കോഴിക്കോട്: സാമ്പത്തിക തട്ടിപ്പു കേസിൽ മലയാളികൾ ഉൾപ്പെടുന്ന സംഭവം ആദ്യമായല്ല. പലപ്പോഴും വിദേശ നാടുകളിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തി മുങ്ങുന്ന മലയാളികൾ പലപ്പോഴും നാട്ടിൽ സുഖിമാന്മാരായി കഴിയുകയാണ് പതിവ്. എന്നാൽ, ഇത്തരം കുറ്റവാളികളെ പിടിക്കാൻ വേണ്ടി പൊലീസ് കൂടുതലായി ഇന്റർപോളിന്റെ സഹായം തേടാറുമുണ്ട്. ഇങ്ങനെ പുതിയ കണക്കുകൾ പ്രകാരം വിവിധ തട്ടിപ്പുകേസുകളിൽ പെട്ട് ഇന്റർപോൾ പുറത്തുവിട്ട ലുക്കൗട്ട് നോ്ട്ടീസിൽ വനിത ഉൾപ്പെടെ ആറ് വനിതകളാണ് ഉൾപ്പെട്ടിരിക്കുന്നത്.

തട്ടിക്കൊണ്ടുപോകൽ, വഞ്ചന, സാമ്പത്തിക തട്ടിപ്പ് എന്നിവയിലെല്ലാം മലയാളികൾ ഉൾപ്പെട്ടിട്ടുള്ളതായി പട്ടിക വ്യക്തമാക്കുന്നു. വിദേശ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ പുറത്തുവിട്ട പട്ടികയിൽ 90 ഇന്ത്യാക്കാർ റെഡ് നോട്ടീസ് നേരിടുകയാണ്. ഇന്റർപോൾ പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവരുടെ വിവരം നൽകാൻ ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തിന് നിർദ്ദേശം നൽകി.

തട്ടിക്കൊണ്ടു പോകലിന് അമേരിക്ക തെരയുന്നത് 45 കാരിയായ ശ്രീലതാ നായരെയാണ്. 24 കാരനായ പൊണ്ണോർ ശശി, 54 കാരനായ നൂറുദ്ദീൻ ചുണ്ടുകുന്നുമ്മേൽ എന്നിവരെ വഞ്ചനാകുറ്റത്തിന് യുഎഇ തെരയുന്നു. 57 കാരനായ കൊച്ചോംചേരി മൊഹമ്മദിനെ വഞ്ചനാകുറ്റത്തിന് ഖത്തറും വിശ്വാസ വഞ്ചനയ്ക്ക് 66 കാരനായ അബ്ദുൾ കരീം കൂർമുള്ളത്തെ ഒമാനും വഞ്ചനാ കുറ്റത്തിന് 51 കാരനായ തിരുവനന്തപുരം സ്വദേശി അംബി കൃഷ്ണനെ അഫ്ഗാനിസ്ഥാനും തെരയുകയാണ്. ഇന്റർപോളിന് വേണ്ടി സിബിഐയാണ് ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.

കേരളത്തിൽ നിന്നും അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട ഇവരെ തെരയാനും വിവരം ശേഖരിക്കാനും പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. 2001 നും 2010 നും ഇടയിൽ 830 ഇന്ത്യാക്കാർക്കെതിരേ ഇന്റർപോൾ റെഡ്‌കോർണർ നോട്ടീസ് പുറത്തുവിട്ടിട്ടുണ്ടെന്നാണ് നാഷണൽ സെൻട്രൽ ബ്യൂറോ ഓഫ് ഇന്ത്യ (എൻസിബിഐ) യുടെ കണക്കുകൾ. നിലവിൽ ഇന്ത്യൻ ഏജൻസി തയ്‌യാറാക്കിയ പട്ടികയിൽ 670 പേരുകളും ഉൾപ്പെട്ടിട്ടുണ്ട്. 2008 ൽ സന്തോഷ് മാധവനെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇന്റർപോൾ ഉൾപ്പെടുത്തിയിരുന്നു.