ന്റർനെറ്റ് വേഗത വർധിപ്പിക്കുവാൻ ലക്ഷ്യമിട്ട് ആഴക്കടൽ കേബിൾ ശൃംഖല നിർമ്മിക്കുന്ന ഖത്തറിനെ അനേകം സുവർണ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് വേഗതയുള്ള രാജ്യമെന്ന നേട്ടം ഖത്തറിന് സ്വന്തമാകും. കൂടാതെ ലോകത്തെ പ്രധാന ഇന്റർനെറ്റ് ഹബ്ബുകളുമായി ബന്ധിപ്പിക്കുവാനും സാധിക്കും. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ ഇന്റർനെറ്റ് ഹബ്ബുകളുമായാണ് ഖത്തറിനെ ബന്ധിപ്പിക്കുക. 25,000 കിലോമീറ്റർ നീളമുള്ള സബ്മറൈൻ കേബിൾ ദൈർഘ്യത്തിൽ ലോകത്തിൽ മൂന്നാമത്തേതും വേഗത്തിൽ മുൻനിരയിലുള്ളതുമാണ് ഖത്തറിൽ പ്രാവർത്തികമാകുന്നത്.

പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു. നിർമ്മാനണത്തിന് ഉപയോഗിക്കുന്ന എഎഇ1 കേബിളിന്റെ ഭാഗം കഴിഞ്ഞ ദിവസം സിമൈസ്മ ബീച്ചിൽ എത്തിച്ചു. ഇന്റർനെറ്റ് സേവനദാതാക്കളായ ഉറീഡുവും മറ്റു 16 രാജ്യാന്തര ഇന്റർനെറ്റ് കമ്പനികളും അടങ്ങുന്ന ഉന്നതസംഘം ആഴക്കടലിൽ കേബിളിടുന്നത് നിരീക്ഷിക്കുവാനായെത്തി.

അൽദായീനിലുള്ള അൽഖീസ കേബിൾ ലാൻഡിങ് സ്റ്റേഷനുമായി ആഴക്കടൽ കേബിളിനെ ബന്ധിപ്പിക്കുന്ന ജോലികളും യൂറോപ്പുമായി ബന്ധിപ്പിക്കുന്ന മറ്റൊരു ആഴക്കടൽ കേബിളിങ് ജോലികളുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ വർഷം അവസാനത്തോടെ കേബിളിങ് ജോലികൾ പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിർമ്മാണം പൂർത്തിയാകുന്നതോടെ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമുള്ള ഇന്റർനെറ്റ് വേഗത കൂടും. മാത്രമല്ല, ഖത്തറിൽ ഫൈവ് ജി സേവനം ലഭ്യമാക്കുന്നതിനും ആഴക്കടൽ കേബിളിലൂടെ കഴിയും.

ഇന്ത്യ, പാക്കിസ്ഥാൻ, ഫ്രാൻസ്, ഈജിപ്ത്, ഗ്രീസ്, ഇറ്റലി, സൗദിഅറേബ്യ, യുഎഇ, ഒമാൻ, യെമൻ, ജിബൂത്തി, തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, വിയറ്റ്നാം, കംബോഡിയ എന്നിങ്ങനെ 17 രാജ്യങ്ങളിലെ ഇന്റർനെറ്റ് ഹബ്ബുകളുമായി ഖത്തറിനെ അതിവേഗത്തിൽ ബന്ധിപ്പിക്കുന്ന ഈ കേബിൾ ശൃംഖലാ പദ്ധതിയെ വൻ പ്രതീക്ഷയോടെയാണ് ഖത്തർ ഉറ്റുനോക്കുന്നത്.