കോഴിക്കോട്: കെ രാമൻപിള്ള ബിജെപി വിട്ട് ഭാരതീയ ജനപക്ഷം എന്ന സംഘടന രൂപീകരിച്ചപ്പോൾ കൂടെപ്പോയ നേതാവാണ് ലീലാവതി. ഇടതുപക്ഷത്തോടൊപ്പം സഹകരിച്ച് പ്രവർത്തിച്ച നാളുകളിൽ ജനപക്ഷം നേതാവായ ലീലാവതി സ്വന്തം നാടായ ഉള്ള്യേരിയിലെ എൽ ഡി എഫ് പൊതുയോഗത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചു. തീർന്നില്ല രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ഹരിദാസിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മറ്റ് ബലിദാനികളെയും അവഹേളിച്ചു. കാലം കടന്നുപോയി ജനപക്ഷം പിരിച്ചുവിട്ടതോടെ ലീലാവതി ബിജെപിയിൽ തിരിച്ചെത്തി.

എന്നാൽ വലിയ സ്ഥാനമൊന്നും ലഭിക്കാതെ ഇരിക്കുമ്പോഴാണ് ശ്രീധരൻ പിള്ള പ്രസിഡന്റായതോടെ ഇവരെ സംസ്ഥാന സെക്രട്ടറിയായ നിയമിച്ചത്. ഇതോടെയാണ് പ്രദേശത്തെ പാർട്ടി പ്രവർത്തകരും ഹരിദാസന്റെ മകനും പരസ്യമായി ഇവർക്കെതിരെ രംഗത്തെത്തിയത്. ഇവർക്കെതിരെ പ്രദേശത്ത് വ്യാപകമായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

'ലീലാവതി എന്ന സ്ത്രീയെ പാർട്ടി സംസ്ഥാന ഭാരവാഹിയാക്കിയത് എനിക്കും എന്റെ നാട്ടുകാർക്കും എന്റെ അച്ഛനെ അറിയുന്ന പാർട്ടി പ്രവർത്തകർക്കും ഉൾക്കൊള്ളാനാവില്ല. അച്ഛനെ മാത്രമല്ല എല്ലാ ബലിദാനികളെയും അപമാനിച്ചവരാണ് ലീലാവതി. അച്ഛനെ അവഹേളിച്ചുകൊണ്ട് ഉള്ള്യേരിയിലെ പൊതുയോഗത്തിൽ അവർ നടത്തിയ പ്രസംഗത്തിന്റെ ഭാഗം ഇപ്പോൾ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ഉത്സാഹം കാട്ടിയവർ ഒന്ന് കേട്ടുനോക്കണം'- ഹരിദാസന്റെ മകൻ പറയുന്നു. ഇങ്ങനെ മുന്നോട്ട് പോയാൽ ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

ലീലാവതിയുടെ നാടായ ഉള്ള്യേരിയിലും ഹരിദാസന്റെ നാടായ പുത്തഞ്ചേരിയിലും സമീപ പ്രദേശങ്ങളായ ബാലുശ്ശേരി, അത്തോളി എന്നിവടങ്ങളിലാണ് ഇവർക്കെതിരെ പ്രതിഷേധം ശക്തമായിട്ടുള്ളത്. ആർഎസ്എസ് വിരുദ്ധർ ഇന്ന് പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളാകുമ്പോൾ ജയിൽവാസം അനുഭവിച്ചവരും മറ്റു പ്രസ്ഥാനങ്ങളുടെ പീഡനങ്ങളേറ്റവരും വിഡ്ഢികൾ, ആർ എസ് എസിന്റെ ധീര ബലിദാനിയെയും കുടുംബത്തെയും പൊതുവേദിയിൽ അപമാനിച്ച ലീലാവതിയെ സംസ്ഥാന സെക്രട്ടറി ആക്കിയ ബിജെപി സംസ്ഥാന നേതൃത്വം പിരിച്ചുവിടുക തുടങ്ങിയ കാര്യങ്ങളെഴുതിയ പോസ്റ്ററുകൾ പ്രദേശത്ത് സേവ് ബിജെപിയുടെ നേതൃത്വത്തിൽ വ്യാപകമായി പതിച്ചിട്ടുണ്ട്.

എന്നാൽ പാർട്ടിക്കാരല്ല പോസ്റ്ററുകൾ പതിച്ചതെന്ന നിലപാടിലാണ് ബിജെപി ജില്ലാ പ്രസിഡന്റ്. ഹരിദാസനെതിരെ ലീലാവതി സംസാരിച്ചതായി അറിയില്ലെന്ന പ്രസിഡന്റിന്റെ വാദത്തിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. ലീലാവതിയുടെ പരസ്യപ്രസംഗത്തെക്കുറിച്ച് അറിയാത്ത ആളല്ല ജില്ലാ പ്രസിഡന്റെന്ന് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ പറയുന്നു.ഇതിനിടയിലാണ് കോഴിക്കോട് തന്നെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശനെതിരെയും പ്രതിഷേധം ശക്തമായിട്ടുള്ളത്. പ്രദേശത്തെ പാർട്ടി അനുഭാവിയുടെ മകളും വൃക്കരോഗിയുമായ കുട്ടിക്ക് കേന്ദ്ര ഫണ്ട് വാങ്ങി നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോൾ രൂക്ഷമായിട്ടുള്ളത്.

വർഷങ്ങളായി ശ്രീശനോട് ബേപ്പൂരിലെ പ്രവർത്തകർക്ക് കടുത്ത അതൃപ്തിയുണ്ട്. ഇദ്ദേഹത്തിനതിരെ ബിജെപി ബേപ്പൂർ ഏരിയാ കമ്മിറ്റി ഇപ്പോൾ നേരിട്ട് രംഗത്തെത്തിക്കഴിഞ്ഞു. വൃക്ക രോഗിയായ കുട്ടിക്ക് കേന്ദ്ര സഹായമായി മൂന്ന് ലക്ഷം രൂപ കിട്ടുമെന്ന് പറഞ്ഞ് ബേപ്പൂരിലെ നേതാക്കൾ ജില്ലാ കമ്മിറ്റി വഴി സംസ്ഥാന കമ്മിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയ കാര്യം സംഘടനാ സെക്രട്ടറി കുട്ടിയുടെ വീട്ടിൽ അറിയിക്കുകയും ചെയ്തു. എന്നാൽ പ്രദേശത്തെ പാർട്ടി നേതൃത്വത്തോട് അകൽച്ചയുള്ള കെ പി ശ്രീശൻ കുട്ടിയെയും കൂട്ടിയെയും പിതാവിനെയും കൂട്ടി, റിച്ചാർഡ് ഹേ എം പിയെ കാണുകയും ഒരുലക്ഷം രൂപ അനുവദിപ്പിക്കുകയും ചെയ്യുകയായിരുന്നു. ബേപ്പൂരിലെ പാർട്ടിക്കാർ ചെയ്തത് ശരിയായ രീതിയിലുള്ള നടപടിക്രമങ്ങളല്ലെന്നും അങ്ങിനെ ചെയ്താലൊന്നും പണം കിട്ടില്ലെന്നും കുട്ടിയുടെ വീട്ടുകാരെ ധരിപ്പിക്കുകയും ചെയ്തു. തങ്ങളെ അപമാനിക്കുന്ന നടപടിയാണ് ഇതെന്നാണ് ബേപ്പൂരിലെ നേതൃത്വം വ്യക്തമാക്കുന്നത്.

തങ്ങളെ കഴിവില്ലാത്തവരും തട്ടിപ്പുകാരുമായി ചിത്രീകരിക്കുകയാണ് വൈസ് പ്രസിഡന്റ് ചെയ്തതെന്നും ഇവർ പറയുന്നു. ശരിയായ വഴിയിലൂടെ തന്നെയാണ് തങ്ങൾ നീങ്ങിയത്. കേന്ദ്രത്തിൽ നിന്ന് പണം പാസായി വരാൻ കുറച്ച് സമയം പിടിക്കും. മൂന്നു ലക്ഷം രൂപ ഇത്തരത്തിൽ ലഭിക്കുമെന്നരിക്കെ ഒരു ലക്ഷം രൂപ പാസാക്കുകയും തങ്ങളെ പ്രവർത്തകരുടെ മുന്നിൽ അപമാനിക്കാൻ അതിനെ ഉപയോഗിക്കുകയുമാണ് അദ്ദേഹം ചെയ്തതെന്നും ഇവർ പറയുന്നു. സംസ്ഥാന കമ്മിറ്റിയ്ക് പരാതിയും നൽകിയിട്ടുണ്ട് ഏരിയാ കമ്മിറ്റി.

സ്ഥലത്തുണ്ടെങ്കിലും പ്രദേശത്തെ പാർട്ടി പരിപാടികളിലൊന്നും പങ്കെടുക്കാതെ ധനകാര്യ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്നയാളാണ് ശ്രീശനെന്നും ഇവർ പറയുന്നു. ബിജെപിക്ക് മൂന്ന് കൗൺസിലർമാരുള്ള പ്രദേശത്ത് പ്രളയത്തെത്തുടർന്ന് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചപ്പോൾ വിവരം അറിയിച്ചിട്ടുപോലും അവിടെയൊന്നും വരാൻ അദ്ദേഹം തയ്യാറായില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.