മെൽബൺ: നാണ്യപ്പെരുപ്പത്തിൽ 0.2 ശതമാനം ഇടിവു രേഖപ്പെടുത്തിയതും വില സൂചിക ഇടിഞ്ഞതും പലിശ നിരക്കിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. നാളെയാണ് റിസർവ് ബാങ്ക് അതിന്റെ മണിട്ടറി യോഗം ചേരുന്നത്. യോഗത്തിൽ പലിശ നിരക്ക് നിലവിലുള്ള തോതിൽ തന്നെ നിലനിർത്താൻ സാധ്യതയാണെന്നാണ് ഈ രംഗത്തെ വിഗദ്ധർ വിലയിരുത്തുന്നത്.

ഫെബ്രുവരിയിൽ നാണ്യപ്പെരുപ്പം 0.2 ശതമാനം ഇടിഞ്ഞതായാണ് രേഖപ്പെടുത്തുന്നത്. അതേസമയം ജനുവരിയിൽ 0.4 ശതമാനം വർധന നാണ്യപ്പെരുപ്പത്തിൽ രേഖപ്പെടുത്തിയിരുന്നു. റിസർവ് ബാങ്ക് പ്രതീക്ഷിച്ചതിനെക്കാൾ കുറവ് നാണ്യപ്പെരുപ്പത്തിൽ രേഖപ്പെടുത്തിയതാണ് പലിശ നിരക്കിൽ വർധന വരുത്താൻ സാധ്യതയില്ലെന്ന് കരുതുന്നത്. നാണ്യപ്പെരുപ്പത്തിൽ രണ്ടു മുതൽ മൂന്നു ശതമാനം വർധനയാണ് റിസർവ് ബാങ്ക് പ്രതീക്ഷച്ചിരുന്നത്. കൂടാതെ ഈ മാസം പെട്രോൾ വിലയിൽ 5.6 ശതമാനം ഇടിവും രേഖപ്പെടുത്തിയതും ഹോളിഡേ ട്രാവൽ ആൻഡ് അക്കോമഡേഷൻ ചെലവുകളിൽ 3.7 ശതമാനം ഇടിവുണ്ടായതും പലിശ നിരക്കിനെ പഴയ തോതിൽ തന്നെ നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്.

അതേസമയം, ഫർണിഷിങ് ചെലവുകൾ, വീട്ടുപകരണങ്ങൾ, സർവീസ് ചെലവുകൾ എന്നിവ 0.6 ശതമാനം എന്നുകണ്ടു വർധിക്കുകയും ഹൗസിങ് ചെലവുകൾ 0.2 ശതമാനം കൂടുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുന്നതും നാണ്യപ്പെരുപ്പത്തിന് തടയിടുന്ന ഘടകമാണെന്ന് മെൽബൺ ഇൻസ്റ്റിറ്റിയൂട്ട് വ്യക്തമാക്കുന്നു.
നിലവിൽ രണ്ടു ശതമാനമാണ് പലിശ നിരക്ക്. പലിശ നിരക്ക് വർധിപ്പിക്കാൻ തക്ക കാരണങ്ങളൊന്നും നിലവിൽ ഇല്ലാത്തതിനാൽ പഴയ നിരക്ക് തന്നെ തുടരാൻ തന്നെയായിരിക്കും റിസർവ് ബാങ്ക് തീരുമാനിക്കുകയെന്ന് ബ്ലൂംബർഗ് നടത്തിയ സർവേയിൽ പങ്കെടുത്ത 26 സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.