കൊച്ചി: അങ്കം മുറുകുമ്പോൾ അരുവിക്കരയിൽ ഫലം പ്രവചനാതീതമെന്ന് തോന്നുമെങ്കിലും അടിയൊഴുക്കുകൾ ഇടതുപക്ഷത്തിന് അനുകൂലമെന്ന് റിപ്പോർട്ട്. സംസ്ഥാന ഇന്റലിജൻസും യു.ഡി.എഫും രഹസ്യമായി നിയോഗിച്ച സ്വകാര്യ ഏജൻസിയും നൽകിയ വിവരമനുസരിച്ച് സഹതാപ തരംഗത്തിന് സാദ്ധ്യത കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് വിനയായതെന്നാണ് വിലയിരുത്തൽ

രാജഗോപാലിന്റെ സാന്നിദ്ധ്യം ഇരു മുന്നണികളുടെ വോട്ടിൽ ചോർച്ചയുണ്ടാക്കുമെന്നും പുതിയ സാഹചര്യത്തിൽ അത് യു.ഡി.എഫിനെയാണ് ബാധിക്കുകയെന്നും റിപ്പോർട്ട് പറയുന്നു. ചെറുപാർട്ടികളുടെ വരവും യു.ഡി.എഫിനാണ് ദോഷം ചെയ്യുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലും ശബരിനാഥ് വ്യക്തമായി മുന്നിട്ടു നിന്നിരുന്നെങ്കിൽ ഇപ്പോൾ സ്ഥിതിഗതികൾ മാറികൊണ്ടിരിക്കുകയാമെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ശബരിനാഥ് മുന്നിട്ടു നിൽക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അരുവിക്കര തിരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

ബാർ കോഴ വിഷയം തന്നെയാണ് പ്രധാനമായും അരുവിക്കരയിൽ പ്രതിഫലിക്കുന്നത്. സോളാർ കേസിലെ കോടതി വിധിയും ഭരണമുന്നണിയെ പ്രതിരോധത്തിലാക്കി. വി എസ് അച്യുതാനന്ദന്റെ പ്രചരണത്തിലെ സജീവ സാന്നിധ്യവും ഇടതുപക്ഷത്തിന് തുണയാണ്. പിസി ജോർജിന്റെ അഴിമതി വിരുദ്ധ മുന്നണിയുടം പിഡിപിയുടെ പൂന്തറ സിറാജും പിടിക്കുന്ന വോട്ടുകളാകും യുഡിഎഫിനെ ബാധിക്കുക. ബാർക്കോഴ വിഷയത്തിൽ മന്ത്രിമാരെ കുറ്റവിമുക്തമാക്കിയ നടപടി കോൺഗ്രസിൽ അണികളിൽ പോലും സംശയമുയർത്തുന്നതായും ഇപ്പോൾ തന്നെ ഇത് സംബന്ധിച്ച് തീരുമാനം വന്നത് തെരഞ്ഞെടുപ്പ് നാടകമായും വിശ്വസിക്കുന്നവർ മണ്ഡലത്തിൽ കുറെയുണ്ടെന്നും വിലയിരുത്തുന്നുണ്ട്.

വിജയകുമാറിന് വേണ്ടി സിപിഐ(എം) ഒന്നടങ്കം നിൽക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിതിനാൽ സിപിഐ(എം) ഗ്രൂപ്പിസം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. കോൺഗ്രസിലെ പ്രാദേശിക നേതാക്കളിൽ ചിലർ ഇപ്പോഴും ശബരിനാഥനോട് എതിർപ്പിലാണ്. യുഡിഎഫ്കാരിൽ നിന്ന് വെള്ളം വാങ്ങി കുടിക്കരുതെന്ന സുലേഖയുടെ പ്രസ്താവനയും വിനയായി. ഇതോടെ സഹതാപത്തിന്റെ പേരിൽ ഇടതു പക്ഷക്കാർ ശബരിനാഥന് വോട്ട് ചെയ്യില്ലെന്ന സ്ഥിതി വന്നതായാണ് വിലയിരുത്തൽ.

രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചിട്ടയായ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ യുഡിഎഫിനെ നിർബന്ധിതമാക്കും. സോളാർ കേസിലെ വിധിയിൽ കൃത്യമായ വിശദീകരണവുമായി നിറയാൻ നേതാക്കളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണത്തിന്റെ വിലയിരുത്തലായി തെരഞ്ഞെടുപ്പിനെ അവതരിപ്പിച്ചതിനാൽ എല്ലാ വഴിയും നോക്കി ജയിക്കാനാണ് നിർദ്ദേശം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രവർത്തനങ്ങളുമായി മണ്ഡലത്തിലുണ്ട്. എ കെ ആന്റണി കൂടി എത്തുന്നതോടെ കാര്യങ്ങൾ മാറി മറിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

ഇടത് മുന്നണി കഴിഞ്ഞ ദിവസം നടത്തിയ തെരഞ്ഞെടുപ്പ് വിലയിരുത്തലിലും വിജയം കണക്കു കൂട്ടുന്നുണ്ട്. പിണറായി വിജയൻ അദൃശ്യനായി നടത്തുന്ന മികച്ച സംഘടന പ്രവർത്തനം വിജയകുമാറിന് മേൽക്കൈ നൽകിയിട്ടുണ്ടെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. 150 ഓളം ബൂത്തുകളിൽ നേരിട്ടെത്തിയാണ് പിണറായി തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴുള്ള മേൽക്കൈ എപ്പോൾ വേണമെങ്കിലും മാറാമെന്നും ആത്മവിശ്വാസം കൂടുതൽ വേണ്ടെന്നുമാണ് എൽ.ഡി. എഫ് നേത്യത്വം അണികളോട് പറഞ്ഞിട്ടുള്ളത്. അവസാന റൗണ്ട് വരെ മത്സരം സജീവമാക്കി നിലനിർത്തി പോകാനാണ് നിർദ്ദേശം.

യു.ഡി.എഫിനെതിരെ സരിത വിഷയം വീണ്ടും സജീവമായതോടെ അവസാന നിമിഷം ഇടത് മുന്നണിക്കെതിരെ ഒരു ഭൂതത്തെ കുപ്പിയിൽ നിന്ന് യു.ഡി.എഫും പുറത്തേക്ക് വിടുമെന്ന് സംശയിക്കുന്നവർ ഇടത് മുന്നണിയിൽ തന്നെയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജി.കാർത്തികേയൻ 56,797 വോട്ടും, ആർ.എസ്‌പി.യിലെ അമ്പലത്തറ ശ്രീധരൻനായർ 46,123 വോട്ടും നേടിയിരുന്നു. എന്നാൽ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മണ്ഡലം ഇടത് മുന്നണിക്കൊപ്പം നിന്നിരുന്നു. 4,163 വോട്ടിന്റെ ഭൂരിപക്ഷമാണ ഇടതിനുള്ളത്. ഇത്തവണ ഒര ലക്ഷത്തി മുപ്പതിനായിരം പേർ വോട്ട് ചെയ്യുമെന്നാണ് മുന്നണികളുടെ വിലയിരുത്തൽ.

25000 പാർട്ടി അംഗങ്ങൾ ഉണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. ഇത്തവണ അരുവിക്കര ഇടത്തോട്ട് ചാഞ്ഞാൽ ആർ.എസ്‌പി.യുടെ സ്ഥാനം യു.ഡി.എഫിൽ കൂടുതൽ ദുർബ്ബലമാകും.