കോട്ടയം: കേരള സമൂഹത്തിൽ മതരഹിത വിവാഹം നടത്തിയാൽ പോലും വിവാഹം നടത്തിയാൽ അത് വിവാദങ്ങളിൽ ചെന്നു കലാശിക്കുന്ന കാലമാണിപ്പോൾ. വിവാഹം എന്നത് തീർത്തും വ്യക്തിപരമായ കാര്യമാണെങ്കിലും സമൂഹത്തിന്റെ ഇടപെടൽ ഇതിൽ എപ്പോഴും ഉണ്ടാകുന്നു. സംഘടിതമായി തന്നെ ചിലർ വിവാഹത്തിന്റെ പേരിൽ വ്യക്തികളെ ആക്രമിക്കാൻ രംഗത്തിറങ്ങും. മതവിശ്വാസത്തിന് കാര്യമായി പ്രധാന്യം കൊടുത്താത്ത ഡിവൈഎഫ്‌ഐ നേതാവ് ക്രിസ്തുമത വിശ്വാസിയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലുടെ അപിമാനിക്കുന്ന സംഭവമാണ് ഒടുവിൽ പുറത്തുവന്നത്.

കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ മുഹമ്മദ് നജീബിന്റെയും പൊൻകുന്നം കളരിക്കൽ സ്വദേശിനിയായ ലിയാര ടെസ്ല തോമസിന്റെയും വിവാഹമാണ് സോഷ്യൽ മീഡിയയിൽ അനാവശ്യമായി വിവാദമാക്കുന്നത്. ഭാര്യയുടെയും വീട്ടുകാരുടെയും വിശ്വാസത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുടുംബങ്ങളുടെ താൽപ്പര്യം മുൻനിർത്തി ക്രൈസ്തവ ആചാര പ്രകാരം ദമ്പതികൾ രണ്ടാമതും വിവാഹം ചെയ്തതോടെയും ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതുമാണ് വലിയ അപരാധം എന്ന നിലയിൽ പ്രചരിപ്പിച്ച് ഒരു കൂട്ടർ വിവാദമാക്കുന്നത്. വരൻ മതം മാറാതെയാണ് ക്രൈസ്തവ ആചാര പ്രകാരം വിവാഹം ചെയ്തത് എങ്കിലും സിപിഎമ്മുകാരനായ നേതാവ് ക്രിസ്ത്യാനിയായെന്ന വിധത്തിലാണ് കുപ്രചരണം.

വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം 2017 ഫെബ്രുവരി 10ാം തീയ്യതിയാണ് നജീബും ലിയാര ടെസ്ലയും വിവാഹിതരാകുന്നത്. പൊൻകുന്നം രജിസ്റ്റർ ഓഫീസിൽ വെച്ച് സ്‌പെഷ്യൽ മാരേജ് ആക്് പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഇരു വീട്ടുകാരും തുടക്കത്തിൽ വിവാഹത്തിന് എതിർപ്പുയർത്തി നിന്നു. നജീബ് മുസ്ലിം നാമധാരി ആണെങ്കിലും വിശ്വാസകാര്യത്തിൽ അടിയുറച്ച സിപിഎം പ്രവർത്തകനായിരുന്നു. അതുകൊണ്ട് തന്നെ വിശ്വാസ കാര്യത്തിൽ വലിയ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, ലത്തീൻ കത്തോലിക്കാ വിശ്വാസിയായ ലിയാന ടെസ്ലയുടെ വിശ്വാസം സംരക്ഷിക്കാൻ നജീബ് മുന്നിൽ തന്നെ നിന്നു.

രജിസ്റ്റർ മാരേജ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷ മുമ്പ് വിവാഹം നടന്ന അതേദിവസം ഇരു വീട്ടുകാരുടെയും സമ്മതത്തോടെ കാഞ്ഞിരപ്പള്ളി പള്ളിയിൽ വെച്ച് പെൺകുട്ടിയുടെ വിശ്വാസമനുസരിച്ച് പള്ളിയിൽ വെച്ച് വിവാഹം നടത്തിയത്. പള്ളി ഹാളിൽ വെച്ച് വരൻ മതം മാറാതെ തന്നെയായിരുന്നു വിവാഹം നടന്നത്. ഇരു വീട്ടുകാരെയും ഒരുമിപ്പിക്കാൻ വേണ്ടി സിപിഐഎം കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റി തന്നെ മുന്നിൽ നിന്നു. കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ ലെറ്റർ ഹെഡ്ഡിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷെമിം അഹമ്മദ്, ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി വിഎൻ രാജേഷ് എന്നിവരുട പേര് വെച്ച് ക്ഷണക്കത്തടിച്ച് പ്രചരിപ്പിച്ച ശേഷമാണ് വിവാഹം നടത്തിയത്.

ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിൽ വിവാഹം നടത്തിയ ശേഷം നജീബിന്റെ വീട്ടുകാരുടെ നിർബന്ധപ്രകാരം മുസ്ലിം ആചാരപ്രകാരം വിവാഹം നടത്താൻ മഹല്ല് കമ്മിറ്റിയെ സമീപിച്ചെങ്കിലും അത് നടന്നില്ല. പെൺകുട്ടി മതം മാറണമെന്നും അല്ലാത്ത പക്ഷം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവാഹം അനുവദിക്കാൻ സാധിക്കില്ലെന്നുമാണ് ഇവർ സ്വീകരിച്ച നിലപാട്. ഇതോടെ നജീബിന്റെ വീട്ടുകാർ ലിയാര ടെസ്ലയെ മതം മാറ്റാതെ തന്നെ നിക്കാഹ് നടത്തി. എന്നാൽ, പെൺകുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റാതെ വിവാഹം അനുവദിക്കാനാവില്ലെന്ന് ചിലർ നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നാൽ ടെസ്ലയുടെ വിശ്വാസം സംരക്ഷിക്കപ്പെടണം എന്ന നിലപാടാണ് നജീബ് സ്വീകരിച്ചതോടെ ചില കേന്ദ്രങ്ങളിൽ നിന്നും എതിർപ്പുമുയർന്നു.

പ്രണയിച്ച് വിവാഹിതരായി എന്നതു കൊണ്ട് ഇത്രയ്ക്ക് അധിക്ഷേപങ്ങൾ നേരിടേണ്ട കാര്യമുണ്ടോ എന്നതാണ് ഇരുവരും ഇപ്പോൾ ചോദിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങളിൽ ഇരുവരും ദുഃഖിതരാണ് താനും. രണ്ട് കുടുംബങ്ങൾക്കും ഇരുവർക്കും ഇപ്പോൾ ഈ വിവാഹത്തിൽ സന്തോഷം മാത്രമേയുള്ളൂ എന്നിരിക്കേ ഇത് സംബന്ധിച്ച സോഷ്യൽ മീഡിയയിൽ ചർച്ചകൾ അനാവശ്യമാണെന്നാണ് ഇവരുടെ സുഹൃത്തുക്കൾ പറയുന്നത്.

എന്നാൽ, പള്ളിയിൽ വെച്ച് നടന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് വിവാഹതട്ടിപ്പെന്ന വിധത്തിൽ പ്രചരിപ്പിക്കുന്നത്. മറ്റൊരാളുടെയും അടുത്ത ബന്ധുക്കളുടെയു വിശ്വാസം സംരക്ഷിക്കാൻ വേണ്ടി നടത്തിയ വിവാഹത്തിൻെ പേരിൽ അനാവശ്യമായാണ് ഇവർക്കെതിരെ പ്രചരണമെന്നാണ് സിപിഎം നേതാക്കളും പറയുന്നത്. ഔദ്യോഗികമായി ഇരുവരും വിവാഹം ചെയ്തത് സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം തന്നെയാണ്. അതാണ് നിയമപരമായി നിലനിൽക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.