സൗജന്യ ഇന്റർനെറ്റ് കോളുകൾ നിരോധിക്കുമെന്ന വാർത്ത കേട്ട് ആശങ്കയിലായിരുന്ന മലയാളികൾക്ക് ആശ്വസിക്കാം. സൗജന്യ വോയ്‌സ്, വീഡിയോ കോളുകൾക്കുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ സൗദി അറേബ്യയിൽ നിരോധിക്കില്ലെന്ന് സൗദി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ അറിയിച്ചതോടെയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമായത്.

ടെലിഫോണിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെ സൗജന്യ ആപ്ലിക്കേഷനുകൾ നിരോധിക്കുന്നതിന് ടെലികോം കമ്പനികൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കമ്മീഷന്റെ വിശദീകരണം.

സ്‌കൈപ്പ്, വാട്‌സ് ആപ്പ്, ഇമോ തുടങ്ങിയ സൗജന്യ ഇന്റർനെറ്റ് ഫോൺ കോൾ സേവനം നൽകുന്ന ആപ്ലിക്കേഷനുകൾ സൗദി അറേബ്യയിൽ നിരോധിക്കില്ലെന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ ആണ് അറിയിച്ചത്. രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്ക് മുഴുവൻ സേവനങ്ങളും നൽകണമെന്നും ടെലികോം കമ്പനികൾ ഗുണമേന്മയുള്ള സേവനങ്ങൾ മിതമായ നിരക്കിൽ നൽകുന്നത് ഉറപ്പുവരുത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി.

ഇന്റർനെറ്റ് ഫോൺ ആപ്ലിക്കേഷനുകൾ വിലക്കുന്നതിന് രാജ്യത്തെ ടെലികോം കമ്പനികൾ ഒരുമിച്ച് നീക്കം നടത്തിയിരുന്നു. എന്നാൽ ഈ മോഹത്തിന് തിരിച്ചടിയായിരിക്കുകയാണ്.