- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ പൗരനെ അവഹേളിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം; സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെ ഉത്തരവ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനമാക്കി; വിദേശിക്കെതിരായ പൊലീസ് പെരുമാറ്റം ദേശീയ തലത്തിൽ ചർച്ചയായതോടെ കർശന നടപടിക്ക് സർക്കാർ
തിരുവനന്തപുരം: കോവളത്ത് പുതുവർഷത്തലേന്ന് മദ്യം വാങ്ങി വരികയായിരുന്ന സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവത്തിൽ സർക്കാർ കർശന നടപടിക്ക്. ഈ വിഷയത്തിൽ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തതിനൊപ്പം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്. കോവളം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ മനീഷ്, സജിത് എന്നിവർക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തിരുന്നു. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാറാണ് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തും.
സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് വീഴ്ചയുണ്ടായോ എന്ന കാര്യവും പരിശോധിക്കും. പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെ ഇടപെടലുകൾ തള്ളിയാണ് വൈകീട്ടോടെ സസ്പെൻഷൻ ഉത്തരവിറക്കിയത്. കഴിഞ്ഞദിവസം കോവളം സ്റ്റേഷൻ പരിധിയിലാണ് സ്വീഡിഷ് പൗരനായ സ്റ്റിഗ് സ്റ്റീഫൻ ആസ്ബർഗിന് നേരെ പൊലീസിന്റെ മോശം നടപടിയുണ്ടായത്. ഇത് ദേശീയതലത്തിൽ ചർച്ചയായി. കോവളം അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാണ്. അതുകൊണ്ട് തന്നെ ഈ സംഭവം സംസ്ഥാനത്തിന് വലിയ നാണക്കേടാണ് സമ്മാനിച്ചത്. ഈ പശ്ചാത്തലത്തിലാണ് കർശന നടപടിക്ക് സർക്കാർ ഒരുങ്ങുന്നത്.
പുതുവത്സരാഘോഷത്തിന് മദ്യവുമായി പോയ സ്റ്റീഫനെ പൊലീസ് തടയുകയായിരുന്നു. സ്കൂട്ടറിൽ മൂന്ന് ബോട്ടിൽ മദ്യം കണ്ടെടുത്ത പൊലീസ് ബില്ല് ആവശ്യപ്പെട്ടു. ബിവറേജിൽനിന്ന് ബില്ല് വാങ്ങാൻ മറന്നെന്ന് സ്റ്റീഫൻ പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. കുപ്പിയടക്കം വലിച്ചെറിയാൻ ആവശ്യപ്പെട്ടു. വിദേശി മദ്യം ഒഴിച്ചുകളയുന്ന ദൃശ്യം മാധ്യമങ്ങളിൽ വലിയ വാർത്തയായി. പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തി.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിയോട് റിപ്പോർട്ട് തേടി. സംഭവത്തെ അപലപിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തുകയും മന്ത്രി വി. ശിവൻകുട്ടി സ്റ്റീഫനെ വസതിയിലേക്ക് വിളിച്ചുവരുത്തി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സിറ്റി പൊലീസ് കമീഷണറുടെ നിർദേശാനുസരണം സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്പി അന്വേഷണത്തിലാണ് നാല് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയത്.
ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്യാൻ ശനിയാഴ്ച രാവിലെ തീരുമാനിച്ചെങ്കിലും ഇതിനെതിരെ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയത് നടപടി വൈകിപ്പിച്ചു. വസ്തുതകൾ അന്വേഷിക്കാതെയാണ് സസ്പെൻഷനെന്നും സമഗ്ര അന്വേഷണം വേണമെന്നുമുള്ള ആവശ്യമാണ് അസോസിയേഷൻ മുന്നോട്ടുവെച്ചത്. അന്വേഷണ റിപ്പോർട്ട് വരുംവരെ സസ്പെൻഷൻ നടപടി മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. താമസസ്ഥലത്തേക്കല്ല, ബീച്ചിലേക്കാണ് വിദേശപൗരൻ മദ്യം കൊണ്ടുപോയതെന്നും അസോസിയേഷൻ ആരോപിച്ചു. എന്നാൽ ഇതെല്ലാം തള്ളിയാണ് വൈകുന്നേരത്തോടെ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്. അതിനുമുമ്പ് തന്നെ മന്ത്രി വി. ശിവൻകുട്ടി സ്റ്റീഫനുമായി കൂടിക്കാഴ്ച നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പും നൽകിയിരുന്നു.
അതേസമയം താൻ തുടങ്ങിയ ഹോംസ്റ്റേയിൽ പലരും പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് കോടതി പൊലീസ് സംരക്ഷണം അനുവദിച്ചെങ്കിലും നീതി ലഭിച്ചില്ലെന്ന് സ്വീഡിഷ് പൗരൻ സ്റ്റിഗ് സ്റ്റീഫൻ ആസ്ബെർഗ് പറഞ്ഞു. കേരള പൊലീസിൽനിന്ന് ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ല. കേസെടുത്ത് അകത്തിടുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് കുപ്പി മദ്യം തന്റെ കൈവശമുണ്ടായിരുന്നു. ബില്ല് ഇല്ലാത്തതിനാൽ മദ്യം കൊണ്ടുപോകാൻ അനുവദിച്ചില്ല. എറിഞ്ഞുകളയാൻ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ബോട്ടിൽ ആയതിനാൽ മദ്യം ഒഴുക്കിക്കളയുകയായിരുന്നു.
തന്റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കിക്കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനിൽ കൊണ്ടുകൊടുത്തത്. നാലുവർഷമായി കേരളത്തിൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുകയാണ്. എന്നാൽ, നാട്ടുകാരിൽനിന്നും പൊലീസിൽനിന്നും നിരന്തരം പ്രശ്നങ്ങളാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ