ന്യൂഡൽഹി: ദളിത് വിഭാഗത്തിൽ നിന്നു വിവാഹം ചെയ്യുന്ന വരനോ വധുവിനോ രണ്ടരലക്ഷം രൂപ പ്രോത്സാഹന സമ്മാനം നൽകുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാനാണ് പുതിയ ധനസഹായ പദ്ധതി. യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിച്ച് നിലവിൽ പ്രാബല്യത്തിലുണ്ടായിരുന്ന പദ്ധതിയാണിത്. ഇതിൽ വേണ്ട മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു നോട്ടീസ് അയച്ചു. മിശ്രവിവാഹം ചെയ്യുന്ന ദമ്പതികളുടെ വരുമാനം അഞ്ചു ലക്ഷത്തിനുമേൽ ആകാൻ പാടില്ലെന്ന് മുന്നേ നിബന്ധനയുണ്ടായിരുന്നു.

ദളിത് വിഭാഗത്തിൽനിന്നു വിവാഹം ചെയ്യുന്ന വരനോ വധുവിനോ രണ്ടരലക്ഷം രൂപ പ്രോത്സാഹന സമ്മാനം നൽകുന്ന പദ്ധതിയാണ് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്. യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിച്ച് നിലവിൽ പ്രാബല്യത്തിലുണ്ടായിരുന്ന പദ്ധതിയിൽ മിനുക്കുപണി നടത്തി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു നോട്ടീസ് അയച്ചു.മിശ്രവിവാഹം ചെയ്യുന്ന ദന്പതികളുടെ വരുമാനം അഞ്ചുലക്ഷത്തിനുമേൽ ആകാൻ പാടില്ലെന്ന മുൻ നിബന്ധന സർക്കാർ എടുത്തു കളഞ്ഞെന്നും നിലവിലെ പദ്ധതി പ്രകാരം നവ ദമ്പതികളുടെ വരുമാനത്തിനു പരിധിയില്ലെന്നും സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ഡോ.അംബേദ്കർ ഫൗണ്ടേഷൻ സംസ്ഥാനങ്ങൾക്ക് അയച്ച നോട്ടീസിൽ പറയുന്നു.

ഡോക്ടർ അംബേദ്കർ സ്‌കീം ഫോർ സോഷ്യൽ ഇന്റഗ്രേഷൻ ത്രൂ ഇന്റർ കാസ്റ്റ് മാര്യേജ് എന്ന പദ്ധതിയിലുൾപ്പെടുത്തി ദളിത് മിശ്രവിവാഹിതർക്ക് രണ്ടരലക്ഷം രൂപയാണ് കേന്ദ്രസർക്കാർ സഹായധനമായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിവർഷം അഞ്ഞൂറ് ദമ്പതികൾക്ക് സഹായധനം നൽകണമെന്നാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ, വ്യവസ്ഥകൾ അനുസരിച്ച് സമർപ്പിച്ച അപേക്ഷകൾ പ്രകാരം ആദ്യവർഷം സഹായം ലഭിച്ചത് അഞ്ച് ദമ്പതികൾക്ക് മാത്രമാണ്. 2015-16 സാമ്പത്തികവർഷത്തിൽ ഇത് 72 ആയി. അന്ന് 522 അപേക്ഷകളാണ് ലഭിച്ചത്. 2016-17ലാവട്ടെ 736 അപേക്ഷകരിൽ 45 പേർ മാത്രമാണ് സഹായത്തിന് അർഹരായത്. ഈ വർഷം 409 അപേക്ഷകൾ ലഭിച്ചതിൽ 74 എണ്ണം മാത്രമേ സാമൂഹ്യനീതി വകുപ്പ് അർഹതയുള്ളതായി കണ്ടെത്തിയിട്ടുള്ളു.

പണത്തട്ടിപ്പ് ഒഴിവാക്കാൻ രണ്ടു ഗഡുക്കളായാകും ദമ്പതികൾക്കു പണം കൈമാറുക. ആദ്യം ഒന്നരലക്ഷം രൂപയും പിന്നീട് ഒരു ലക്ഷം രൂപയും ലഭിക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അനുമതി കൂടാതെ തീരുമാനമെടുക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കു കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. 2013ൽ ആരംഭിച്ച പദ്ധതിയുടെ ഗുണഫലങ്ങൾ നേടിയിരുന്നത് വളരെ കുറച്ച് ആളുകളായിരുന്ന എന്നാണു സർക്കാർ കണക്കുകൾ പറയുന്നത്. മൂന്നു വർഷത്തിനിടെ 116 പേർക്കു മാത്രമാണ് സർക്കാരിൽ നിന്നു സാമ്പത്തിക സഹായം ലഭിച്ചത്. പദ്ധതി കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നിബന്ധനകൾ ലഘൂകരിച്ചത്.

എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടുള്ള അപേക്ഷകളല്ലാത്തതാണ് ദമ്പതികളിൽ ഭൂരിപക്ഷവും ആനുകൂല്യം ലഭിക്കാത്തവരാവാൻ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയായിരിക്കണം, ഇരുവരുടെയും ആദ്യവിവാഹമായിരിക്കണം, വിവാഹം ഹിന്ദു മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതാവണം തുടങ്ങിയവയാണ് നിബന്ധനകൾ. അതാത് പ്രദേശത്തെ എംഎൽഎ,എംപി, ജില്ലാ കളക്ടർ തുടങ്ങിയവരിൽ ആരെങ്കിലും അപേക്ഷകൾ ശുപാർശ ചെയ്യണമെന്നുമുണ്ട്. മിക്കവരും വിവാഹം രജിസ്റ്റർ ചെയ്യുന്നത് സ്പെഷ്യൽ മാര്യേജ് ആക്ട്പ്രകാരമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് വ്യവസ്ഥകളിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചതും വാർഷികവരുമാനം അഞ്ച് ലക്ഷത്തിൽ താഴെയാവണമെന്ന നിബന്ധന പിൻവലിച്ചതും.

ഇത്തരമൊരു സഹായത്തെക്കുറിച്ച് ഇപ്പോഴും പലരും അജ്ഞരാണെന്നും അധികൃതർ പറയുന്നു. ജാതി വ്യവസ്ഥയുടെ കെട്ടുപാടുകളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിനും ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശ്,പശ്ചിമബംഗാൾ, ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ,തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിക്കാറുള്ളതെന്ന് സാമൂഹ്യനീതി വകുപ്പിന്റെ കണക്കുകൾ പറയുന്നു.