുളം സമരനേതാവ് ഉദയകുമാറിനെ സമരവേദിയിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസിന്റെ മുന്നറിയിപ്പെന്ന് മംഗളം റിപ്പോർട്ടുചെയ്തു. സിപിഎമ്മിന്റെ ഒരു ഉന്നതനേതാവുമായി അടുത്ത ബന്ധമുള്ളയാളാണ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസ്സപ്പെടുത്താൻ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടെന്നു സംശയിക്കുന്നതായും ഇപ്പോൾ നടക്കുന്ന മത്സ്യത്തൊഴിലാളി സമരം കൂടംകുളം സമരംപോലെ വളർന്നേക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ട്. തൊഴിലാളികളുടെ പ്രക്ഷോഭം അനിയന്ത്രിതമായ നീളുന്നത് വൻ നഷ്ടം വരുത്തിവയ്ക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് എത്രയും വേഗം സമരം അവസാനിപ്പിച്ചില്ലെങ്കിൽ അത് സംസ്ഥാന സർക്കാരിന് വൻ തലവേദനയായി മാറുമെന്നാണ് രഹസ്യപ്പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
തുറമുഖം വരുന്നതോടെ കുടിയൊഴിപ്പിച്ചവർക്കായുള്ള നഷ്ടപരിഹാര പാക്കേജിന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കണമെന്ന് ഇന്റലിജൻസ് വിഭാഗം ആഭ്യന്തര സെക്രട്ടറി്ക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
വിഴിഞ്ഞം സമരത്തെ കൂടംകുളം പ്രക്ഷോഭവുമായി കൂട്ടിക്കെട്ടാനും കൂടംകുളം സമരനേതാവ് ഉദയകുമാറിനെ സമരവേദിയിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസിന്റെ മുന്നറിയിപ്പെന്ന് മംഗളം റിപ്പോർട്ടുചെയ്തു. സിപിഎമ്മിന്റെ ഒരു ഉന്നതനേതാവുമായി അടുത്ത ബന്ധമുള്ളയാളാണ് ഉദയകുമാർ.
മത്സ്യത്തൊഴിലാളി സംഘടനകളെയാകെ സമരത്തിൽ അണിനിരത്താനും ശ്രമമുണ്ട്. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഇതുവരെ സമരത്തിൽ നേരിട്ട് ഇടപെട്ടിട്ടില്ല. എന്നാൽ ഫെഡറേഷൻ നേതാവ് ടി. പീറ്റർ, ഭാര്യ മാക്ലീൻ പീറ്റർ എന്നിവരെ പങ്കെടുപ്പിക്കാൻ രഹസ്യതീരുമാനമായിട്ടുണ്ടെന്നാണ് ഇന്റലിജൻസ് നിരീക്ഷണം.
അതേസമയം, സമരം തുടങ്ങിയതിന് പിന്നാലെ തുറമുഖ നിർമ്മാണം തടസ്സപ്പെട്ടതോടെ എട്ടുദിവസത്തിനകം 240 കോടി രൂപയാണ് സംസ്ഥാന സർക്കാരിന് നഷ്ടം വന്നിട്ടുള്ളത്. പ്രദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കുമായി സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണു സമരം. പ്രദേശത്തിന്റെ സവിശേഷതകളും തുറമുഖനിർമ്മാണത്തിനായി ഒട്ടേറെ യന്ത്രസാമഗ്രികൾ എത്തിച്ചതും കണക്കിലെടുക്കുമ്പോൾ സമരം നീണ്ടുപോകുന്നത് സർക്കാരിന് ദോഷംചെയ്യും.
ചിപ്പിത്തൊഴിലാളികൾക്കു സഹായം അനുവദിച്ചതും ചിലർക്കു നഷ്ടപരിഹാരം നൽകിയതും മത്സ്യത്തൊഴിലാളികൾക്കു വാഗ്ദാനം ചെയ്ത പണം നൽകാത്തതും പദ്ധതിപ്രദേശത്തെ താമസക്കാർക്കു ജോലി കൊടുക്കുന്നതിനു പകരം ഇതര സംസ്ഥാനത്തൊഴിലാളികളെ നിയോഗിച്ചതുമെല്ലാം പ്രശ്നം വഷളാകാൻ ഇടയാക്കിയെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമരത്തെ പിന്തുണയ്ക്കാൻ സിപിഎമ്മിലെ ഒരുവിഭാഗം തന്നെ താൽപര്യമെടുക്കുന്നു എന്ന നിഗമനവും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് സി.പി.എം ഉന്നത നേതാവുമായി ബന്ധമുള്ള ഉദയകുമാറിനെ എത്തിക്കാനുള്ള ശ്രമം നടക്കുന്നതെന്നാണ് സൂചന.
നിർമ്മാണപ്രവർത്തനങ്ങൾ നിലച്ച ഓരോദിവസവും സർക്കാരിനു 30 കോടി രൂപയാണു നഷ്ടം വരുന്നത്. വിവിധ കരാറുകൾക്കായി 6.5 കോടിയാണു ദിവസവും നൽകേണ്ടത്. 469 യന്ത്രസാമഗ്രികൾക്കു ശരാശരി 1.5 ലക്ഷം രൂപ വീതം ദിവസവാടക ഇനത്തിൽ നാലുകോടി രൂപ നഷ്ടപ്പെട്ടു. ഇത്തരത്തിൽ എട്ടുദിവസം കൊണ്ട് 240 കോടിയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തൽ.
ഇതുവരെ 609 കോടി രൂപയാണു തുറമുഖനിർമ്മാണത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി സർക്കാർ ചെലവഴിച്ചത്. കൂടാതെ, 84.61 ഹെക്ടർ ഭൂമി ഏറ്റെടുത്തുനൽകി. 12.06 ഹെക്ടർകൂടി ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടം 1460 ദിവസം കൊണ്ടു പൂർത്തിയാക്കണമെന്നാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി സംസ്ഥാന സർക്കാർ ഒപ്പുവച്ച കരാർ. ഇതനുസരിച്ച് 2019 ഡിസംബർ നാലിനു വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങണം. എന്നാൽ, പദ്ധതിപ്രദേശത്ത് ഇതുവരെ 415 ദിവസമേ പണി നടന്നുള്ളൂ. ഇപ്പോഴത്തെ സമരം നീണ്ടാൽ നിർദിഷ്ടസമയത്തു പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാൻ പോലും കഴിയില്ല.
പദ്ധതിച്ചെലവായ 7525 കോടി രൂപയിൽ 4089 കോടിയാണ് അദാനി ഗ്രൂപ്പ് ചെലവഴിക്കേണ്ടത്. അതിൽത്തന്നെ 1635 കോടി രൂപ അദാനിക്കു സർക്കാർ ഗ്രാന്റായി നൽകും. ഫലത്തിൽ അദാനിയുടെ മുതൽമുടക്ക് 2454 കോടി രൂപ മാത്രം-പദ്ധതിത്തുകയുടെ മൂന്നിലൊന്നിൽ താഴെ. 6000 കോടിയോളം വിപണിവിലയുള്ള ഭൂമിയും പശ്ചാത്തലസൗകര്യവുമാണു പദ്ധതിയിലൂടെ അദാനിക്കു ലഭിച്ചത്. സർക്കാരിനു നിസാരവരുമാനമെങ്കിലും കിട്ടിത്തുടങ്ങാൻ 40 വർഷം കഴിയണം.
നിലവിൽ ബാർജിന്റെയും പ്ലാറ്റ്ഫോമിന്റെയും നിർമ്മാണമാണു നടക്കുന്നത്. 53 ഹെക്ടർ കടൽ നികത്തിയെടുക്കണം. അതിൽ 40% പണി പൂർത്തിയാക്കി. മണ്ണുപരിശോധന, സർവേ, ബ്രേക്ക് വാട്ടറിനെ ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണം എന്നിവ പൂർത്തിയാക്കി.
2015 ഓഗസ്റ്റിലാണു കരാർ ഒപ്പുവച്ചത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു ചീഫ് സെക്രട്ടറി അധ്യക്ഷനായ നിർവഹണസമിതി രൂപീകരിച്ചെങ്കിലും പ്രദേശവാസികളുടെ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. നഷ്ടപരിഹാര പാക്കേജുകൾ കൃത്യമായി നടപ്പാക്കുന്നതിൽ വീഴ്ച വന്നതാണ് ഇപ്പോൾ കാര്യങ്ങൾ പ്രക്ഷോഭത്തിലേക്ക് എത്തിച്ചിട്ടുള്ളത്.