ലോകം ഇപ്പോൾ സഞ്ചരിക്കുന്നത് ഇന്റർനെറ്റിലൂടെയാണ്. എന്തിനും ഏതിനും വിവരസാങ്കേതിക വിദ്യയെ പുൽകുന്ന ലോകത്തിന് എത്രനാൾ ഇതേ രീതിയിൽ മുന്നേറാനാകും. ടുജിയിൽനിന്ന് ത്രീജിയിലേക്കും ഫോർജിയിലേക്കും ലോകം മാറിയെങ്കിലും ഇന്റർനെറ്റിനും ഒരു പരിധിയുണ്ടാവില്ലേ? ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇന്റർനെറ്റ് അതിന്റെ പരിധിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. വെറും എട്ടുവർഷം കൂടിമാത്രമേ അതിന് വേണ്ടിവരൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആവശ്യകതയേറിയതോടെയാണ് ഇന്റർനെറ്റിന്റെ കപ്പാസിറ്റി കുറയാൻ തുടങ്ങിയത്. ഇന്റർനെറ്റ് ടെലിവിഷന്റെയും വെബ് സ്ട്രീമിങ്ങിന്റെയും തിരക്കേറിയതും കമ്പ്യൂട്ടറുകളുടെ ശേഷി വർധിച്ചതും സ്മാർട്ട് ഫോണുകൾ വ്യാപകമായതും കൂടുതൽ കാര്യങ്ങളും ഇന്റർനെറ്റ് ഡാറ്റയെ ആശ്രയിക്കാൻ തുടങ്ങിയതുമൊക്കെയാണ് വെബ് ലോകത്തെ ഈ പ്രതിസന്ധിയിലേക്ക് നയിച്ചത്.

ഫൈബർ ഒപ്ടിക്കൽ കേബിളുകളിലൂടെയാണ് ഇന്റർനെറ്റ് തരംഗങ്ങൾ കമ്പ്യൂട്ടറുകളിലേക്കും ലാപ്‌ടോപ്പുകളിലേക്കും സ്മാർട്ട്‌ഫോണുകളിലേക്കുമൊക്കെ എത്തുന്നത്. ഈ കേബിളുകളിലൂടെ പ്രസരിപ്പിക്കാവുന്ന ഡാറ്റ അതിന്റെ പരിധിയിലെത്തിക്കഴിഞ്ഞുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എട്ടുവർഷം കൂടിയേ ഇപ്പോഴത്തെ നിലയിൽ ഫൈബർ ഒപ്ടിക്‌സിലൂടെ ഇന്റർനെറ്റ് പ്രവർത്തിക്കൂ.

കഴിഞ്ഞ ഒരു ദശകത്തിനിടെയാണ് ഇന്റർനെറ്റിന് ഇത്രയേറെ തിരക്കുപിടിച്ചത്. പത്തുവർഷത്തിനിടെ ഇന്റർനെറ്റിന്റെ വേഗത 50 മടങ്ങെങ്കിലും വർധിച്ചിട്ടുണ്ട്. കൂടുതൽ ഫൈബർ ഒപ്ടിക്കൽ കേബിളുകൾ സ്ഥാപിക്കുകയെന്നതാണ് പ്രതിസന്ധിയെ നേരിടാനുള്ള ഒരു മാർഗം. എന്നാൽ, അതിന് ചെലവേറുമെന്നതിനാൽ, വരുംകാലത്ത് ഇന്റർനെറ്റ് ഉപയോഗവും ഭാരിച്ച ചെലവുള്ള ഏർപ്പാടാകും. 

വൈദ്യുതി ഉപഭോഗവും ഇതേ സമയം മറ്റൊരു പ്രതിസന്ധിയിലേക്ക് മുന്നേറുകയാണ്. ഇന്റർനെറ്റ് ഉപയോഗത്തിനുവേണ്ടി മുഴവൻ വൈദ്യുതിയും ഉപയോഗിക്കുന്ന കാലം 20 വർഷത്തിനുള്ളിൽ ബ്രിട്ടനിൽ സംജാതമാകുമെന്ന് പ്രൊഫസ്സർ ആൻഡ്രു എല്ലിസ് പറയുന്നു. ഈ പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്ന് ചർച്ച ചെയ്യാൻ ബ്രിട്ടനിലെ റോയൽ സൊസൈറ്റി മെയ് 11-ന് യോഗം ചേരുന്നുണ്ട്.