- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷേധങ്ങളെ ഭയമില്ല: വീണ്ടും മല കയറണമെന്ന ആവശ്യവുമായി ബിന്ദുവും കനകദുർഗയും; സുരക്ഷ നൽകാൻ കഴിയില്ലെന്നും സ്വന്തം ഉത്തരവാദിത്വത്തിൽ പോകണമെന്നും പൊലീസിന്റെ മറുപടി; മകരവിളക്കിന് മുമ്പായി കൂടുതൽ വനിതാ സംഘടനകൾ ശബരിമല ദർശനത്തിന് ഒരുങ്ങുന്നു; സംഘടനകൾക്ക് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ; മാധ്യമശ്രദ്ധ നേടാനുള്ള ശ്രമങ്ങൾക്കെതിരെ കരുതിയിരിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
കോട്ടയം: ആചാരസംരക്ഷകരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്ന ബിന്ദുവും കനകദുർഗയും വീണ്ടും മല കയറണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചു. ഇരുവരും പൊലീസിന് കത്ത് നൽകിയെങ്കിലും, ശബരിമലയിൽ പോകുന്നതിന് സുരക്ഷ നൽകാൻ കഴിയില്ലെന്നാണ് മറുപടി കിട്ടിയത്. സ്വന്തം ഉത്തരവാദിത്വത്തിൽ മലകയറണമെന്നും പൊലീസ് ഇവരെ അറിയിച്ചു. രാവിലെ മലകയറാനെത്തിയ ഇരുവരെയും പ്രതിഷേധത്തെ തുടർന്ന് പൊലിസ് തിരിച്ചിറക്കുകയായിരുന്നു. മടങ്ങുന്നതിനിടെ തങ്ങളെ വീണ്ടും മലകയറ്റാമെന്ന് പൊലിസ് ഉറപ്പുതന്നിട്ടുണ്ടെന്നായിരുന്നു ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. തിരിച്ചിറങ്ങിയ ഇരുവരെയും പൊലീസ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇരുവർക്കും ആരോഗ്യ പ്രശ്‌നങ്ങില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കനക ദുർഗ്ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇരുവരെയും ആശുപത്രിയി ലെത്തിച്ചതോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് പ്രതിഷേധകർ ശരണം വിളിയുമായെത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. എന്നാൽ പ്രതിഷേധക്കാർ
കോട്ടയം: ആചാരസംരക്ഷകരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്ന ബിന്ദുവും കനകദുർഗയും വീണ്ടും മല കയറണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചു. ഇരുവരും പൊലീസിന് കത്ത് നൽകിയെങ്കിലും, ശബരിമലയിൽ പോകുന്നതിന് സുരക്ഷ നൽകാൻ കഴിയില്ലെന്നാണ് മറുപടി കിട്ടിയത്. സ്വന്തം ഉത്തരവാദിത്വത്തിൽ മലകയറണമെന്നും പൊലീസ് ഇവരെ അറിയിച്ചു.
രാവിലെ മലകയറാനെത്തിയ ഇരുവരെയും പ്രതിഷേധത്തെ തുടർന്ന് പൊലിസ് തിരിച്ചിറക്കുകയായിരുന്നു. മടങ്ങുന്നതിനിടെ തങ്ങളെ വീണ്ടും മലകയറ്റാമെന്ന് പൊലിസ് ഉറപ്പുതന്നിട്ടുണ്ടെന്നായിരുന്നു ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. തിരിച്ചിറങ്ങിയ ഇരുവരെയും പൊലീസ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇരുവർക്കും ആരോഗ്യ പ്രശ്‌നങ്ങില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കനക ദുർഗ്ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇരുവരെയും ആശുപത്രിയി ലെത്തിച്ചതോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് പ്രതിഷേധകർ ശരണം വിളിയുമായെത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. എന്നാൽ പ്രതിഷേധക്കാർ ആംബുലൻസിന് നേരെ ചീമുട്ടയേറിഞ്ഞു.
അതിനിടെ, മകരവിളക്കിനു മുൻപായി ശബരിമലയിൽ ദർശനം നടത്താൻ വിവിധ വനിതാ സംഘടനകൾ തയ്യാറെടുക്കുന്നതായും ഇവർക്കു രാഷ്ട്രീയ സംഘടനകളുടെ പിന്തുണയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ദക്ഷിണേന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ചെറിയ സംഘടനകൾ ശബരിമല വിഷയത്തിൽ ഇടപെടാൻ തയ്യാറെടുക്കുന്നുണ്ട്.
മകരവിളക്കു കഴിയുന്നതുവരെ യുവതീപ്രവേശന വിഷയം സജീവമാക്കി നിലനിർത്താൻ സംഘടനകൾ ശ്രമിക്കുമെന്നാണു സൂചന. 19ന് നട അടയ്ക്കുന്നതുവരെ കൂടുതൽ ജാഗ്രത പുലർത്തണമെന്നു സർക്കാരിനോടും പൊലീസിനോടും ഇന്റലിജൻസ് നിർദ്ദേശിച്ചു. മാധ്യമശ്രദ്ധ കിട്ടാനായി സംഘടനകൾ യുവതികളെ എത്തിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചില രാഷ്ട്രീയ സംഘടനകൾ ഇതര സംസ്ഥാനങ്ങളിലെ അനുഭാവികളെ ഉപയോഗിച്ച് ഇവരുമായി ചർച്ചകൾ നടത്തുന്നുണ്ട്. പന്ത്രണ്ടോളം സംഘടനകൾ നിരീക്ഷണത്തിലാണ്. സജീവമായ സംഘടനകളല്ല ഇവയിൽ പലതും. വിശ്വാസത്തിന്റെ പേരിലല്ല ഇവർ ക്ഷേത്രദർശനത്തിന് എത്തുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശബരിമല വിഷയത്തിലെ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കാൻ സംഘടനകൾ ശ്രമിക്കുന്നതായും ഇതു ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങൾക്കിടയാക്കുമെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നയിപ്പു നൽകിയിട്ടുണ്ട്. 27നാണു മണ്ഡലപൂജ. അന്നു നട അടച്ചശേഷം 30ന് വീണ്ടും തുറക്കും. 11നാണു പേട്ട തുള്ളൽ. 14ന് മകരവിളക്ക്. 19ന് നട അടയ്ക്കും.
ശബരിമല ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തിൽ 200 ഓളം പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. മരക്കൂട്ടത്തുവെച്ച് യുവതികളെ തടഞ്ഞ 100 പേർക്കെതിരെയും സന്നിധാനത്ത് നാമജപം നടത്തിയ അമ്പതോളം പേർക്കെതിരെയുമാണ് സന്നിധാനം പൊലീസ് കേസെടുത്തത്. അപ്പാച്ചിമേട്ടിൽ തടഞ്ഞ നാൽപതോളം പേർക്കെതിരേ പമ്പ പൊലീസും കേസെടുത്തിട്ടുണ്ട്. സന്നിധാനത്ത് നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘടിച്ച് നാമജപ പ്രതിഷേധം നടത്തിയവർക്കെതിരെയും മരക്കൂട്ടത്ത് പ്രതിഷേധം നടത്തിയവർക്കെതിരെയുമാണ് സന്നിധാനം പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ് കേസ്. കൂടുതൽ അന്വേഷണത്തിനു ശേഷം മാത്രമേ ഇവർ ആരൊക്കെയാണെന്നതു സംബന്ധിച്ച് വ്യക്തതയുണ്ടാവൂ.