മെൽബൺ: ഓസ്‌ട്രേലിയൻ ഡോളർ വില 83 സെന്റിൽ താഴെ ഇടിഞ്ഞതോടെ രാജ്യം കൂടുതൽ സാമ്പത്തിക മാന്ദ്യത്തിലാണെന്ന് വ്യക്തമായി. ഇതോടെ റിസർവ് ബാങ്കും അടുത്ത വർഷം പലിശ നിരക്കിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം ബാങ്കുകളും പലിശ നിരക്കിൽ ഇളവുകൾ പ്രഖ്യാപിക്കാൻ തുടങ്ങി.

രാജ്യത്തെ പ്രധാന ബാങ്കുകളിലൊന്നായ നാഷണൽ ഓസ്‌ട്രേലിയൻ ബാങ്കാണ് പലിശ നിരക്കിൽ ഇളവു പ്രഖ്യാപിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയിരിക്കുന്നത്. മൊത്തത്തിൽ ബിസിനസിൽ ക്ഷീണം അനുഭവപ്പെടുന്നതിനാൽ പലിശ നിരക്കിൽ ഇളവു നൽകി ഉപയോക്താക്കളെ ആകർഷിക്കാനുള്ള തയ്യാറെടുപ്പിലാണ് എൻബിഎ. അടുത്ത മാർച്ചിലും ഓഗസ്റ്റിലും പലിശ നിരക്കിൽ 25 പോയിന്റു വീതം ഇളവ് റിസർവ് ബാങ്ക് പ്രഖ്യാപിക്കുമെന്നാണ് ബാങ്ക് പ്രവചിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ച ശോചനീയമായ സ്ഥിതിയിലായത് റിസർവ് ബാങ്കിനെ കൂടുതൽ പലിശ നിരക്ക് ഇളവിലേക്ക് കൊണ്ടെത്തിക്കുമെന്ന് എൻബിഎ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ബാങ്ക് പ്രതീക്ഷിച്ചതിലും വളരെ താഴെയാണ് രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്ക്. സെപ്റ്റംബർ പാദത്തിൽ ബാങ്ക് പ്രതീക്ഷിച്ചത്ര ജിഡിപി നിരക്ക് ഉയരാത്തത് ബാങ്കിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചിരിക്കുകയാണ്.

ഈ സാമ്പത്തിക വർഷം ബാങ്ക് വളർച്ചാ നിരക്ക് 2.9 ശതമാനമാണ് പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിലത്തെ സാഹചര്യത്തിൽ ഇത് 2.5 ശതമാനമായി വെട്ടിച്ചുരുക്കി. കൂടാതെ 2015-16 വർഷത്തിലെ പ്രവചനം മൂന്നു ശതമാനമായി ചുരുക്കുകയും ചെയ്തു. മാത്രമല്ല, തൊഴിലില്ലായ്മ നിരക്ക് 6.75 ശതമാനമായി മാറുമെന്നും എൻബിഎ പ്രവചിക്കുന്നു. നിലവിൽ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനമാണ് രേഖപ്പെടുത്തുന്നത്.
2012 ഏപ്രിലിനു ശേഷം തൊഴിലില്ലായ്മ നിരക്ക് തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ്. തൊഴിലില്ലായ്മ നിരക്കിൽ 1978-നുശേഷമുള്ള ഏറ്റവും വലിയ രണ്ടാമത്തെ ഉയർച്ചയാണിത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ 30 മാസത്തിനുള്ളിൽ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായി വർധിച്ചിട്ടുമുണ്ട്.

ഒക്ടോബറിൽ ബാങ്കിന്റെ വളർച്ചാ നിരക്കിൽ കുത്തനെ ഉയർച്ചയുണ്ടായിരുന്നെങ്കിലും നവംബറിൽ ഇത് കുത്തനെ ഇടിയുകയായിരുന്നു. ഡോളറിന്റെ വിലയിലും ഇടിവു സംഭവിച്ചു തുടങ്ങിയത് നവംബർ മാസം മുതലായിരുന്നു. ഡോളർ 88 സെന്റിലും താഴെപ്പോയത് ഈ കാലഘട്ടത്തിലായിരുന്നു. ഈ സാഹചര്യം തുടരുകയാണെങ്കിൽ റിസർവ് ബാങ്ക് 2.0 ശതമാനത്തിൽ പലിശ നിരക്ക് എത്തിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഇക്കോണമിയെ ശക്തിപ്പെടുത്തുന്നതിന് ആർബിഎ പലിശ നിരക്ക് അതിന്റെ സർവകാല റിക്കോർഡിൽ കുറച്ചു വച്ചിരിക്കുകയാണ്. മാസങ്ങളായി ഇതു തന്നെയാണ് തുടരുന്നതും. അതുകൊണ്ടു തന്നെ ഇനിയും പലിശ നിരക്കിൽ ഇളവ് പ്രതീക്ഷിക്കേണ്ടെന്ന് പല തവണ ആർബിഎ തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ 94 യുഎസ് സെന്റിൽ നിന്ന് 83 സെന്റിലേക്ക് ഓസ്‌ട്രേലിയൻ ഡോളർ കൂപ്പുകുത്തിയത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചിരിക്കുകയാണ്.  ഡോളറിന്റെ വിലയിടിവ് മറ്റ് നാല് പ്രധാന ബാങ്കുകളെയും പലിശ നിരക്ക് കുറയ്ക്കുന്നതിൽ കൊണ്ടെത്തിച്ചിട്ടുണ്ട്.